2020, ഓഗസ്റ്റ് 30, ഞായറാഴ്‌ച

കുഞ്ഞോന്റെ പ്രണയം 😊

 


കുഞ്ഞോനെ കുറിച്ചു പറയുകയാണെങ്കിൽ പരോപകാരി സുന്ദരൻ സുമുഖൻ നന്നായി ഡ്രസ്സ്‌ ചെയ്ത് മാത്രം ഇറങ്ങുന്നവൻ,  പഠിത്തം കഴിഞ്ഞു തേരാപാര നടക്കുന്നു. ആരെന്താവശ്യത്തിന് വിളിച്ചാലും കുഞ്ഞോൻ അവരുടെ കൂടെ പോകും.അവരുടെ പ്രശ്നങ്ങൾ തന്റെ കൂടി പ്രശ്നങ്ങളായി കണക്കാക്കി വേണ്ടത് ചെയ്യാൻ ശ്രമിക്കും. വേലയും കൂലിയും ഇല്ലാതെ നടക്കുന്നവൻ എന്നതൊഴിച്ചാൽ അധികം കുറ്റങ്ങളൊന്നും നാട്ടുകാർക്ക് കുഞ്ഞോനെ കുറിച്ച് പറയാനില്ല. 


ഒന്നുരണ്ടു വിഷമങ്ങൾ  മാത്രമായിരുന്നു കുഞ്ഞോനെ അലട്ടിയിരുന്നത്. സൽമാൻ ഖാൻറെ ബോഡി പോലെയാണ് ശരീരമെങ്കിലും അഞ്ചരയടിക്കടുത്തെ തനിക്ക് ഉയരമുള്ളുവെന്നതായിരുന്നു ഒരു വിഷമം രണ്ടാമത്തേതാകട്ടെ  ഇതുവരെയായിട്ടും ഒന്ന് പ്രേമിക്കാൻ ആരെയും കിട്ടിയില്ല എന്നതായിരുന്നു. ഉയരവും പ്രേമവും തമ്മിൽ എന്തോ കണക്ഷൻ ഉണ്ടൊന്നുള്ള സംശയം മൂപ്പരെ വല്ലാതെ അലട്ടിയിരുന്നു.


അങ്ങനെ യിരിക്കെ നാട്ടിൽ കുഞ്ഞോന്റെ വീടിന്റെ ഏകദേശമടുത്ത്  പുതിയ താമസക്കാർ വന്നു.ഗൾഫ് ഫാമിലിയാണ്. അവിടുത്തെ പെൺകുട്ടിയെ കുഞ്ഞോന് വല്ലാത്ത ഇഷ്ടായി. പിന്നെ എന്നും ആ വഴിക്കായി സഞ്ചാരം. വെറുതെ അതിലൂടെ ചുറ്റിക്കറങ്ങുക എന്നത് ദിനചര്യയാക്കി. ചുറ്റുമതിലൊന്നും കാര്യായിട്ടില്ലാത്തത് കൊണ്ട് എപ്പോ പോയാലും അവൾ മുറ്റത്തോ അടുക്കള ഭാഗത്തോ ഉണ്ടാകാറുണ്ട്. അങ്ങനെ ഒന്ന് കാണുന്നത് തന്നെ കുഞ്ഞോനെ സംബന്ധിച്ച് വല്ലാത്ത അനുഭൂതിയായിരുന്നു. 


ദിവസങ്ങൾ കഴിഞ്ഞു കുഞ്ഞോൻറെ ദിനചര്യ തുടർന്ന് കൊണ്ടേയിരുന്നു.വീട്ടുകാരുമായി കാണുമ്പോൾ വല്ലതും സംസാരിക്കും എന്നതൊഴിച്ചാൽ കൂടുതലൊന്നും പറയാനോ അവരുമായി ചെങ്ങാത്തത്തിലാകാനോ കുഞ്ഞോന് കഴിഞ്ഞിരുന്നില്ല. അല്ലെങ്കിലും കുഞ്ഞോൻ  അങ്ങനെത്തെ കാര്യങ്ങളിലൊക്കെ കുറച്ചു പിറകിലാണ്. അത് കൊണ്ട് കുട്ടിയോട് തന്റെ പ്രണയത്തിന്റെ സൂചനപോലും കൊടുക്കാൻ  കഴിഞ്ഞിരുന്നില്ല. പെണ്ണിന് കാര്യം മനസിലായില്ലെങ്കിലും നാട്ടിലുള്ള പലർക്കും കുഞ്ഞൊന്റെ ഈ  ചുറ്റിക്കളിയെ കുറിച്ച് ഏതാണ്ടൊക്കെ അറിയുമായിരുന്നു. 


ആയിടക്കാണ് പെണ്ണിന്റെ ബാപ്പ ഗൾഫീന്ന് വന്നത്.അതിൽ പിന്നെ വളരെ ശ്രദ്ധിച്ചായിരുന്നു പോക്കും വരവുമൊക്കെ.  എങ്ങനെയൊക്കെയോ ബാപ്പാന്റെ കാതിൽ ഈ വിവരമെത്തി. 


ഒരുദിവസം അവിചാരിതമായി കുഞ്ഞോൻ പെണ്ണിന്റെ വാപ്പാന്റെ മുന്നിൽ പെട്ടു. ആൾ സാധാരണ കുശലാന്വേഷണം മാത്രമാണ് നടത്തിയത്. സംസാരതിന്റിടയിൽ കുഞ്ഞോനോട്‌ ചോദിച്ചു.. 


അല്ല കുഞ്ഞോനെ അനക്കെന്താ പണി.. 


പ്രത്യേകിച്ച് പണിയൊന്നും ഇല്ലങ്കിലും തന്റെ കൂട്ടുകാരൻ പോകുന്ന കൊച്ചിയിലെ പണിക്ക് ജോയിൻ ചെയ്യുന്നതിനെ  കുറിച്ചു തള്ളിവിട്ടു.  ഇടക്ക് അവന്റെ കൂടെ പോയി പരിചയമുണ്ട്. 


ഇജ്ജ് കാണാനൊന്നും കുഴപ്പല്യല്ലോ....അന്റെ ഹൈറ്റ് എത്രെണ്.. 


എന്തിനാ ആൾ ഹൈറ്റ് ചോദിക്കുന്നതെന്ന് കുഞ്ഞോന് മനസിലായില്ല.. 


ഇനി വല്ല കല്യാണാലോചനക്കാണോ.


ആകെ കൺഫ്യുഷനിലായ കുഞ്ഞോൻ ഇനി അങ്ങനെയാണെങ്കിൽ ഹൈറ്റിന്റെ പേരിൽ പ്രശ്നം വരേണ്ട എന്ന് വിചാരിച്ചു രണ്ടിഞ്ച് കൂട്ടി പറഞ്ഞു. 


അതങ്ങനെ പോയി.. 

അന്ന് രാത്രി കുഞ്ഞോൻക്ക് ഉറക്കം വന്നില്ല.. 


ഈ കാര്യങ്ങൾ തന്റെ ആത്മസുഹൃത്തിനോട് ഫോണിൽ പറഞ്ഞു. 


എല്ലാം കേട്ട സുഹൃത്ത് കുഞ്ഞോനോട് പറഞ്ഞു.. 


ഒരു സംശയവും വേണ്ട.. ഇതത് തന്നെ.. 


ഇജ്ജൊരു കാര്യം ചെയ്യ്.. നാളെ എന്റെ കൂടെ കൊച്ചിയിലേക്ക് വായോ.. 


അവിടെ പണി നോക്കുന്നുണ്ട് എന്ന് പറഞ്ഞ സ്ഥിതിക്ക് അവർക്കുമൊന്ന് വിശ്വാസമായിക്കോട്ടെ.


പറ്റാണെങ്കിൽ മ്മക്ക് എന്തെങ്കിലും ഒരു പണിയും അവിടെ നോക്കാം.. 


കുഞ്ഞോന് പെരുത്ത് സന്തോഷമായി.


മൂപ്പർ സുഖായി കിടന്നുറങ്ങി. 


പിറ്റേ ദിവസം വീട്ടിൽ പറഞ്ഞു നേരെ കൊച്ചിയിലേക്ക് വിട്ടു.. 


മൂന്നാല് ദിവസം.. അവിടെ കൂടി.. ഒന്ന് രണ്ട് പണിക്ക് ശ്രമിച്ചെങ്കിലും നടന്നില്ല.. 

 

ഏതായാലും പണി ശരിയായില്ലെങ്കിലും.. അവളുടെ ഉപ്പ പോണത് വരെ ഇടക്ക് കൊച്ചി ട്രിപ്പ് അടിക്കാം എന്ന് മനസ്സിൽ വിചാരിച്ചു.. 


നാല് ദിവസത്തിന് ശേഷം നാട്ടിലെത്തി വീട്ടിലേക്ക് അവളുടെ വീടിനടുത്തുള്ള വഴിയിലൂടെ പോകാമെന്നു തീരുമാനിച്ചു നേരെ നടന്നു. അവളുടെ വാപ്പാനെ കാണാണെങ്കിൽ മൂപ്പർക്ക് വല്യ വിശ്വാസവും ആവും. 


ഒരുപാട് കണക്ക് കൂട്ടലുകൾ കൂട്ടിയാണ് കുഞ്ഞോൻ അവളുടെ വീടിനടുത്തെത്തിയത്. 


