2020 ഓഗസ്റ്റ് 30, ഞായറാഴ്‌ച

കുഞ്ഞോന്റെ പ്രണയം 😊

 


കുഞ്ഞോനെ കുറിച്ചു പറയുകയാണെങ്കിൽ പരോപകാരി സുന്ദരൻ സുമുഖൻ നന്നായി ഡ്രസ്സ്‌ ചെയ്ത് മാത്രം ഇറങ്ങുന്നവൻ,  പഠിത്തം കഴിഞ്ഞു തേരാപാര നടക്കുന്നു. ആരെന്താവശ്യത്തിന് വിളിച്ചാലും കുഞ്ഞോൻ അവരുടെ കൂടെ പോകും.അവരുടെ പ്രശ്നങ്ങൾ തന്റെ കൂടി പ്രശ്നങ്ങളായി കണക്കാക്കി വേണ്ടത് ചെയ്യാൻ ശ്രമിക്കും. വേലയും കൂലിയും ഇല്ലാതെ നടക്കുന്നവൻ എന്നതൊഴിച്ചാൽ അധികം കുറ്റങ്ങളൊന്നും നാട്ടുകാർക്ക് കുഞ്ഞോനെ കുറിച്ച് പറയാനില്ല. 


ഒന്നുരണ്ടു വിഷമങ്ങൾ  മാത്രമായിരുന്നു കുഞ്ഞോനെ അലട്ടിയിരുന്നത്. സൽമാൻ ഖാൻറെ ബോഡി പോലെയാണ് ശരീരമെങ്കിലും അഞ്ചരയടിക്കടുത്തെ തനിക്ക് ഉയരമുള്ളുവെന്നതായിരുന്നു ഒരു വിഷമം രണ്ടാമത്തേതാകട്ടെ  ഇതുവരെയായിട്ടും ഒന്ന് പ്രേമിക്കാൻ ആരെയും കിട്ടിയില്ല എന്നതായിരുന്നു. ഉയരവും പ്രേമവും തമ്മിൽ എന്തോ കണക്ഷൻ ഉണ്ടൊന്നുള്ള സംശയം മൂപ്പരെ വല്ലാതെ അലട്ടിയിരുന്നു.


അങ്ങനെ യിരിക്കെ നാട്ടിൽ കുഞ്ഞോന്റെ വീടിന്റെ ഏകദേശമടുത്ത്  പുതിയ താമസക്കാർ വന്നു.ഗൾഫ് ഫാമിലിയാണ്. അവിടുത്തെ പെൺകുട്ടിയെ കുഞ്ഞോന് വല്ലാത്ത ഇഷ്ടായി. പിന്നെ എന്നും ആ വഴിക്കായി സഞ്ചാരം. വെറുതെ അതിലൂടെ ചുറ്റിക്കറങ്ങുക എന്നത് ദിനചര്യയാക്കി. ചുറ്റുമതിലൊന്നും കാര്യായിട്ടില്ലാത്തത് കൊണ്ട് എപ്പോ പോയാലും അവൾ മുറ്റത്തോ അടുക്കള ഭാഗത്തോ ഉണ്ടാകാറുണ്ട്. അങ്ങനെ ഒന്ന് കാണുന്നത് തന്നെ കുഞ്ഞോനെ സംബന്ധിച്ച് വല്ലാത്ത അനുഭൂതിയായിരുന്നു. 


ദിവസങ്ങൾ കഴിഞ്ഞു കുഞ്ഞോൻറെ ദിനചര്യ തുടർന്ന് കൊണ്ടേയിരുന്നു.വീട്ടുകാരുമായി കാണുമ്പോൾ വല്ലതും സംസാരിക്കും എന്നതൊഴിച്ചാൽ കൂടുതലൊന്നും പറയാനോ അവരുമായി ചെങ്ങാത്തത്തിലാകാനോ കുഞ്ഞോന് കഴിഞ്ഞിരുന്നില്ല. അല്ലെങ്കിലും കുഞ്ഞോൻ  അങ്ങനെത്തെ കാര്യങ്ങളിലൊക്കെ കുറച്ചു പിറകിലാണ്. അത് കൊണ്ട് കുട്ടിയോട് തന്റെ പ്രണയത്തിന്റെ സൂചനപോലും കൊടുക്കാൻ  കഴിഞ്ഞിരുന്നില്ല. പെണ്ണിന് കാര്യം മനസിലായില്ലെങ്കിലും നാട്ടിലുള്ള പലർക്കും കുഞ്ഞൊന്റെ ഈ  ചുറ്റിക്കളിയെ കുറിച്ച് ഏതാണ്ടൊക്കെ അറിയുമായിരുന്നു. 


ആയിടക്കാണ് പെണ്ണിന്റെ ബാപ്പ ഗൾഫീന്ന് വന്നത്.അതിൽ പിന്നെ വളരെ ശ്രദ്ധിച്ചായിരുന്നു പോക്കും വരവുമൊക്കെ.  എങ്ങനെയൊക്കെയോ ബാപ്പാന്റെ കാതിൽ ഈ വിവരമെത്തി. 


ഒരുദിവസം അവിചാരിതമായി കുഞ്ഞോൻ പെണ്ണിന്റെ വാപ്പാന്റെ മുന്നിൽ പെട്ടു. ആൾ സാധാരണ കുശലാന്വേഷണം മാത്രമാണ് നടത്തിയത്. സംസാരതിന്റിടയിൽ കുഞ്ഞോനോട്‌ ചോദിച്ചു.. 


