അമ്മേ,, അമ്മക്ക് സുഖമല്ലെ?
ഒരുപാട് കാലത്തിനു ശേഷം മകനില്‍ നിന്ന് അങ്ങനെയൊരു ചോദ്യം കേട്ടപ്പോള്‍ അമ്മ രണ്ട്നിമിഷം ആശ്ചര്യപെട്ടുനിന്നു. കുറച്ചുകാലമായി മകന്‍ തന്നോടൊന്നും സംസാരിക്കാറില്ലായിരുന്നല്ലൊ .ആകെയുള്ളൊരാണ്‍തരി അവന്‍ തന്നോട് അകല്‍ച്ച കാണിച്ചു തുടങ്ങിയപ്പോള്‍ താന്‍ ഒരുപാട് സങ്കടപ്പെട്ടിരുന്നു.മുപ്പത്തിരണ്ടാമത്തെ വയസ്സില്‍ അദ്ദേഹം തന്നേയും മോനേയും തനിച്ചാക്കി പോയപ്പോള്‍ മറ്റൊരു വിവാഹത്തിനു പലരും തന്നെ നിര്‍ബന്ധിച്ചതാണ്.പക്ഷെ മകനോടുള്ള തന്റെ സ്നേഹം കുറയുമോ എന്നു വിചാരിച്ച് ഞാന്‍ സമ്മതിച്ചില്ല.കുട്ടികള്‍ക്ക് ട്യൂഷനെടുത്തും തയ്യല്‍ ജോലി ചെയ്തുമാണ് താനവനെ വളര്‍ത്തിയത്.അമ്മയും മകനും എന്നതിനേക്കാളുപരി നല്ല സുഹ്രുത്തുക്കളായിരുന്നു ഞങ്ങള്‍. അവനു എന്തുകാര്യത്തിനും താന്‍ തന്നെ വേണമായിരുന്നു.ഓരോ ക്ലാസ്സിലും ഒന്നാമതായി അവന്‍ വിജയിച്ചു കൊണ്ടിരിക്കുമ്പോള്‍ തനിക്കഭിമാനമായിരുന്നു.അവന്റെ അമ്മയെന്നനിലയില്‍ സ്കൂളിലെല്ലാവരും തന്നോട് വളരെ സ്നേഹത്തോടെയായിരുന്നു പെരുമാറിയിരുന്നത്.അപ്പോഴൊക്കെ തനിക്കിങ്ങനെയൊരു മകനെ തന്നതിന് ദൈവത്തെ ഒരുപാട് സ്തുതിച്ചിട്ടുണ്ട്.അതൊന്നും കാണാന്‍ അദ്ദേഹം കൂടെയില്ലല്ലൊ എന്ന ദു:ഖം മാത്രമായിരുന്നു തനിക്കുണ്ടായിരുന്നത്.
ഉയര്‍ന്നമാര്‍ക്കോടെ എഞ്ചിനീയറിംഗ് കഴിഞ്ഞിറങ്ങിയ അവന് വലിയോരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ആറക്ക ശമ്പളത്തില്‍ ജോലി കിട്ടിയപ്പോള്‍ സ്വര്‍ഗം ലഭിച്ച ഭാവമായിരുന്നു തനിക്ക്.താമസിയാതെ നല്ലൊരു വീടുവച്ച് ഞങ്ങള്‍ താമസം മാറി.അവന്റെ കമ്പനിയില്‍ വര്‍ക്കു ചെയ്യുന്ന കുട്ടിയെ അവന്‍ ഇഷ്ടമാണെന്നു പറഞ്ഞപ്പോള്‍ യാതൊരു എതിര്‍പ്പും കൂടാതെ അവരുടെ കല്യാണം താന്‍ നടത്തികൊടുത്തു.മരുമകള്‍ ആദ്യമൊക്കെ നല്ല സ്നേഹത്തോട് കൂടിയാണ് തന്നോട് പെരുമാറിയിരുന്നത്. പിന്നീടെപ്പോഴൊ താനും മകനും തമ്മില്‍ അകന്നുകൊണ്ടിരുന്നു. മകനും മരുമകളും ജോലിക്കു പോയാല്‍ വീട്ടില്‍ താന്‍ തനിച്ചായിരുന്നു.അതുകൊണ്ടു തന്നെ മകനൊരു കുഞ്ഞു പിറന്നപ്പോള്‍ ഏറ്റവും സന്തോഷിച്ചത് താനായിരുന്നു.കുറച്ചുകാലം പേരമക്കളുമായി സന്തോഷത്തോടെ കഴിഞ്ഞു.അവര്‍ പഠിക്കാന്‍ പോകാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും താന്‍ തനിച്ചായി.എപ്പോഴും പഠിപ്പ് പഠിപ്പ് എന്നുപറഞ്ഞ് അവരെ തന്റെ അടുത്തിരിക്കാന്‍ പോലും വിടാതായി. പാവം കുട്ടികള്‍,,
എന്താ അമ്മ ആലോചിച്ച് നില്‍ക്കുന്നത്? അമ്മക്കെന്തെങ്കിലും അസുഖമുണ്ടൊ?