അവിടുത്തെ കാഴ്ച്ച കണ്ടു കുഞ്ഞോൻ ആകെ അമ്പരന്നു. അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് എന്തിനാണ് ഓളെ ബാപ്പ തന്നോട് ഹൈറ്റ് ചോദിച്ചതെന്ന് കുഞ്ഞോന് പിടികിട്ടിയത്. 


ഓളെ വീട്ടിനു മുൻപിൽ ആറടിയോളം പൊക്കത്തിൽ മതിൽ കെട്ടിയിരിക്കുന്നു. 


കാല് പൊക്കി നോക്കിയിട്ടും വീട്ടിലെയോ മുറ്റത്തെയോ കാഴ്ച്ചകൾ കാണാൻ കുഞ്ഞോന് കഴിയുമായിരുന്നില്ല. 


ആകെ ഭ്രാന്ത്‌ പിടിച്ച കുഞ്ഞോൻ മനസിലോർത്തു ഇതിനായിരുന്നെങ്കിൽ ഹൈറ്റ് രണ്ടിഞ്ച് കുറച്ചു പറഞ്ഞാൽ മതിയായിരുന്നു. 

കൂട്ടി പറഞ്ഞത് കാരണമാണ് ഇപ്പൊ ഒന്നും കാണാൻ പറ്റാതാക്കിയത്.. 

 ഹറാം പിറന്ന കാക്ക ങ്ങനത്തെ പണി തരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. .. 😊


2019, ഓഗസ്റ്റ് 17, ശനിയാഴ്‌ച

ദുരിതബാധിതർക്കൊരു കൈത്താങ്ങ്...

പ്രളയ ബാധിതരെ സഹായിക്കാൻ നരിക്കുളത്തെ ഒരു പറ്റം യുവാക്കൾ മുന്നിട്ടിറങ്ങിയിരിക്കുകയാണ്.
പ്രദേശവാസികളുടെയെല്ലാം അകമഴിഞ്ഞ പിന്തുണയും സഹകരണവും കൂടിയായപ്പോൾ
ഇരുന്നൂറോളം കുടുംബങ്ങൾക്കുള്ള കിറ്റുകളാണ് രണ്ട് ദിവസത്തിനുള്ളിൽ
സമാഹരിക്കാനായത്.
കളക്ഷൻ മുതൽ ലോഡിങ് വരെ എല്ലാ പ്രവർത്തനങ്ങളിലും മുതിർന്നവരും കുട്ടികളും ഒരു പോലെ പങ്കാളികളായിരുന്നു. ഇത്തരം കൂട്ടായ്മകളാണ് ഒരു നാടിന്റെ കരുത്ത്. സഹായങ്ങൾ അർഹതപെട്ടവർക്ക് എത്തിക്കുന്നതിലൂടെ
ഒരു നാടിന്റെ സ്നേഹവും നന്മയും കൂടിയാണ് ഷെയർ ചെയ്യപ്പെടുന്നത്.




























2014, ജൂലൈ 29, ചൊവ്വാഴ്ച

പ്രവാസത്തിലെ നൊമ്പരങ്ങള്‍


അബുദാബിയില്‍ സുഹ്രുത്തിന്‍റെയടുത്ത് പോയി മടങ്ങി വരുന്ന വഴി ബസില്‍ വെച്ചാണ് കോഴിക്കോട് സ്വദേശി മുഹമ്മദ്ക്കയെ ഞാന്‍ പരിചയപെട്ടത്. അബുദാബി ബസ്റ്റാന്‍റില്‍ എന്നെ ഡ്രോപ്പ് ചെയ്ത് സുഹ്രുത്ത് മടങ്ങിപോയി. ദുബായിലേക്കുള്ള ടിക്കറ്റെടുത്ത് ബസില്‍ കയറിയപ്പോള്‍ സീറ്റുകള്‍ മിക്കതും കാലിയായിരുന്നു.അതുകൊണ്ട് തന്നെ ഇരിക്കാന്‍ സൈഡ് സീറ്റ് തേടി അധികം അലയേണ്ടി വന്നില്ല.ബസ്സില്‍ സൈഡ് സീറ്റിലിരുന്ന് യാത്ര ചെയ്യല്‍ പണ്ട് മുതലെ എനിക്കൊരുപാട് ഇഷ്ടമുള്ള കാര്യമായിരുന്നു.രണ്ട് മണിക്കൂറ് പിടിക്കും ദുബൈലെത്താന്‍.,ഹെഡ്സെറ്റെടുക്കാന്‍ മറന്നത് കൊണ്ട് മൊബൈലില്‍ പാട്ടുകേള്‍ക്കാനും വഴിയില്ല.ഇനി ഉറക്കം തന്നെ ശരണം എന്ന് വിചാരിച്ച് കണ്ണടച്ചിരുന്നു ചെറുതായൊന്ന് മയങ്ങി. കണ്ണ് തുറന്നപ്പോള്‍ ബസ് ഓടികൊണ്ടിരിക്കുകയാണ്. സീറ്റുകളെല്ലാം ഫുള്ളായിരിക്കുന്നു.പത്തമ്പത് വയസ് തോന്നിക്കുന്ന ഒരാള്‍ എന്‍റെ തൊട്ടടുത്തിരിക്കുന്നു.മലയാളിയാണ് അരോടോ ഫോണില്‍ സംസാരിക്കുന്നുണ്ടായിരുന്നു.വല്ലതും സംസാരിച്ച് പോകാമെന്ന് വിചാരിച്ച് നോക്കിയപ്പോള്‍ ആളല്പ്പം ഗൗരവത്തിലാണെന്ന് തോന്നി.പിന്നെ ഞാനൊന്നും മിണ്ടാന്‍ നിന്നില്ല.വീണ്ടും കണ്ണടച്ചിരുന്നു.ഫോണ്‍ റിംഗ് ചെയ്യുന്നത് കേട്ടാണ് കണ്ണ് തുറന്നത്.ദുബായില്‍ നിന്ന് കുട്ടിക്കയായിരുന്നു. ഞങ്ങടെ കമ്പനിയിലെ കുക്കാണ് കുട്ടിക്ക എന്ന ബീരാന്‍ കുട്ടിക്ക.എന്നെപ്പോലെ മലപ്പുറത്തുകാരന്‍.........,ദുബായില്‍ വന്നിട്ടും നാട്ടിലെ ഭക്ഷണത്തിന്‍റെ രുചി പൂര്‍ണമായും നാവില്‍ നിന്നും പോകാതിരിക്കാന്‍ കാരണം കുട്ടിക്കയുടെ പാചകം തന്നെയായിരുന്നു.അതുകൊണ്ട് തന്നെ എവിടെപോയാലും മിക്കവാറും റൂമില്‍ പോയേ ഭക്ഷണം കഴിക്കാറുള്ളു.ഞാന്‍ ഉച്ചക്ക് ഭക്ഷണത്തിനുണ്ടാകുമോ എന്നറിയാന്‍ വിളിച്ചതാണ്.ഇന്നലെ പോന്നതായിരുന്നല്ലൊ.എന്താ സ്പെഷലെന്ന് ചുമ്മാ ചോദിച്ചു.എന്തായാലും അവിടെപോയിട്ടെ ഭക്ഷണം കഴിക്കുകയുള്ളുവെന്ന് മുന്നേ തീരുമാനിച്ചതാണ്. എന്നാലും സാമ്പാറും രസവുമെല്ലാം ഉണ്ടെന്നറിഞ്ഞപ്പോള്‍ ഒന്നു കൂടി ഉല്‍സാഹം കൂടി.നോണ്‍ വെജിനേക്കാള്‍ എനിക്കേറെ പ്രിയം വെജിനോടാണ്. ഉച്ചയാകുമ്പോഴേക്കും അങ്ങോട്ടെത്തുമെന്ന് പറഞ്ഞ് ഫോണ്‍ കട്ടാക്കി.

 പുറത്ത് ചെറിയതോതില്‍ പൊടിക്കാറ്റുണ്ട്. ഞാന്‍ തിരിഞ്ഞ് അടുത്തിരിക്കുന്നയാളെയൊന്ന് നോക്കി. ആളെന്തോ ആലോചനയിലാണെന്ന് തോന്നി.രണ്ടും കല്പ്പിച്ച് പരിചയപ്പെടാന്‍ തന്നെ തീരുമാനിച്ചു.സംസാരിക്കാന്‍ ഇഷ്ടമില്ലാത്തയാളാണെങ്കില്‍ ഒഴിവാക്കാം.അല്ലെങ്കില്‍ ദുബൈ വരെ വല്ലതും പറഞ്ഞിരിക്കാമല്ലൊ.

