2014 ജൂലൈ 29, ചൊവ്വാഴ്ച

പ്രവാസത്തിലെ നൊമ്പരങ്ങള്‍


അബുദാബിയില്‍ സുഹ്രുത്തിന്‍റെയടുത്ത് പോയി മടങ്ങി വരുന്ന വഴി ബസില്‍ വെച്ചാണ് കോഴിക്കോട് സ്വദേശി മുഹമ്മദ്ക്കയെ ഞാന്‍ പരിചയപെട്ടത്. അബുദാബി ബസ്റ്റാന്‍റില്‍ എന്നെ ഡ്രോപ്പ് ചെയ്ത് സുഹ്രുത്ത് മടങ്ങിപോയി. ദുബായിലേക്കുള്ള ടിക്കറ്റെടുത്ത് ബസില്‍ കയറിയപ്പോള്‍ സീറ്റുകള്‍ മിക്കതും കാലിയായിരുന്നു.അതുകൊണ്ട് തന്നെ ഇരിക്കാന്‍ സൈഡ് സീറ്റ് തേടി അധികം അലയേണ്ടി വന്നില്ല.ബസ്സില്‍ സൈഡ് സീറ്റിലിരുന്ന് യാത്ര ചെയ്യല്‍ പണ്ട് മുതലെ എനിക്കൊരുപാട് ഇഷ്ടമുള്ള കാര്യമായിരുന്നു.രണ്ട് മണിക്കൂറ് പിടിക്കും ദുബൈലെത്താന്‍.,ഹെഡ്സെറ്റെടുക്കാന്‍ മറന്നത് കൊണ്ട് മൊബൈലില്‍ പാട്ടുകേള്‍ക്കാനും വഴിയില്ല.ഇനി ഉറക്കം തന്നെ ശരണം എന്ന് വിചാരിച്ച് കണ്ണടച്ചിരുന്നു ചെറുതായൊന്ന് മയങ്ങി. കണ്ണ് തുറന്നപ്പോള്‍ ബസ് ഓടികൊണ്ടിരിക്കുകയാണ്. സീറ്റുകളെല്ലാം ഫുള്ളായിരിക്കുന്നു.പത്തമ്പത് വയസ് തോന്നിക്കുന്ന ഒരാള്‍ എന്‍റെ തൊട്ടടുത്തിരിക്കുന്നു.മലയാളിയാണ് അരോടോ ഫോണില്‍ സംസാരിക്കുന്നുണ്ടായിരുന്നു.വല്ലതും സംസാരിച്ച് പോകാമെന്ന് വിചാരിച്ച് നോക്കിയപ്പോള്‍ ആളല്പ്പം ഗൗരവത്തിലാണെന്ന് തോന്നി.പിന്നെ ഞാനൊന്നും മിണ്ടാന്‍ നിന്നില്ല.വീണ്ടും കണ്ണടച്ചിരുന്നു.ഫോണ്‍ റിംഗ് ചെയ്യുന്നത് കേട്ടാണ് കണ്ണ് തുറന്നത്.ദുബായില്‍ നിന്ന് കുട്ടിക്കയായിരുന്നു. ഞങ്ങടെ കമ്പനിയിലെ കുക്കാണ് കുട്ടിക്ക എന്ന ബീരാന്‍ കുട്ടിക്ക.എന്നെപ്പോലെ മലപ്പുറത്തുകാരന്‍.........,ദുബായില്‍ വന്നിട്ടും നാട്ടിലെ ഭക്ഷണത്തിന്‍റെ രുചി പൂര്‍ണമായും നാവില്‍ നിന്നും പോകാതിരിക്കാന്‍ കാരണം കുട്ടിക്കയുടെ പാചകം തന്നെയായിരുന്നു.അതുകൊണ്ട് തന്നെ എവിടെപോയാലും മിക്കവാറും റൂമില്‍ പോയേ ഭക്ഷണം കഴിക്കാറുള്ളു.ഞാന്‍ ഉച്ചക്ക് ഭക്ഷണത്തിനുണ്ടാകുമോ എന്നറിയാന്‍ വിളിച്ചതാണ്.ഇന്നലെ പോന്നതായിരുന്നല്ലൊ.എന്താ സ്പെഷലെന്ന് ചുമ്മാ ചോദിച്ചു.എന്തായാലും അവിടെപോയിട്ടെ ഭക്ഷണം കഴിക്കുകയുള്ളുവെന്ന് മുന്നേ തീരുമാനിച്ചതാണ്. എന്നാലും സാമ്പാറും രസവുമെല്ലാം ഉണ്ടെന്നറിഞ്ഞപ്പോള്‍ ഒന്നു കൂടി ഉല്‍സാഹം കൂടി.നോണ്‍ വെജിനേക്കാള്‍ എനിക്കേറെ പ്രിയം വെജിനോടാണ്. ഉച്ചയാകുമ്പോഴേക്കും അങ്ങോട്ടെത്തുമെന്ന് പറഞ്ഞ് ഫോണ്‍ കട്ടാക്കി.