അല്ല കുഞ്ഞോനെ അനക്കെന്താ പണി.. 


പ്രത്യേകിച്ച് പണിയൊന്നും ഇല്ലങ്കിലും തന്റെ കൂട്ടുകാരൻ പോകുന്ന കൊച്ചിയിലെ പണിക്ക് ജോയിൻ ചെയ്യുന്നതിനെ  കുറിച്ചു തള്ളിവിട്ടു.  ഇടക്ക് അവന്റെ കൂടെ പോയി പരിചയമുണ്ട്. 


ഇജ്ജ് കാണാനൊന്നും കുഴപ്പല്യല്ലോ....അന്റെ ഹൈറ്റ് എത്രെണ്.. 


എന്തിനാ ആൾ ഹൈറ്റ് ചോദിക്കുന്നതെന്ന് കുഞ്ഞോന് മനസിലായില്ല.. 


ഇനി വല്ല കല്യാണാലോചനക്കാണോ.


ആകെ കൺഫ്യുഷനിലായ കുഞ്ഞോൻ ഇനി അങ്ങനെയാണെങ്കിൽ ഹൈറ്റിന്റെ പേരിൽ പ്രശ്നം വരേണ്ട എന്ന് വിചാരിച്ചു രണ്ടിഞ്ച് കൂട്ടി പറഞ്ഞു. 


അതങ്ങനെ പോയി.. 

അന്ന് രാത്രി കുഞ്ഞോൻക്ക് ഉറക്കം വന്നില്ല.. 


ഈ കാര്യങ്ങൾ തന്റെ ആത്മസുഹൃത്തിനോട് ഫോണിൽ പറഞ്ഞു. 


എല്ലാം കേട്ട സുഹൃത്ത് കുഞ്ഞോനോട് പറഞ്ഞു.. 


ഒരു സംശയവും വേണ്ട.. ഇതത് തന്നെ.. 


ഇജ്ജൊരു കാര്യം ചെയ്യ്.. നാളെ എന്റെ കൂടെ കൊച്ചിയിലേക്ക് വായോ.. 


അവിടെ പണി നോക്കുന്നുണ്ട് എന്ന് പറഞ്ഞ സ്ഥിതിക്ക് അവർക്കുമൊന്ന് വിശ്വാസമായിക്കോട്ടെ.


പറ്റാണെങ്കിൽ മ്മക്ക് എന്തെങ്കിലും ഒരു പണിയും അവിടെ നോക്കാം.. 


കുഞ്ഞോന് പെരുത്ത് സന്തോഷമായി.


മൂപ്പർ സുഖായി കിടന്നുറങ്ങി. 


പിറ്റേ ദിവസം വീട്ടിൽ പറഞ്ഞു നേരെ കൊച്ചിയിലേക്ക് വിട്ടു.. 


മൂന്നാല് ദിവസം.. അവിടെ കൂടി.. ഒന്ന് രണ്ട് പണിക്ക് ശ്രമിച്ചെങ്കിലും നടന്നില്ല.. 

 

ഏതായാലും പണി ശരിയായില്ലെങ്കിലും.. അവളുടെ ഉപ്പ പോണത് വരെ ഇടക്ക് കൊച്ചി ട്രിപ്പ് അടിക്കാം എന്ന് മനസ്സിൽ വിചാരിച്ചു.. 


നാല് ദിവസത്തിന് ശേഷം നാട്ടിലെത്തി വീട്ടിലേക്ക് അവളുടെ വീടിനടുത്തുള്ള വഴിയിലൂടെ പോകാമെന്നു തീരുമാനിച്ചു നേരെ നടന്നു. അവളുടെ വാപ്പാനെ കാണാണെങ്കിൽ മൂപ്പർക്ക് വല്യ വിശ്വാസവും ആവും. 


ഒരുപാട് കണക്ക് കൂട്ടലുകൾ കൂട്ടിയാണ് കുഞ്ഞോൻ അവളുടെ വീടിനടുത്തെത്തിയത്. 


അവിടുത്തെ കാഴ്ച്ച കണ്ടു കുഞ്ഞോൻ ആകെ അമ്പരന്നു. അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് എന്തിനാണ് ഓളെ ബാപ്പ തന്നോട് ഹൈറ്റ് ചോദിച്ചതെന്ന് കുഞ്ഞോന് പിടികിട്ടിയത്. 


ഓളെ വീട്ടിനു മുൻപിൽ ആറടിയോളം പൊക്കത്തിൽ മതിൽ കെട്ടിയിരിക്കുന്നു. 


കാല് പൊക്കി നോക്കിയിട്ടും വീട്ടിലെയോ മുറ്റത്തെയോ കാഴ്ച്ചകൾ കാണാൻ കുഞ്ഞോന് കഴിയുമായിരുന്നില്ല. 


ആകെ ഭ്രാന്ത്‌ പിടിച്ച കുഞ്ഞോൻ മനസിലോർത്തു ഇതിനായിരുന്നെങ്കിൽ ഹൈറ്റ് രണ്ടിഞ്ച് കുറച്ചു പറഞ്ഞാൽ മതിയായിരുന്നു. 

കൂട്ടി പറഞ്ഞത് കാരണമാണ് ഇപ്പൊ ഒന്നും കാണാൻ പറ്റാതാക്കിയത്.. 

 ഹറാം പിറന്ന കാക്ക ങ്ങനത്തെ പണി തരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. .. 😊