നാട്ടിലെവിടെയാ വീട്?  എന്‍റെ ചോദ്യം കേട്ട് അയാളെന്നെനോക്കിയൊന്ന് ചിരിച്ചു.പിന്നെ പറഞ്ഞു.
കോഴിക്കോട്, മുഹമ്മദ്ന്നാ പേര്,,
 നാട് ചോദിച്ചപ്പോള്‍ പേരും കൂടെ പറഞ്ഞപ്പോള്‍ തന്നെ ആളൊരു സംസാരപ്രിയനാണെന്നെനിക്ക് തോന്നി.സംസാരിച്ച് തുടങ്ങിയപ്പോ തന്നെ ആളൊരു നാടന്‍ കാക്കയാണെന്ന് മനസ്സിലായി.കേള്‍ക്കാന്‍ ഇമ്പമുള്ള സംസാരം.
ദുബായില്‍ ഒരറബി വീട്ടില്‍ ഡ്രൈവറായി ജോലിനോക്കുകയാണ്.മുന്‍പേതൊ കമ്പനിയിലായിരുന്നു.അവിടുത്തെ ജോലി നഷ്ടപെട്ടപ്പോള്‍ തല്‍ക്കാലം കയറിയതാണവിടെ.മുപ്പതു വര്‍ഷത്തില്‍ കൂടുതലായി പ്രവാസിയായിട്ട്.ഞാന്‍ ജനിക്കുന്നതിനും മുന്‍പെ എത്തിയയാളാണ്.ഇതിനിടയില്‍ എന്‍റെ പേരും നാടുമെല്ലാം മുഹമ്മദ്ക്ക ചോദിച്ചറിഞ്ഞിരുന്നു.സംസാരത്തിനിടയില്‍ മുഹമ്മദ്ക്കാന്‍റെ ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങി.മുഖത്തെ സന്തോഷം കണ്ടപ്പോള്‍ തന്നെ നാട്ടില്‍ നിന്നാണെന്നെനിക്കു മനസ്സിലായി. കുറച്ചെന്തൊക്കെയോ സംസാരിച്ച്  റൂമിലെത്തിയിട്ടു വിളിക്കാമെന്ന് പറഞ്ഞ് ഫോണ്‍ കട്ടാക്കി  മുഹമ്മദ്ക്ക എന്നെ നോക്കി.ആ കണ്ണുകളല്പ്പം നിറഞ്ഞിരിക്കുന്നോ എന്നെനിക്കു തോന്നി,കുറച്ചുനേരം മൗനമായിട്ടിരുന്നിട്ട് എന്നോട് പറഞ്ഞു നാട്ടില്‍ നിന്നാണ് വിളിച്ചത് ഇന്നെന്‍റെ ചെറിയ മോളെ കല്യാണമാണ്,
ഒഹോ,,,പിന്നെന്താ നാട്ടില്‍ പോകാഞ്ഞത്,, ലീവ് കിട്ടിയില്ലെ,,, ഞാന്‍ കുറച്ചാശ്ചര്യത്തോടെയാണ് ചോദിച്ചത്,

മുഹമ്മദ്ക്ക എന്നെ നോക്കി ചെറുതായൊന്ന് മന്ദഹസിച്ചു,,  പിന്നെ പറഞ്ഞു,,, ലീവ് ചോദിച്ചാല്‍ കിട്ടുമായിരുന്നു,,പക്ഷെ ഇപ്പോള്‍ നാട്ടില്‍ പോക്ക് ഒരുപാട് സാമ്പത്തിക ബാധ്യതയുണ്ടാക്കും.പിന്നെ അവിടെയിപ്പോള്‍ എന്‍റെ സാനിധ്യത്തേക്കാള്‍ ആവശ്യം പണമാണ്.അതും കൂടി അറേഞ്ച് ചെയ്യാനാ ഞാന്‍ അബുദാബി വരെ പോയത്.പടച്ചോന്‍റെ ബറ്ക്കത്ത് കൊണ്ട് എല്ലാം ശരിയായി. പിന്നെ വീട്ടുകാരെ പറ്റി മുഹമ്മദ്ക്ക വാചാലനായി.
മൂന്ന് മക്കളാണ്.രണ്ട് പെണ്ണും ഒരാണും.മൂത്തമോളെ നേരത്തെ കല്യാണം കഴിപ്പിച്ചയച്ചു.അന്നും നാട്ടില്‍ പോക്ക് നടന്നില്ല.രണ്ടാമത്തെ മോളുടെ കല്യാണത്തിന് എങ്ങനെയും പോകണമെന്ന് വിചാരിച്ചതായിരുന്നു. അതിനിടയിലാണ് ജോലി നഷ്ടമായതും പുതിയ ജോലിയില്‍ കയറേണ്ടി വന്നതും.മോന്‍ ഒരു പ്രൈവെറ്റ് സ്കൂളില്‍ അധ്യാപകനാണ്.പി എസ് സി ഒക്കെയെഴുതിയിട്ടുണ്ട്.എവിടെങ്കിലും കിട്ടാതിരിക്കില്ല. ഏതായാലും ഒരുവര്‍ഷം കൂടി കഴിഞ്ഞാല്‍ ഈ പ്രവാസത്തിനൊരു വിരാമമിടാനാണ് തീരുമാനം.
എന്നാല്‍ മോനെ ഇങ്ങോട്ട് കൊടുന്നുകൂടെ എന്ന എന്‍റെ ചോദ്യത്തിന് മുഹമ്മദ്ക്കാന്‍റെ മറുപടി എന്നെ അതിശയിപ്പിച്ചു,,
എന്‍റെ ജീവിതത്തിന്‍റെ നല്ലൊരു ഭാഗം ഇവിടെ പോയി.എന്തിനാ വെറുതെ അവന്‍റെ ജീവിതവും ഈ മരുഭൂമിയില്‍ കളയുന്നത്.അവനോട് നാട്ടിലെവിടെങ്കിലും ജോലി നോക്കാന്‍ ഞാന്‍ പറഞ്ഞതാണ്.അവനും അതാണിഷ്ടം.പിന്നെ അവന് പ്രത്യേകിച്ച് പ്രാരാബ്ധങ്ങളൊന്നുമില്ലല്ലൊ,,
ഏതായാലും ഒരു വര്‍ഷം കൂടി ഇവിടെ നില്‍ക്കണം.പിന്നെ നാട്ടില്‍ പോയി കുറച്ച് കാലമെങ്കിലും കുടുംബത്തോടൊത്ത് കഴിയണം.വീടും കുറച്ചു സ്ഥലങ്ങളൊക്കെയുണ്ട്.മകന്‍റെ കല്യാണം നല്ലരീതിയില്‍ നടത്തണം.പടച്ചോന്‍റെ ഖുദ്റത്തുണ്ടെങ്കില്‍ എല്ലാം നടക്കും.
മുഹമ്മദ്ക്കാന്‍റെ മുഖത്ത് അതിന്‍റെ ആത്മവിശ്വാസം കാണുന്നുണ്ടായിരുന്നു.

സാധാരണ മക്കളെ ഏതുവിധേനയും ഗള്‍ഫിലോട്ട് കൊണ്ടുവന്ന് ജോലി ശരിയാക്കി നാട്ടില്‍ പോയി ശിഷ്ടകാലം കഴിയാനാണ് ഭൂരിപക്ഷ പ്രവാസി പിതാക്കളും വിചാരിക്കുന്നത്.മുഹമ്മദ്ക്ക അതില്‍ നിന്നെത്രയോ വിത്യസ്തന്‍...,എനിക്ക് അദ്ധേഹത്തിനോട് ചെറിയൊരാരാധന തോന്നി.

കയ്യിലെ കവറിനുള്ളില്‍ നിന്ന് കുറച്ച് ചോക്കളേറ്റുകളെടുത്ത് എനിക്ക് നേരെ നീട്ടി.
മോളെ കല്യാണായിട്ട് ചെങ്ങായിമാര്‍ക്ക് കൊടുക്കാന്‍ വാങ്ങിയതാണ്.
ഞാന്‍ ചോക്കളേറ്റെടുത്ത് ബാഗിനുള്ളില്‍ വച്ചു.എന്‍റെ മനസ്സിലും എന്തൊക്കെയോ മിന്നി മറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

ബര്‍ദുബായില്‍ ബസ്സിറങ്ങി.വെയിലിനു നല്ല ചൂടുണ്ട്.മുഹമ്മദ്ക്കയോട് യാത്രപറഞ്ഞ് മെട്രോസ്റ്റേഷന്‍ ലക്ഷ്യമാക്കി നടക്കുമ്പോള്‍ ഞാനൊന്ന് തിരിഞ്ഞു നോക്കി.ഒരു കയ്യില്‍ കവറും തൂക്കി തനിക്കു പോകാനുള്ള ബസ്സും നോക്കി മുഹമ്മദ്ക്ക നടക്കുകയാണ്.കയ്യിലെ തൂവാല കൊണ്ട് മുഖത്തേയും കഴുത്തിലേയും വിയര്‍പ്പ് അമര്‍ത്തി തുടക്കുന്നു.മുപ്പത് വര്‍ഷത്തിലേറെയുള്ള പ്രവാസജീവിതത്തിന്‍റെ പ്രതിഫലനം ആ നടത്തത്തില്‍ തെളിഞ്ഞു കാണാമായിരുന്നു.

ഞാന്‍ വാച്ചില്‍ നോക്കി.സമയം 11.30 കഴിഞ്ഞിരിക്കുന്നു.നാട്ടിലിപ്പോള്‍ കല്യാണത്തിന്‍റെ മേളമായിരിക്കും കുടുംബക്കാരും നാട്ടുകാരുമെല്ലാം ഒത്തു കൂടി സന്തോഷിക്കുമ്പോള്‍ അതിലേറെ സന്തോഷിക്കേണ്ട ആള്‍ കത്തുന്ന വെയിലില്‍ വിയര്‍ത്തൊലിച്ച് ഈ മരുഭൂമിയില്‍ നടക്കുന്നു.