 പുറത്ത് ചെറിയതോതില്‍ പൊടിക്കാറ്റുണ്ട്. ഞാന്‍ തിരിഞ്ഞ് അടുത്തിരിക്കുന്നയാളെയൊന്ന് നോക്കി. ആളെന്തോ ആലോചനയിലാണെന്ന് തോന്നി.രണ്ടും കല്പ്പിച്ച് പരിചയപ്പെടാന്‍ തന്നെ തീരുമാനിച്ചു.സംസാരിക്കാന്‍ ഇഷ്ടമില്ലാത്തയാളാണെങ്കില്‍ ഒഴിവാക്കാം.അല്ലെങ്കില്‍ ദുബൈ വരെ വല്ലതും പറഞ്ഞിരിക്കാമല്ലൊ.

നാട്ടിലെവിടെയാ വീട്?  എന്‍റെ ചോദ്യം കേട്ട് അയാളെന്നെനോക്കിയൊന്ന് ചിരിച്ചു.പിന്നെ പറഞ്ഞു.
കോഴിക്കോട്, മുഹമ്മദ്ന്നാ പേര്,,
 നാട് ചോദിച്ചപ്പോള്‍ പേരും കൂടെ പറഞ്ഞപ്പോള്‍ തന്നെ ആളൊരു സംസാരപ്രിയനാണെന്നെനിക്ക് തോന്നി.സംസാരിച്ച് തുടങ്ങിയപ്പോ തന്നെ ആളൊരു നാടന്‍ കാക്കയാണെന്ന് മനസ്സിലായി.കേള്‍ക്കാന്‍ ഇമ്പമുള്ള സംസാരം.
ദുബായില്‍ ഒരറബി വീട്ടില്‍ ഡ്രൈവറായി ജോലിനോക്കുകയാണ്.മുന്‍പേതൊ കമ്പനിയിലായിരുന്നു.അവിടുത്തെ ജോലി നഷ്ടപെട്ടപ്പോള്‍ തല്‍ക്കാലം കയറിയതാണവിടെ.മുപ്പതു വര്‍ഷത്തില്‍ കൂടുതലായി പ്രവാസിയായിട്ട്.ഞാന്‍ ജനിക്കുന്നതിനും മുന്‍പെ എത്തിയയാളാണ്.ഇതിനിടയില്‍ എന്‍റെ പേരും നാടുമെല്ലാം മുഹമ്മദ്ക്ക ചോദിച്ചറിഞ്ഞിരുന്നു.സംസാരത്തിനിടയില്‍ മുഹമ്മദ്ക്കാന്‍റെ ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങി.മുഖത്തെ സന്തോഷം കണ്ടപ്പോള്‍ തന്നെ നാട്ടില്‍ നിന്നാണെന്നെനിക്കു മനസ്സിലായി. കുറച്ചെന്തൊക്കെയോ സംസാരിച്ച്  റൂമിലെത്തിയിട്ടു വിളിക്കാമെന്ന് പറഞ്ഞ് ഫോണ്‍ കട്ടാക്കി  മുഹമ്മദ്ക്ക എന്നെ നോക്കി.ആ കണ്ണുകളല്പ്പം നിറഞ്ഞിരിക്കുന്നോ എന്നെനിക്കു തോന്നി,കുറച്ചുനേരം മൗനമായിട്ടിരുന്നിട്ട് എന്നോട് പറഞ്ഞു നാട്ടില്‍ നിന്നാണ് വിളിച്ചത് ഇന്നെന്‍റെ ചെറിയ മോളെ കല്യാണമാണ്,
ഒഹോ,,,പിന്നെന്താ നാട്ടില്‍ പോകാഞ്ഞത്,, ലീവ് കിട്ടിയില്ലെ,,, ഞാന്‍ കുറച്ചാശ്ചര്യത്തോടെയാണ് ചോദിച്ചത്,