എന്താ കണ്ണ് നിറഞ്ഞിരിക്കുന്നത്?
മകന്റെ ചോദ്യമാണ് തന്നെ ചിന്തയില്‍ നിന്നുണര്‍ത്തിയത്.
ഒന്നുമില്ല മോനെ,, കണ്ണില്‍ പൊടിപോയതാണ് ,,, സാരമില്ല,,
എന്നാല്‍ അമ്മ പെട്ടെന്നു റഡിയാക്,, നമുക്ക് കുറച്ചു സ്ഥലങ്ങള്‍ പോകാനുണ്ട്. ഇവിടെയിങ്ങനെയിരുന്നു അമ്മക്കു ബോറഡിക്കുന്നുണ്ടാകും.
ശരിയാണ് ,,കുറച്ചായി വീട്ടിലിരുന്നു ബോറഡിക്കുകയാണ്,, പണ്ടൊക്കെ മകന്റെ കൂടെ എവിടെങ്കിലുമൊക്കെ പോകാറുണ്ടായിരുന്നു,, തനിക്കു വളരെ സന്തോഷമുള്ള കാര്യമായിരുന്നുവത്. കുറച്ചു കാലമായി മോന്റെ കൂടെ വല്ല സ്ഥലത്തും പോയിട്ട്.
എല്ലാം ശരിയായി വരികയാണൊ, ദൈവമെ നിനക്കൊരായിരം സ്തുതി,,,
മോനെ മുഷിപ്പിക്കണ്ട എന്നു വിചാരിച്ച് പെട്ടെന്നു റഡിയായിവന്നു.
അമ്മക്കിപ്പോള്‍ പത്തുവയസ്സു കുറഞ്ഞ പോലുണ്ട്. മരുമകളൂടെ കമന്റ്.
മരുമകളും ഇന്ന് നല്ല സന്തോഷത്തിലാണല്ലൊ,,, മക്കള്‍ സ്കൂള്‍ വിട്ടുവരാന്‍ വൈകുന്നേരമാകും. പുറത്തെത്തിയപ്പോള്‍ മകന്‍ കാര്‍ പോര്‍ച്ചില്‍ നിന്നിറക്കിയിരുന്നു.പോയി ബാക്ക് ഡോര്‍ തുറന്നു.
അമ്മ മുന്നില്‍ കയറിക്കോളു,,,
വീണ്ടും അത്ഭുതം,,മകന്റെ കല്ല്യാണം കഴിഞ്ഞശേഷം താനെന്നും പിറകിലായിരുന്നല്ലൊ. ശരിയാണ് എല്ലാം മാറി വരികയാണ്.മരുമകള്‍ ബാക്കില്‍ കയറി, വണ്ടിയിലിരിക്കുമ്പോഴും ആരുമൊന്നും സംസാരിച്ചിരുന്നില്ല.വണ്ടി കുറെനേരം ഓടികൊണ്ടിരുന്നു.നേരം ഉച്ചയാകാറായി.
അമ്മേ നമുക്കു വല്ലതും കഴിക്കാം,,, മോന്‍ പറഞ്ഞു.
വണ്ടി ഒരു വലിയ ഹോട്ടലിന്റെ മുമ്പിലെത്തി നിന്നു. ഇറങ്ങി ഹോട്ടലിലേക്കു നടന്നു.ഹോട്ടലിനുള്ളില്‍ ഏസിയുടെ കുളിര്‍മ.തലപ്പാവു വച്ച ജോലിക്കാര്‍ താനാദ്യമായാണ് ഇത്രയും വലിയ ഹോട്ടലില്‍ കയറുന്നത്. കൈ കഴുകി ടേബിളിരിക്കുമ്പോള്‍ മോന്‍ ചോദിച്ചു.
അമ്മക്കെന്താണു സ്പെഷലായിട്ടു കഴിക്കാന്‍ വേണ്ടത് എന്തു വേണമെങ്കിലും പറഞ്ഞോളു,,,
എനിക്കു സ്പെഷലൊന്നും വേണ്ടമോനെ,,, സാദാ ഊണു മതി,,
കുറെ കാലത്തിനു ശേഷമാണ് ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നത്.എങ്കിലും നല്ല രുചികരമായി തോന്നി,,, ഭക്ഷണം കഴിഞ്ഞ ശേഷം ഹോട്ടലിന്റെ പടിയിറങ്ങുമ്പോള്‍ മരുമകള്‍ വന്നു തന്റെ കൈപിടിച്ചു.