പടച്ചോനെ,,, നാളെ ഞാനും,,, മനസ്സിലൊരു കാളല്‍,,,

വെയിലിന്‍റെ ചൂട് കൂടി വരികയാണ്,,റുമിലെത്താന്‍.. ഇനിയും ഒരു മണിക്കൂര്‍ പിടിക്കും.ബാഗ് തുറന്ന് ചോക്കളേറ്റുകളിലൊന്നെടുത്ത് റാപ്പര്‍ കളഞ്ഞ് വായിലേക്കിട്ടു.നല്ല മധുരമുള്ള ചോക്കലേറ്റ്.എന്തോ എനിക്കതില്‍ ചെറിയൊരു ഉപ്പുരസമനുഭവപെട്ടു.

ഒരു പ്രവാസിയുടെ കണ്ണുനീരിന്‍റെ ഉപ്പു രസം,,,

ഒരു ഇന്‍റര്‍‌വ്യു വീരഗാഥ,,,


എസ്.എസ്.എല്‍.സി ക്ലാസോടെ പാസായതില്‍ പിന്നെ നാട്ടിലും വീട്ടിലും കുറച്ചു കാലം ഞാന്‍ സ്റ്റാറായിരുന്നു.അന്ന് ഇന്നത്തെ പോലെയൊന്നു മായിരുന്നില്ല എസ്.എസ്.എല്‍.സി എന്നത് ഞങ്ങടെ നാട്ടിലെ പിള്ളാരെ സംബന്ധിച്ച് പലര്‍ക്കും ഒരു ബാലികേറാമല തന്നെയായിരുന്നു. എല്ലാവരുടേയും അഭിനന്ദനപ്രവാഹങ്ങള്‍ കൂടിയായപ്പോള്‍ എനിക്ക് രണ്ടിഞ്ജു പൊക്കം കൂടിയോ എന്നെനിക്കു തോന്നി.അവസാനം കണ്ണാടിയില്‍ പോയി നോക്കിയപ്പോഴാണ് എല്ലാം എന്‍റെ തോന്നലായിരുന്നെന്നും ഞാന്‍ അഞ്ജടി പോലും ഉയരമില്ലാത്ത മീശപോലും കിളര്‍ക്കാത്ത ആ പഴയ കോലത്തില്‍തന്നെയാണെന്നെനിക്കു മനസ്സിലായത്.ഏതായാലും അടുത്തുള്ള കോളേജുകളിലും പ്ലസ്ടുകളിലും പോയി അപേക്ഷ ഫോമുകള്‍ വാങ്ങികൊണ്ടു വന്നു.കോളേജുകളില്‍ പ്രീഡിഗ്രി പൂര്‍ണമായും വേര്‍പ്പെടുത്താന്‍ പോകുന്ന കാലംപുതുതായി സ്കൂളുകളില്‍ പ്ലസ്ടു വാണ് പകരം വന്നിരുന്നത്.അതുകൊണ്ടു തന്നെ പരിമിത സീറ്റുള്ള കോളേജുകളില്‍ എനിക്കു കിട്ടുമെന്നുറപ്പുണ്ടായിരുന്നില്ല.മാത്രമല്ല കോളേജിനേക്കാള്‍ നല്ലത് പ്ലസ്ടുവാണെന്നും പ്ലസ്ടു സയന്‍സ് ഗ്രൂപ്പെടുത്താല്‍ നിങ്ങള്‍ക്ക് എഞ്ജിനീയറോ ഡോക്ടറോ ആകാമെന്നും കോളേജുകളില്‍ ഫസ്റ്റ് ഗ്രൂപ്പോ സെക്കന്‍റ് ഗ്രൂപ്പോ എടുത്തു പഠിക്കുന്നവര്‍ക്ക് ഇതിലേതെങ്കിലും ഒന്നിനു മാത്രമേ ചേരാന്‍ കഴിയുകയുള്ളു  എന്നും പറഞ്ഞ ശ്രീകുമാരന്‍ മാഷിന്‍റെ വാക്കുകളും എനിക്കു പ്ലസ്ടു സയന്‍സ് ഗ്രൂപ്പെടുത്ത് പഠിക്കണമെന്ന മോഹം വര്‍ദ്ധിപ്പിച്ചു.
അതു കൊണ്ടൊക്കെ തന്നെ കൊടുത്ത ഫോമുകളിലെല്ലാം സയന്‍സ് ഗ്രൂപ്പാണ് ഫസ്റ്റ് ഓപ്ഷനായി കൊടുത്തത്.ഏകദേശം പത്തിരുപത് ദിവസങ്ങള്‍ക്കു ശേഷം രണ്ടിന്‍റര്‍‌വ്യൂ കാര്‍ഡുകള്‍ പോസ്റ്റ്മാന്‍ കൊണ്ടുവന്ന് തന്നപ്പോള്‍ ശരിക്കും ഞാന്‍ ത്രില്ലടിച്ചു.ഒന്ന് സയന്‍സ് ഗ്രൂപ്പിന് വെയ്റ്റിങ് ലിസ്റ്റില്‍ അടുത്തദിവസം രാവിലെ നടക്കുന്ന ഇന്‍റര്‍‌വ്യൂ വിന്‍റേയും മറ്റേത് രണ്ടു നാളുകള്‍ക്ക് ശേഷം നടക്കുന്ന കൊമേഴ്സ് ഗ്രൂപ്പിന്‍റെ ഷുവ‌ര്‍ ലിസ്റ്റിലേക്കുള്ള ഇന്‍റര്‍‌വ്യുവുമായിരുന്നു. പക്ഷേ എനിക്കു സയന്‍സ് ഗ്രൂപ്പില്‍ എങ്ങനെയെങ്കിലും കിട്ടിയാല്‍ മതിയെന്ന ചിന്തയാണ് ഉണ്ടായിരുന്നത്.

ഉമ്മാ,,,ഇന്‍റര്‍‌വ്യൂ കാര്‍ഡ് വന്നിരിക്കുന്നു നാളെ ഇന്‍റര്‍‌വ്യൂവുണ്ട്.ഞാന്‍ ഇന്‍റര്‍‌വ്യു കാര്‍ഡെടുത്ത് ഉമ്മാനെകാണിച്ചു. ഉമ്മാക്കും ഭയങ്കര സന്തോഷമായി.

നാളെ എങ്ങനാ പോക,,,ഞാന്‍ വരണോ,,   ഉമ്മ ചോദിച്ചു

അതൊന്നും വേണ്ട ഞാനൊറ്റക്കു പൊക്കോളാം എന്ന് പറഞ്ഞെങ്കിലും എന്നെ സംബന്ധിച്ച് ഇന്‍റര്‍‌വ്യൂ എന്നത് കേട്ട് പരിചയമുള്ള വാക്ക് മാത്രമായിരുന്നു.ഏതായാലും ആരോടെങ്കിലും ചോദിക്കാം എന്നു വിചാരിച്ചാണ് റോട്ടിലേക്കിറങ്ങിയത്.

മുത്തോ,,ജ്ജെവിട്ക്കാടാ,,,
എന്നും ചോദിച്ച് കുഞ്ഞാപ്പു എന്‍റടുത്ത് സൈക്കിളില്‍ വന്നിറങ്ങി.

കുഞ്ഞാപ്പു എന്‍റെ സ്നേഹിതനാണ്.ഒന്നിച്ചു പഠിച്ചതാണെങ്കിലും എന്നേക്കാള്‍ ഒരു വയസിനു മൂത്തതാണ്.പത്താം ക്ലാസ് തോറ്റതാണെങ്കിലും എന്നെ സംബന്ധിച്ച് കുഞ്ഞാപ്പുവിന് ലോകവിവരം കൂടുതലാണ്.അഞ്ജാം ക്ലാസില്‍ പഠിക്കുമ്പോതന്നെ കുഞ്ഞാപ്പു ഒറ്റക്ക് ബസില്‍ പലസ്ഥലത്തും
പോയിട്ടുണ്ട്.അതുകൊണ്ടൊക്കെ തന്നെ എനിക്കു കുഞ്ഞാപ്പുവിനോട് ചെറിയൊരു
ആരാധനയുണ്ടായിരുന്നു.

എടാ,,എനിക്കു ഇന്‍റര്‍‌‌വ്യു കാര്‍ഡ് വന്നിട്ടുണ്ട്.നാളെയാണ് ഇന്‍റര്‍‌വ്യൂ .അതിനെ കുറിച്ച് ആരോടെങ്കിലും ചോദിക്കാനിറങ്ങിയതാ....ഞാന്‍ പറഞ്ഞു

അത്പ്പന്താടാ ചോയ്ക്കാനുള്ളത് .ന്‍റെ അമ്മായിന്‍റെ മോനും കഴിഞ്ഞയാഴ്ച്ചയൊരു ഇന്‍റര്‍‌വ്യുവിന്
പോയിരുന്നു.ഓന്‍ ന്‍റായിരിയൊന്നൊമല്ല പഠിപ്പിസ്റ്റാ.ഓന്‍ ന്നോട് പറഞ്ഞിട്ടുണ്ട് എന്തൊക്കെണ്
ഓല് ചോയ്ച്ചതെന്ന്.എനിക്കു കുഞ്ഞാപ്പുവിനോടുള്ള അരാധന ഒന്നു കൂടി വര്‍ദ്ധിച്ചു.