മുഹമ്മദ്ക്ക എന്നെ നോക്കി ചെറുതായൊന്ന് മന്ദഹസിച്ചു,,  പിന്നെ പറഞ്ഞു,,, ലീവ് ചോദിച്ചാല്‍ കിട്ടുമായിരുന്നു,,പക്ഷെ ഇപ്പോള്‍ നാട്ടില്‍ പോക്ക് ഒരുപാട് സാമ്പത്തിക ബാധ്യതയുണ്ടാക്കും.പിന്നെ അവിടെയിപ്പോള്‍ എന്‍റെ സാനിധ്യത്തേക്കാള്‍ ആവശ്യം പണമാണ്.അതും കൂടി അറേഞ്ച് ചെയ്യാനാ ഞാന്‍ അബുദാബി വരെ പോയത്.പടച്ചോന്‍റെ ബറ്ക്കത്ത് കൊണ്ട് എല്ലാം ശരിയായി. പിന്നെ വീട്ടുകാരെ പറ്റി മുഹമ്മദ്ക്ക വാചാലനായി.
മൂന്ന് മക്കളാണ്.രണ്ട് പെണ്ണും ഒരാണും.മൂത്തമോളെ നേരത്തെ കല്യാണം കഴിപ്പിച്ചയച്ചു.അന്നും നാട്ടില്‍ പോക്ക് നടന്നില്ല.രണ്ടാമത്തെ മോളുടെ കല്യാണത്തിന് എങ്ങനെയും പോകണമെന്ന് വിചാരിച്ചതായിരുന്നു. അതിനിടയിലാണ് ജോലി നഷ്ടമായതും പുതിയ ജോലിയില്‍ കയറേണ്ടി വന്നതും.മോന്‍ ഒരു പ്രൈവെറ്റ് സ്കൂളില്‍ അധ്യാപകനാണ്.പി എസ് സി ഒക്കെയെഴുതിയിട്ടുണ്ട്.എവിടെങ്കിലും കിട്ടാതിരിക്കില്ല. ഏതായാലും ഒരുവര്‍ഷം കൂടി കഴിഞ്ഞാല്‍ ഈ പ്രവാസത്തിനൊരു വിരാമമിടാനാണ് തീരുമാനം.
എന്നാല്‍ മോനെ ഇങ്ങോട്ട് കൊടുന്നുകൂടെ എന്ന എന്‍റെ ചോദ്യത്തിന് മുഹമ്മദ്ക്കാന്‍റെ മറുപടി എന്നെ അതിശയിപ്പിച്ചു,,
എന്‍റെ ജീവിതത്തിന്‍റെ നല്ലൊരു ഭാഗം ഇവിടെ പോയി.എന്തിനാ വെറുതെ അവന്‍റെ ജീവിതവും ഈ മരുഭൂമിയില്‍ കളയുന്നത്.അവനോട് നാട്ടിലെവിടെങ്കിലും ജോലി നോക്കാന്‍ ഞാന്‍ പറഞ്ഞതാണ്.അവനും അതാണിഷ്ടം.പിന്നെ അവന് പ്രത്യേകിച്ച് പ്രാരാബ്ധങ്ങളൊന്നുമില്ലല്ലൊ,,
ഏതായാലും ഒരു വര്‍ഷം കൂടി ഇവിടെ നില്‍ക്കണം.പിന്നെ നാട്ടില്‍ പോയി കുറച്ച് കാലമെങ്കിലും കുടുംബത്തോടൊത്ത് കഴിയണം.വീടും കുറച്ചു സ്ഥലങ്ങളൊക്കെയുണ്ട്.മകന്‍റെ കല്യാണം നല്ലരീതിയില്‍ നടത്തണം.പടച്ചോന്‍റെ ഖുദ്റത്തുണ്ടെങ്കില്‍ എല്ലാം നടക്കും.
മുഹമ്മദ്ക്കാന്‍റെ മുഖത്ത് അതിന്‍റെ ആത്മവിശ്വാസം കാണുന്നുണ്ടായിരുന്നു.