അമ്മേ,, സൂക്ഷിച്ചിറങ്ങണം ,,,
മരുമകള്‍ ഇത്രസ്നേഹത്തോടെ ഈയടുത്ത കാലത്തൊന്നും തന്നോട് പെരുമാറിയിട്ടില്ല. എല്ലാം തന്റെ പ്രാര്‍ത്ഥനയുടെ ഫലം.ദൈവത്തെ എത്ര സ്തുതിച്ചാലും മതിയാകില്ല,,,
വണ്ടി വീണ്ടും കുറച്ചു നേരം ഓടി.വലിയൊരു ടെക്സ്റ്റൈല്‍ ഷോപ്പിന്റെ മുമ്പില്‍ നിറുത്തി.
വാ,, അമ്മെ അമ്മക്കു കുറച്ചു ഡ്രസ്സ് എടുക്കാം,,, എല്ലാം പഴയതായിരിക്കുന്നു,,,,
താന്‍ വേണ്ട എന്നു പറഞ്ഞിട്ടും അവന്‍ സമ്മതിച്ചില്ല,, തനിക്കൊരു സെറ്റു മുണ്ട്,, മതിയെന്നു പറഞ്ഞു,,, ടെക്സ്റ്റൈല്‍സ് ഷോപ്പില്‍ നല്ല തിരക്കായിരുന്നു. മകനും മരുമകളും കൂടി എന്തൊക്കെയൊ വാങ്ങുന്നുണ്ട്,, തിരക്കില്‍ നിന്നും കുറച്ചു മാറിനിന്നു. അരമണിക്കൂറിനുശേഷം മകനും മരുമകളും കൂടി നാലഞ്ച് വലിയ കവറുമായി തന്റെ അടുത്തേക്കു വന്നു,,
വാ,,അമ്മെ പോകാം,,, ഇതെല്ലാം അമ്മക്കുള്ളതാണ് ,,,
എനിക്കെന്തിനാ മോനെ ഇത്ര അധികം ഡ്രസ്സ്,,, അപ്പൊ,,നിങ്ങളൊന്നും വാങ്ങിയില്ലെ,,?
ഇരിക്കട്ടെ അമ്മെ,, കുറച്ചായില്ലെ ഞാന്‍ അമ്മക്കു പുതിയ ഡ്രസ്സെല്ലാം എടുത്തു തന്നിട്ട്,, ഞങ്ങളൊക്കെ ഇടക്കെടുക്കാറുള്ളതാണ്‍,,,
താനൊന്നും മിണ്ടിയില്ല,,, സന്തോഷം കൊണ്ട് തന്റെ മനം നിറഞ്ഞിരുന്നു,,,
മരുമകള്‍ കവറുകളെല്ലാം ഡിക്കിയില്‍ വച്ചു,, മോന്‍ ആരോടോ ഫോണില്‍ സംസാരിക്കുന്നു,,, കാറില്‍ കയറിയിരുന്നു,,, മരുമകള്‍ ബാക്കില്‍ കയറി,,, ദൈവമേ,,, നിന്നെയെത്ര സ്തുതിച്ചാലും മതിയാകില്ല,,,, എന്റെ മോനിക്കു നല്ലതുമാത്രം വരുത്തണമേ,,,
എടീ,, എല്ലാം ശരിക്കു വച്ചില്ലെ,,,
മകനതു ചോദിച്ചു കൊണ്ട് ഡിക്കിയൊന്നുകൂടി പരിശോധിച്ചു,,, അവസാനം എല്ലാം ഉണ്ടെന്നുറപ്പു വരുത്തി,, ഡ്രൈവിഗ് സീറ്റില്‍ കയറിയിരുന്നു,,, ഇതുവരെയുള്ളകാര്യങ്ങളെല്ലാം ഒകെയാണെന്നു മനസ്സിലൊന്നു കൂടി ഉറപ്പു വരുത്തി. കാര്‍ സ്റ്റാര്‍ട്ട്ചെയ്തു,, അമ്മയെയൊന്നു നോക്കി,,, അമ്മ നേരിയ ഉറക്കത്തിലെന്നപോലെ കണ്ണടച്ചിരിക്കുകയായിരുന്നു,,,,,
കാര്‍ മെയിന്‍ റോട്ടിലേക്കിറക്കി,,, അടുത്തുള്ള വ്യദ്ധസദനം ലക്ഷ്യമാക്കി പാഞ്ഞു,,,
അമ്മമനസ്സ് അപ്പോഴും പ്രാര്‍ത്ഥിക്കുകയായിരുന്നു,,,,
ദൈവമേ,,, എന്റെമകനു നല്ലതു മാത്രം വരുത്തണമേ,,,,

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