ഇജ്ജ്,, അന്‍റെ സര്‍ട്ടിഫിക്കറ്റൊക്കെ കൊണ്ടൊയ്ക്കോളോണ്ടി.അതൊക്കെ നോക്കും.പിന്നെ അന്നോട് കൊറച്ച് ചോദ്യം ചോദിക്കും.ഞമ്മള്‍ പഠിച്ചതില്‍ നിന്നാകും അനക്കതൊന്നും പ്രശ്നണ്ടാകൂല,ഇജ്ജും ഒരു പഠിപ്പിസ്റ്റല്ലെ.ഹ,,ഹ,,,കുഞ്ഞാപ്പു തന്‍റെ സ്വതസിദ്ധശൈലിയിലൊന്നു ചിരിച്ചുകൊണ്ടു പറഞ്ഞു

എടാ,,ക്ക്,,കുറ്റിപ്പുറമൊന്നു പോകണം,,,ഒരാളെ കാണാനുണ്ട്,,, പിന്നെ,,,ഇന്‍റര്‍‌വ്യൂ കിട്ടിയാ ഞമ്മക്ക് പാര്‍ട്ടി വേണട്ടാ,,, അതും പറഞ്ഞ് കുഞ്ഞാപ്പു സൈക്കിള്‍ ആഞ്ഞു ചവിട്ടി പോയി,,,
ഹൊ,,,ഏതായാലും കുഞ്ഞാപ്പുവിനെ കണ്ടതു നന്നായി,,,, ഏതായാലും ചോദ്യങ്ങള്‍ ചോദിക്കുമെന്നു പറഞ്ഞ സ്ഥിതിക്ക് പുസ്തകമൊക്കെയൊന്നു നോക്കി കളയാം,,,എല്ലാം മറന്നിരിക്കുന്നു,,, ഞാന്‍ തിരിച്ച് വീട്ടിലേക്കു നടന്നു,,,,,,,അടുക്കി വെച്ചിരുന്ന പുസ്തകങ്ങളില്‍ നിന്നു സയന്‍സ് പുസ്തകങ്ങളെടുത്ത് വെളിയിലെടുത്ത് വെച്ചു.എല്ലാം ഉമ്മ വ്യത്തിയായി അടുക്കി വെച്ചതായിരുന്നു,,,

എന്താടാ,,ജ്ജവിടെ കാട്ടണത്,,,,ഞ്ഞതെല്ലാം എടുത്ത് പരത്തിട്ടൊ,,,,ഒക്കെ നേരാക്കി വെക്കാന്‍ ഞാനുണ്ടല്ലൊ,,,, ഉമ്മ ചൂടിലാണ്,,,

അതല്ലമ്മാ,,,, നാളെ ഇന്‍റര്‍‌വ്യുവിന് ഇതില്‍ നിന്നെന്തെങ്കിലും ചോദിക്കും ,,ഞനൊക്കെ മറന്നിരിക്കുന്നു,,,അതൊക്കെ ഒന്നു നോക്കുകയാണ്.ഞാന്‍ പറഞ്ഞു.

എന്നാ,,,ശരിക്ക് നോക്കിക്കൊ,,,ഇഞ്ഞിന്ന് പൊറത്തൊന്നും പോകണ്ട,,,, അതും പറഞ്ഞ് ഉമ്മ അടുക്കളേക്ക് പോയി.

പടച്ചോനെ ഇതൊക്കെ വീണ്ടും ആവശ്യം വെരുമെന്ന് തീരെ വിചാരിച്ചിരുന്നില്ല.ആരും പറഞ്ഞുമില്ല.ഈ കുഞ്ഞാപ്പുന്‍റെ വിവരം കൂടി ഒരാള്‍ക്കുമുണ്ടായില്ലല്ലൊ.എന്തൊക്കെയോ കുറച്ച്
നോക്കി വെച്ചു.പിറ്റേ ദിവസം രാവിലെ നേരത്തെ എണീറ്റ് ഫ്രഷായി ഭക്ഷണമൊക്കെ കഴിച്ച് പുതിയ ഡ്രസ്സെല്ലാം ധരിച്ച് സര്‍ട്ടിഫിക്കറ്റുകളെല്ലാം ഫയലിലാക്കി ഇന്‍റര്‍‌വ്യുവിനുള്ള തയ്യാറെടുപ്പ് തുടങ്ങി.

എടാ,,,ആ മുടിയൊക്കെ ഒന്നു വാര്‍ന്നോക്ക്,,,, പ്ലസ്ടുവാണെങ്കിലും ജ്ജൊരു കോളേജ് കുമാരനാകാന്‍ പോകാണ്ന്നത് മറക്കണ്ട,,,  ഉമ്മയാണ്
പൊതുവേ മുടി ചീകുന്ന സ്വഭാവം എനിക്കില്ല,,, ഇനി ഉമ്മ പറഞ്ഞതല്ലെ എന്നു വിചാരിച്ച് മുടിയൊരുഭാഗത്തേക്ക് ചീകി വെച്ചു,,,

എടാ,,ഞാന്‍ വരണോ,,,?
 ഉമ്മയുടെ ചോദ്യത്തിന് വേണ്ട ഞാനൊറ്റക്കുതന്നെ പൊയ്ക്കോളയെന്നു പറഞ്ഞ് ഞാന്‍ പോകാനിറങ്ങി,,ഒന്നരകിലോമീറ്റര്‍ പോകണം ബസു കിട്ടാന്‍,,, അതുവരെ സൈക്കിളിലാണ് പോകാറ്,,

എടാ,,ജ്ജ്,,,നോക്കി പോണട്ടാ.. സൈക്കിളെടുത്ത് പോകാന്‍ നേരം ഉമ്മ വിളിച്ചു പറഞ്ഞു,,,
ബസ്റ്റോപ്പില്‍ സൈക്കിള്‍ പാര്‍ക്ക് ചെയ്ത് ബസിനു കാത്തു നിന്നു.രണ്ടു ബസ് കയറി പോകണം ഇന്‍റര്‍‌വ്യു നടക്കുന്ന സ്കൂളിലെത്താന്‍.അവസാനം ബസൊക്കെ കിട്ടി സ്കൂളിലെത്തി.ഒരുപാടു പേരുണ്ട്.നാട്ടുകാരെയും വീട്ടുകാരേയും വിളിച്ചിട്ടാണ് ഓരോര്‍ത്തര്‍ വന്നതെന്നു തോന്നുന്നു,,,കുറേ മുതിര്‍ന്നവരുണ്ട്,,
ഹും,,ചിലപ്പോ ഒറ്റക്കു വരാന്‍ പേടിയുള്ളവരാകും,,,എല്ലാവരും എന്നെപ്പോലെയഅകില്ലല്ലൊ,,, ഞാന്‍ മനസ്സിലോര്‍ത്തു,,
കുറച്ചു ദൂരത്തുള്ള സ്കൂളായത് കൊണ്ടാണെന്ന് തോന്നുന്നു.പരിചയമുള്ള മുഖമൊന്നും ഞാന്‍ കണ്ടില്ല.ഏതായാലും ഞാനേന്‍റെ പേരു വിളിക്കുന്നതും കാത്ത് ഓഫീസിനു മുന്‍പില്‍ നിന്നു. അരമണിക്കൂര്‍ കഴിഞ്ഞില്ല എന്‍റെ പേര് വിളിച്ചു,,ചെറിയൊരു പേടിയുണ്ടായിരുന്നെങ്കിലും അത് പുറത്തു കാണിക്കാതെ ഞാന്‍ ഓഫീസിനുള്ളിലേക്കു കയറിചെന്നു എന്‍റെ പേരു വിളിച്ച കണ്ണടവെച്ച ആളുടെ മുന്‍പില്‍ ചെന്നു നിന്നു.ഇന്‍റര്‍‌വ്യു കാര്‍ഡ് കൊടുത്തു.
കണ്ണടയുടെ മുകളിലൂടെ കുറച്ചു സംശയത്തോടെ എന്നെ നോക്കി കൊണ്ടു ചോദിച്ചു,,,

തന്‍റെ കൂടെയാരും വന്നിട്ടില്ലെ?