സാധാരണ മക്കളെ ഏതുവിധേനയും ഗള്‍ഫിലോട്ട് കൊണ്ടുവന്ന് ജോലി ശരിയാക്കി നാട്ടില്‍ പോയി ശിഷ്ടകാലം കഴിയാനാണ് ഭൂരിപക്ഷ പ്രവാസി പിതാക്കളും വിചാരിക്കുന്നത്.മുഹമ്മദ്ക്ക അതില്‍ നിന്നെത്രയോ വിത്യസ്തന്‍...,എനിക്ക് അദ്ധേഹത്തിനോട് ചെറിയൊരാരാധന തോന്നി.

കയ്യിലെ കവറിനുള്ളില്‍ നിന്ന് കുറച്ച് ചോക്കളേറ്റുകളെടുത്ത് എനിക്ക് നേരെ നീട്ടി.
മോളെ കല്യാണായിട്ട് ചെങ്ങായിമാര്‍ക്ക് കൊടുക്കാന്‍ വാങ്ങിയതാണ്.
ഞാന്‍ ചോക്കളേറ്റെടുത്ത് ബാഗിനുള്ളില്‍ വച്ചു.എന്‍റെ മനസ്സിലും എന്തൊക്കെയോ മിന്നി മറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

ബര്‍ദുബായില്‍ ബസ്സിറങ്ങി.വെയിലിനു നല്ല ചൂടുണ്ട്.മുഹമ്മദ്ക്കയോട് യാത്രപറഞ്ഞ് മെട്രോസ്റ്റേഷന്‍ ലക്ഷ്യമാക്കി നടക്കുമ്പോള്‍ ഞാനൊന്ന് തിരിഞ്ഞു നോക്കി.ഒരു കയ്യില്‍ കവറും തൂക്കി തനിക്കു പോകാനുള്ള ബസ്സും നോക്കി മുഹമ്മദ്ക്ക നടക്കുകയാണ്.കയ്യിലെ തൂവാല കൊണ്ട് മുഖത്തേയും കഴുത്തിലേയും വിയര്‍പ്പ് അമര്‍ത്തി തുടക്കുന്നു.മുപ്പത് വര്‍ഷത്തിലേറെയുള്ള പ്രവാസജീവിതത്തിന്‍റെ പ്രതിഫലനം ആ നടത്തത്തില്‍ തെളിഞ്ഞു കാണാമായിരുന്നു.

ഞാന്‍ വാച്ചില്‍ നോക്കി.സമയം 11.30 കഴിഞ്ഞിരിക്കുന്നു.നാട്ടിലിപ്പോള്‍ കല്യാണത്തിന്‍റെ മേളമായിരിക്കും കുടുംബക്കാരും നാട്ടുകാരുമെല്ലാം ഒത്തു കൂടി സന്തോഷിക്കുമ്പോള്‍ അതിലേറെ സന്തോഷിക്കേണ്ട ആള്‍ കത്തുന്ന വെയിലില്‍ വിയര്‍ത്തൊലിച്ച് ഈ മരുഭൂമിയില്‍ നടക്കുന്നു.