ഇല്ല,,ആരും വന്നിട്ടില്ല,,,ഞാനൊറ്റക്കാണു വന്നത്,,,, കുറച്ചഭിമാനത്തോടെ ഞാന്‍ പറഞ്ഞു,,,

ഒറ്റക്കോ,,,,അതെന്താ നിനക്ക് രക്ഷിതാക്കളില്ലെ,,?
ഇപ്രാവശ്യം ചോദ്യമിത്തിരി ഉറക്കെയായിരുന്നു,,,ആരൊക്കെയോ എന്നെ നോക്കാന്‍ തുടങ്ങി,,,

ഉണ്ട്,,ഉപ്പ ദുബായിലാണ്,,,ഉമ്മ വീട്ടിലുണ്ട്,, ഒറ്റക്കു വന്നാമതിയെന്നാ ഞാനറിഞ്ഞത്. ഞാന്‍ ശബ്ദം താഴ്ത്തി പറഞ്ഞു.കാര്യം പന്തിയല്ലായെന്നെനിക്കു മനസ്സിലായി,,,

ഒറ്റക്കു വന്നാമതിയെന്നു തന്നോടാരാ പറഞ്ഞത്,,,?
ഞാനൊന്നും മിണ്ടിയില്ല,,,, അല്ലെങ്കിലും കുഞ്ഞാപ്പുവിനെ ഇവരെങ്ങനെയറിയാനാ,,,

ഏതായാലും,,,, നിന്‍റെ ഉമ്മാനെ വിളിച്ചു കൊണ്ടു വാ,,,ബാക്കിയുള്ളൊരെ ചേര്‍ത്തിട്ട് സീറ്റുണ്ടെങ്കില്‍ നോക്കാം.രക്ഷിതാക്കളില്ലാതെയിവിടെയാരേയും ചേര്‍ക്കില്ല.അതും പറഞ്ഞ് അദ്ദേഹം അടുത്ത പേര് വിളിച്ചു.ഞാനൊന്നും മിണ്ടാതെ തലയും താഴ്ത്തി പുറത്തേക്കിറങ്ങി.ആരൊക്കെയോ എന്നെനോക്കി അടക്കി ചിരിക്കുന്നു.അതില്‍ ചില തരുണികളുമുണ്ടെന്നു കണ്ടപ്പോള്‍ കുഞ്ഞാപ്പുവിനെ ഞാന്‍ മനസില്‍ ഒരുപാട് പ്രാകി.ഡോക്ടറോ എഞ്ജിനീയറോ ആകല്‍ എനിക്കു പറഞ്ഞിട്ടുള്ള കാര്യമായിരിക്കില്ല.ഞന്‍ മനസ്സില്‍ എന്‍റെ വിധിയെ പഴിച്ചു.ഏതായലും ഉമ്മാക്കൊന്നു വിളിച്ച് നോക്കാമെന്നു വെച്ചു.ചിലപ്പോ സീറ്റു ബാക്കിയുണ്ടായാലോ,,,
സ്കൂളിനടുത്തുള്ള ബൂത്തില്‍ കയറി വീട്ടിലേക്കു വിളിച്ചു,,ഉമ്മയാണ് ഫോണെടുത്തത്,,

ഇന്‍റര്‍‌വ്യു എന്തായടാ,,,കിട്ടിയില്ലെ,,,?  ഞാനാണെന്നറിഞ്ഞതും ഉമ്മ ചോദിച്ചു.

ഒന്നും ശരിയായില്ലുമ്മാ,,,, ങ്ങളും വരണമെന്നാ പറേണത്,,,,അല്ലെങ്കില്‍ ചേരാന്‍ പറ്റില്ലത്രെ,,,,ങ്ങള് വേഗമൊരു വണ്ടിവിളിച്ച്ങ്ങട്ട് വരിന്‍,,,ഞാന്‍ പറഞ്ഞു.

എടാ,,,അരി അടുപ്പത്താണല്ലൊ,,,, കുറച്ച് കഴിഞ്ഞിട്ട് വന്നാമതിയോ,,,,,? അതൊന്നു വേവട്ടെ,,, ഉമ്മാന്‍റേ പറച്ചില്‍ കേട്ടപ്പോ എനിക്കു ദേഷ്യം വന്നു.

ങ്ങക്ക്,,,ഞാന്‍ ഡോക്ടറോ എഞ്ജിനീയറോ ആക്‌ണതിനേക്കാള്‍ വലുതാണോ,,,അരി വേവല്‍,,,, ഞാന്‍ ദേഷ്യപെട്ടു.
ഏതായാലും ഉമ്മ പെട്ടെന്നു വരാമെന്ന് പറഞ്ഞു ഫോണ്‍ വെച്ചു.ഞാനപ്പോള്‍ ഇന്‍റര്‍‌വ്യൂവും കഴിഞ്ഞ് ചിരിച്ച് കളിച്ച് പോകുന്ന കുട്ടികളേയും നോക്കി ഭാവിയിലെ ഡോക്ടറും എഞ്ജിനീയറുമൊക്കെയാണല്ലൊ  ഈ പോകുന്നത്എന്ന് മനസ്സിലോര്‍ത്ത് നില്‍ക്കുകയായിരുന്നു.
ഏതാണ്ട് ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഉമ്മ ഒരു ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയപ്പോഴാണ് എനിക്കു കുറച്ചു സമാധാനമായത്.വേഗം ഉമ്മാനേയും കൂട്ടി ഓഫീസ് റൂമില്‍ ചെന്നു.ഭാഗ്യത്തിന് സീറ്റിനിയും ബാക്കിയുണ്ടായിരുന്നു.ഞാന്‍ ദൈവത്തിനു മനസ്സില്‍ സ്തുതി പറഞ്ഞു.
മുന്‍പ് വിളിച്ചതായതോണ്ട് ചെന്ന പാടെ എന്‍റെ പേര്‍ വിളിച്ചു.ഇന്‍റര്‍‌വ്യുവെല്ലാം കഴിഞ്ഞ് തിരിച്ചു
വരുമ്പോള്‍ എന്തോ വെട്ടിപ്പിടിച്ച ഭാവമായിരുന്നു എന്‍റെ മുഖത്ത്.ഏതായാലും കുഞ്ഞാപ്പുവിനെ
കണ്ടിട്ട് രണ്ട് വര്‍ത്താനം പറയണമെന്നുതന്നെ ഞാന്‍ തീരുമാനിച്ചിരുന്നു.വീട്ടില്‍ വണ്ടിയിറങ്ങിയപാടെ കുഞ്ഞാപ്പു സൈക്കിളില്‍ ദൂരേന്ന് വരുന്നത് ഞാന്‍ കണ്ടു.തേടിയ വള്ളി തന്നെ കാലില്‍ ചുറ്റിയല്ലോ എന്നു മനസിലോര്‍ത്ത് ഞാന്‍ റോഡരുകില്‍ തന്നെ നിന്നു.
എന്‍റടുത്തെത്തിയതും കുഞ്ഞാപ്പു  സൈക്കിള്‍ നിറുത്തി.

എടാ,,,എങ്ങനുണ്ടായിരുന്നു ഇന്‍റര്‍‌വ്യു,,,, കിട്ടിയില്ലെ,,,,ഞാന്‍ പറഞ്ഞമാതിരി ചോദ്യങ്ങളൊക്കെ ചോദിച്ചില്ലെ,,, കുഞ്ഞാപ്പു ആവേശത്തോടെ ചോദിച്ചു

ഇജ്ജ്,,പൊയ്ക്കവിടുന്ന്,,,എടാ,,,,ചെങ്ങായി,,അന്നെ കാണാന്‍ നിക്കുകയായിരുന്നു ഞാന്‍ ,,അന്‍റെ വാക്കും കേട്ട് പോയിട്ടാകെ നാണക്കേടായി,,, അന്‍റമ്മായിന്‍റെ മോന്‍ ഏതുസ്കൂളിലാടാ ഒറ്റക്ക് ഇന്‍റര്‍‌വ്യുവിനു പോയത്,,, എനിക്കാകെ ദേഷ്യം വന്നിരുന്നു

ഓന്‍ സ്കൂളിലല്ല ഇന്‍റര്‍‌വ്യുവിനു പോയത്,,, സ്കൂളില്‍ പുസ്തക സെയില്‍സിനു പോകാനുള്ള ഇന്‍റര്‍‌വ്യൂവായിരുന്നു,,   ഓന്‍‌ക്കിപ്പോ പുസ്തക സെയില്‍സാണ് പണി,,, അനക്കെന്തേ പ്രശ്നം
പറ്റിയത്,,,?, കുഞ്ഞാപ്പുവിന്‍റെ പറച്ചില്‍ കേട്ടപ്പോ എനിക്കു കാര്യങ്ങള്‍ മനസ്സിലായി

എടാ,,അത്,,ജോലിക്കുള്ള ഇന്‍റര്‍‌വ്യുവല്ലെ,,,ഇതു സ്കൂളില്‍ ചേരാനുള്ളതാ,,രണ്ടും രണ്ടാണ്,,,

ഞാന്‍ പറേണത് കേട്ട് അന്തം വിട്ടു നില്‍ക്കുന്ന കുഞ്ഞാപ്പുവിനെ നോക്കി
ഇജ്ജും ,,,അന്‍റൊരു അമ്മായിന്‍റെ മോനും എന്നും പറഞ്ഞ് ഞാന്‍ വീട്ടിലേക്കു നടന്നു,,,

................................................................                 .............................
    

2014, ജൂലൈ 19, ശനിയാഴ്‌ച

ഇമ്മിണി ബല്യ ഒന്ന്,, ,


 
                       ഡിഗ്രി ഒന്നാം‌വര്‍ഷ റിസല്‍ട്ട് വന്നിട്ടുണ്ടെന്നറിഞ്ഞാണ് ഓഫീസ് റൂമില്‍ റിസല്‍ട്ട് വാങ്ങാന്‍ പോയത്.കൂടെ സുഹ്രുത്ത് നസിയുമുണ്ട്.യൂണിവേഴ്സിറ്റിക്കാര്‍ എക്സാം എഴുതാത്തവനു പോലും മാര്‍ക്കിട്ടുകൊടുക്കുന്നു.(ആയിടക്കു എഴുതാത്ത എക്സാമിനൊരുത്തന് മാര്‍ക്കിട്ടുകൊടുത്തുകൊണ്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകളിലിടം നേടിയിരുന്നു.)അതുകൊണ്ട് എക്സാം എഴുതിയ നമ്മള്‍ക്ക് ഒരു പാസ്മാര്‍ക്കെങ്കിലും ആ പഹയന്‍‌മാര്‍ ഇട്ടാല്‍ മതിയായിരുന്നു.ഞാന്‍ നസിയോട് പറഞ്ഞു.
അവന്‍ ഭയങ്കര ആത്മവിശ്വാസത്തിലാണ്.നന്നായി എഴുതിയിട്ടുണ്ടെത്രെ.എനിക്ക് ആകെ പ്രതീക്ഷ യൂണിവേഴ്സിറ്റിയെയാണ്.യൂണിവേഴ്സിറ്റി കനിഞ്ഞില്ലേല്‍ എന്‍റെ കാര്യം കട്ടപ്പുകയാകും.ഞാന്‍ ആരോടെന്നില്ലാതെ പറഞ്ഞു.
                 ഓഫീസില്‍ ചെന്നപ്പോള്‍ ഒന്നാം വര്‍ഷത്തിലെ എല്ലാ പഠിപ്പിസ്റ്റുകളും റിസല്‍ട്ട് വാങ്ങി അവരവരുടെ ഡിപ്പാര്‍ട്ട്‌മെന്‍റിലേക്ക് ടീച്ചേഴ്സിനെ കാണിക്കാന്‍ ഓടുന്നു.അവരുടെ പരാക്രമം നോക്കി ഞങ്ങളൊരുഭാഗത്ത് നിന്നു.
എടീ എനിക്കു മാത്സില്‍ 8 മാര്‍ക്കു പോയെടോ,,,ഉറപ്പായിട്ടും 100% പ്രതീക്ഷിച്ചിരുന്നതാ,,റീവാല്വാഷനു കൊടുക്കണം,,,ഭയങ്കര കഷ്ടായിപോയി.ഒരുത്തി വേറൊരുത്തിയോട് പറയുന്നു.അവള്‍ പറഞ്ഞവളെ സമാധാനിപ്പിക്കുന്നു.
എനിക്കിതൊക്കെകണ്ട് ചിരിയാണുവന്നത്.
ദൈവമെ,,നമ്മളിവിടെ പാസ്മാര്‍ക്ക് കിട്ടിയാല്‍ മതിയായിരുന്നു എന്ന മട്ടില്‍ നില്‍ക്കുമ്പോള്‍ ഇവളുമാരുടെ ആക്രാന്തം കണ്ടില്ലെ.വാരിക്കോരികൊടുത്തിട്ടും ത്യപ്തിപ്പെടാത്ത ഇവളുമാര്‍ക്കു പകരം ചില്ലറ പാസ്മാര്‍ക്ക് നമ്മള്‍ക്കു തന്നാലാനന്ദി എന്നുമുണ്ടാകുമേ,,,,ഞന്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചു,,
എന്‍റെ പേരുവിളിച്ചതും ഞാന്‍ കൗണ്ടറിലേക്കു ചെന്നു.റിസല്‍ട്ട് വാങ്ങുന്നതിനു മുന്‍പായി രജിസ്റ്ററില്‍ ഒപ്പിട്ടു കൊടുത്തു.റിസല്‍ട്ടു നോക്കി.മലയാളമൊഴിച്ച് എല്ലാവിഷയങ്ങളും പോയിരിക്കുന്നു.മലയാളത്തിന്‍റെ പിതാവായ എഴുത്തച്ചനെ ഞാന്‍ മനസ്സാ നമിച്ചു.അങ്ങില്ലയിരുന്നെങ്കിലീ മാര്‍ക്ക് ലിസ്റ്റ് വെറുതെയാകുമായിരുന്നല്ലൊ,,
പക്ഷെ എന്നെ സങ്കടപ്പെടുത്തിയത് അതൊന്നുമായിരുന്നില്ല,,
ഫിസിക്സില്‍ എനിക്ക് 'ഒരു'മാര്‍‍ക്കാണിട്ടിരിക്കുന്നത്.എന്‍റെ വിദ്യഭ്യാസജീവിതത്തിനിടയില്‍ ആദ്യമായിട്ടാണെനിക്കിത്രയും കുറവു മാര്‍ക്ക് കിട്ടുന്നത്.ഒന്ന് കിട്ടിയാലും പത്ത് കിട്ടിയാലും സപ്ലിമെന്‍റ‌റിയെഴുതണം.പോയതു പോട്ടെയെന്നുവിചാരിച്ച് റിസല്‍ട്ടുമടക്കി പോക്കറ്റില്‍ തിരുകി.
നസി റിസല്‍ട്ടു വാങ്ങുന്നതിന്‍റെ തിരക്കിലാണ്.വരാന്തയിലേക്കിറങ്ങി.ഒരു മൂലയില്‍ പോയി നിന്നു.
നസി മാര്‍ക്ക് ലിസ്റ്റ് വാങ്ങി ഡെസ്പ്പായി വരുന്നുണ്ട്.എന്നോട് റിസല്‍ട്ട് ചോദിച്ചു.മലയാളമൊഴികെയെല്ലാം പോയടാ,,,ഞാന്‍ പറഞ്ഞു.നസിക്ക് മലയാളവും ഇംഗ്ലീഷും കിട്ടിയിരിക്കുന്നു,,,,എന്നേക്കാള്‍ മെച്ചം നീതന്നെയാടാ,എന്നിട്ടുമെന്താ നിന്‍റെ മുഖത്തൊരു തെളിച്ചമില്ലാത്തത്.പോയത് പോട്ടെടാ,,എല്ലാം നമുക്കെഴുതിയെടുക്കാം,,,ഞാനവനെ സമാധാനിപ്പിച്ചു.
അപ്പോഴാണവന്‍ കാര്യം പറഞ്ഞത്.വിഷയം പോയതൊന്നുമല്ലെടാ പ്രശ്നം,,,എനിക്കു ഫിസിക്സില്‍ 'ഒരു'മാര്‍ക്കാണെടാകിട്ടിയിരിക്കുന്നത്.എന്‍റെ ജീവിതത്തിലാദ്യമായാണ് എനിക്കിത്ര കുറവു മാര്‍ക്കു കിട്ടുന്നത്.
അതുകേട്ടു ഞാന്‍ പൊട്ടിചിരിച്ചു,,
നീ ചിരിക്കെണ്ടടാ,,,എന്നാലും നിന്നേക്കാള്‍ മെച്ചം ഞാന്‍ തന്നെയാണ്.എനിക്കു ഇംഗ്ലീഷ് കിട്ടിയിരിക്കുന്നു. നിനക്കതെഴുതിയെടുക്കാന്‍ കുറച്ചു പണിയുണ്ടാകും,,അവന്‍ ചൂടായിട്ടാണ് പറഞ്ഞത്.അവന്‍ വിചാരിച്ചത് ഞാനവനെ കളിയാക്കുകയാണെന്നാണ്. ചൂടാവണ്ടടോ നീ എന്‍റെ മാര്‍ക്കൊന്നു നോക്ക്.പോക്കറ്റില്‍ നിന്നും എന്‍റെ മാര്‍ക്ക് ലിസ്റ്റെടുത്ത് ഞാനാവനു കൊടുത്തു.
എന്‍റെ ഫിസിക്സ് മാര്‍ക്ക് കണ്ട് അവനും ചിരി തുടങ്ങി.
ഞങ്ങള്‍ രണ്ടാളും ചിരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ്.ഞങ്ങളുടെ മറ്റൊരു സുഹ്രുത്ത് ഹാരി റിസല്‍ട്ടുമായി വന്നത്.അവന്‍റെ മുഖത്തും സന്തോഷമില്ല.വന്നപാടെ അവന്‍ റിസല്‍ട്ട് ചോദിച്ചു.ഞങ്ങള്‍ റിസല്‍ട്ടു പറഞ്ഞു അവനും രണ്ട് വിഷയം കിട്ടിയിട്ടുള്ളു.
രണ്ട് വിഷയം കിട്ടിയില്ലെ,,,പിന്നെന്താടാ മുഖത്തൊരു തെളിച്ചമില്ലാത്തത്.അപ്പൊ ഒരുവിഷയം മാത്രം കിട്ടിയ എന്‍റെ കാര്യമൊന്നാലോചിച്ച് നോക്ക്,,,ഇതൊക്കെ നമുക്കെഴുതിയെടുക്കാടാ,,,ഞാനവനോട് പറഞ്ഞു.
അതല്ലെടാ പ്രശ്നം,,,കുറച്ചു നേരം നിറുത്തിയിട്ടവന്‍ പറഞ്ഞു,,,,
നിങ്ങളാരോടും പറയില്ലെങ്കില്‍ ഞാനൊരു കാര്യം പറയാം,,,എനിക്ക് ഫിസിക്സില്‍ 'ഒരു'മാര്‍ക്കാണ് കിട്ടിയത്,,ആദ്യമായിട്ടാണെനിക്കിങ്ങനെ,,,,അവന്‍ പറഞ്ഞുതീര്‍‍ത്തില്ല,,,,ഞങ്ങള്‍ ചിരി തുടങ്ങി,,,എടാ,,ഇതാരോടും പറയരുത്,,അവന്‍ വീണ്ടും റിക്യസ്റ്റ് ചെയ്തു,,,ഞങ്ങള്‍ പൊട്ടി ചിരിച്ചു,,,,അവന്‍റെ മുഖഭാവം മാറി,,ദേഷ്യപ്പെടും എന്നു കണ്ടപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ മാര്‍ക്ക് ലിസ്റ്റ് അവനു കൊടുത്തു. ഞങ്ങളുടെ മാര്‍ക്കുകണ്ടപ്പോള്‍ അവനും ചിരിക്കാന്‍ തുടങ്ങി.പിന്നെയതൊരു കൂട്ടചിരിയായി.
പെട്ടെന്നാണ് ഫിസിക്സ് ടീച്ചര്‍ ഞങ്ങളെ കണ്ടത്.ടീച്ചര്‍ ഞങ്ങളുടെയടുത്തേക്കുവന്നു.
എന്താ എല്ലാവരും ഭയങ്കരസന്തോഷത്തിലാണല്ലൊ,,,റിസല്‍ട്ട് വന്നതിന്‍റെയാകും അല്ലെ,,,
അതെ ടീച്ചര്‍ റിസല്‍ട്ട് വന്നതിന്‍റെയാണ്,,,എല്ലാം,,,,,,,,,,,,,,കിട്ടി....പോയ്....
ആഹാ,,,നന്നായി,,,,അല്ല,,,ഫിസിക്സിലെത്രമാര്‍ക്കുണ്ട്,,,,
കുഴപ്പമില്ല,,,,,ഞങ്ങള്‍ മൂന്നുപേര്‍ക്കും 'ഒരേ' മാര്‍ക്കാണ്.,,
ഓഹൊ,,,നിങ്ങള്‍ പരസ്പരം നോക്കിയെഴുതിയതാകുമല്ലെ,,,ടീച്ചര്‍ തമാശയായിപറഞ്ഞു.
അപ്പോഴേക്കും പ്രിന്‍സിപ്പാള്‍ വിളിച്ചു ടീച്ചര്‍ പോയി,,,,
ടീച്ചര്‍ പറഞ്ഞ കാര്യമോര്‍ത്തു ഞങ്ങള്‍ക്കു വീണ്ടും ചിരിവന്നു.

പടച്ചോനെ,,,,ഇവന്‍‌മാരുടെ പേപ്പര്‍ നോക്കിയെഴുതാനുള്ള ബുദ്ധിയെനിക്കു തോന്നിക്കാത്തതു നന്നായി,,,,, വെറുതെ മനുഷ്യന്‍റെ സമയം കളഞ്ഞിരുന്നു.ഞാന്‍ മനസ്സിലോര്‍ത്തു,,

  പിന്നീട് സപ്ലിമെന്‍ററിയെഴുതി നല്ല മാര്‍ക്കുനേടിയെങ്കിലും ഇന്നും,,,ഞാനിടക്ക് എന്‍റെയാ പഴയ മാര്‍‌ക്ക് ലിസ്റ്റെടുത്ത് നോക്കും,,,,,

എന്തുപറഞ്ഞാലും എനിക്കതൊരു 'ഇമ്മിണി ബല്യ ഒന്ന്' തന്നെയാ,,,,

സ്നേഹം,,


അമ്മതന്‍ ഗര്‍ഭാശയത്തിനുള്ളിലൊരു ചെറുഭ്രൂണമായ് വളരവെ
എന്‍‌മനസ്സില്‍‌ ഞാനാശിച്ചുവോ സ്നേഹം

മുലപ്പാലേകുമെന്നമ്മതന്‍‌ മടിത്തട്ടില്‍ കിടന്നുകൊണ്ടാ
നയനങ്ങളില്‍‌ ഞാന്‍ കണ്ട പ്രകാശമോ സ്നേഹം

അസുഖബാധിതനായ് ഞാന്‍‌ കിടന്നിരുന്നൊരുനാളില്‍
എന്‍റച്ചനില്‍‌ കണ്ട ആധിയൊ സ്നേഹം

ക്ലാസിലെ കുസ്യതിയിലെന്‍ പിന്നാലെ ചൂരല്‍ വടിയായെത്തിയ
ടീച്ചറില്‍ കണ്ട ദേഷ്യമോ സ്നേഹം

എന്നുമെന്നിഴലായ് നടന്നിരുന്ന പ്രിയകളികൂട്ടുകാരിയുടെ
ഇടക്കിടക്കുള്ള കൊച്ചുപിണക്കങ്ങളോ സ്നേഹം

കോളേജിലെ തരുണീമണികളില്‍ ഞാനന്നുകണ്ട
പേരറിയാത്ത ഭാവങ്ങളോ സ്നേഹം

കലാലയത്തോട് വിടപറയുംനേരമെന്നെ കെട്ടിപ്പിടിച്ചുകരഞ്ഞ
കൂട്ടുകാരുടെ ആത്മനൊമ്പരങ്ങളൊ സ്നേഹം

പ്രണയനാളുകളിലന്നു പ്രണയിനിയെനിക്കയച്ച കത്തുകളിലെ
മധുരവാക്കുകളോ സ്നേഹം

എന്‍‌ജീവിതത്തിലെന്നു‌മെനിക്കുകൂട്ടായ് കടന്നുവന്നവളുടെ
പരിലാളനങ്ങളോ സ്നേഹം

കളിപ്പാട്ടങ്ങള്‍ വാങ്ങികൊടുക്കുമ്പൊഴെന്‍മക്കളുടെ മുഖത്ത്
വിരിയും പുഞ്ജിരികളോ സ്നേഹം

അകാലത്തിലെന്നെയേകനാക്കി യാത്രയായ പ്രിയതമയുടെ
മധുരസ്മരണകളോ സ്നേഹം

ചെയ്‌വാനൊന്നുമില്ലാതെ വീട്ടിലേകനായിരുന്നനാളില്‍ കേട്ട
മക്കളുടെ കുത്തുവാക്കുകളൊ സ്നേഹം

അതോ വ്യദ്ധസദനത്തിലെ കൂരിരുട്ടില്‍ പ്രകാശമായെത്തിയ
സിസ്റ്ററുടെ അശ്വാസവാക്കുകളൊ സ്നേഹം

എന്‍‌മ്യതദേഹം ചിതയില്‍ വക്കുമ്പൊഴെന്‍ ബന്ധുക്കളില്‍
ഞാന്‍കണ്ട കണ്ണുനീരൊ സ്നേഹം

ഇപ്പൊഴുമെന്നാത്മാവില്‍ അജ്ഞതയായ്കിടക്കുന്നു
സ്നേഹമെന്ന വാക്കിന്നര്‍‌ത്ഥമെന്തെന്ന്‌,,,,,,? ...?

അനാഥന്‍,,



അച്ചനുമമ്മയും ആരെന്നറിയാതെ
അമ്മിഞ്ഞപ്പാലിന്‍റെ സ്വാദറിയാതെ
അഗതിമന്ദിരകെട്ടുകള്‍ക്കിടയി-
ലനാഥനായി വളര്‍ന്നു ഞാന്‍

അന്നൊരു മഴക്കാല നാളിലെങ്ങോ
അഗതിമന്ദിരത്തിലെ തിരുമുറ്റത്തെ
അമ്മത്തൊട്ടിലിലെന്നെകിടത്തിയി-
ട്ടെന്നമ്മയെങ്ങോ പോയ്മറഞ്ഞു

അന്നുതൊട്ടുഞാനിവിടെയാണെങ്കിലും
അച്ചനമ്മമാര്‍ കൂടെയില്ലെന്നാകിലും
അഗതിമന്ദിരത്തിലന്തേവാസികള്‍
ആരോമലുണ്ണിയായ് വളര്‍ത്തിയെന്നെ

എന്തുതെറ്റുഞാന്‍‌ ‍ചെയ്തുവെന്നറിയില്ല
എന്തിനമ്മയെന്നെകളഞ്ഞുവെന്നറിയില്ല
എങ്കിലുമില്ലയെനിക്കമ്മയോട് പരിഭവം
അമ്മയെന്നപദമത്രസ്നേഹിക്കുന്നു ഞാന്‍‌

ഇന്നെനിക്ക് സ്വന്തമായൊരുജോലിയുണ്ട്
എന്നുമെനിക്കുകൂട്ടായെന്‍പ്രിയഭാര്യയുണ്ട്
കളിചിരികളുമായ്കൂടെയെന്‍ കുട്ടികളുണ്ട്
സന്തോഷത്തിലാറാടുന്നൊരു കുടുംബമുണ്ട്

എന്നിട്ടുമെന്തെന്നറിയില്ലയെന്നുള്ളില്‍
വിങ്ങുന്നുമനം മാത്യസ്നേഹത്തിനായ്
അമ്മയുടെസ്നേഹം ഏറെകൊതിക്കുന്ന
പിഞ്ജുകുഞ്ഞിന്‍റെയുള്ളം തുടിക്കുന്നപോല്‍,,,