പടച്ചോനെ,,, നാളെ ഞാനും,,, മനസ്സിലൊരു കാളല്‍,,,

വെയിലിന്‍റെ ചൂട് കൂടി വരികയാണ്,,റുമിലെത്താന്‍.. ഇനിയും ഒരു മണിക്കൂര്‍ പിടിക്കും.ബാഗ് തുറന്ന് ചോക്കളേറ്റുകളിലൊന്നെടുത്ത് റാപ്പര്‍ കളഞ്ഞ് വായിലേക്കിട്ടു.നല്ല മധുരമുള്ള ചോക്കലേറ്റ്.എന്തോ എനിക്കതില്‍ ചെറിയൊരു ഉപ്പുരസമനുഭവപെട്ടു.

ഒരു പ്രവാസിയുടെ കണ്ണുനീരിന്‍റെ ഉപ്പു രസം,,,

ഒരു ഇന്‍റര്‍‌വ്യു വീരഗാഥ,,,


എസ്.എസ്.എല്‍.സി ക്ലാസോടെ പാസായതില്‍ പിന്നെ നാട്ടിലും വീട്ടിലും കുറച്ചു കാലം ഞാന്‍ സ്റ്റാറായിരുന്നു.അന്ന് ഇന്നത്തെ പോലെയൊന്നു മായിരുന്നില്ല എസ്.എസ്.എല്‍.സി എന്നത് ഞങ്ങടെ നാട്ടിലെ പിള്ളാരെ സംബന്ധിച്ച് പലര്‍ക്കും ഒരു ബാലികേറാമല തന്നെയായിരുന്നു. എല്ലാവരുടേയും അഭിനന്ദനപ്രവാഹങ്ങള്‍ കൂടിയായപ്പോള്‍ എനിക്ക് രണ്ടിഞ്ജു പൊക്കം കൂടിയോ എന്നെനിക്കു തോന്നി.അവസാനം കണ്ണാടിയില്‍ പോയി നോക്കിയപ്പോഴാണ് എല്ലാം എന്‍റെ തോന്നലായിരുന്നെന്നും ഞാന്‍ അഞ്ജടി പോലും ഉയരമില്ലാത്ത മീശപോലും കിളര്‍ക്കാത്ത ആ പഴയ കോലത്തില്‍തന്നെയാണെന്നെനിക്കു മനസ്സിലായത്.ഏതായാലും അടുത്തുള്ള കോളേജുകളിലും പ്ലസ്ടുകളിലും പോയി അപേക്ഷ ഫോമുകള്‍ വാങ്ങികൊണ്ടു വന്നു.കോളേജുകളില്‍ പ്രീഡിഗ്രി പൂര്‍ണമായും വേര്‍പ്പെടുത്താന്‍ പോകുന്ന കാലംപുതുതായി സ്കൂളുകളില്‍ പ്ലസ്ടു വാണ് പകരം വന്നിരുന്നത്.അതുകൊണ്ടു തന്നെ പരിമിത സീറ്റുള്ള കോളേജുകളില്‍ എനിക്കു കിട്ടുമെന്നുറപ്പുണ്ടായിരുന്നില്ല.മാത്രമല്ല കോളേജിനേക്കാള്‍ നല്ലത് പ്ലസ്ടുവാണെന്നും പ്ലസ്ടു സയന്‍സ് ഗ്രൂപ്പെടുത്താല്‍ നിങ്ങള്‍ക്ക് എഞ്ജിനീയറോ ഡോക്ടറോ ആകാമെന്നും കോളേജുകളില്‍ ഫസ്റ്റ് ഗ്രൂപ്പോ സെക്കന്‍റ് ഗ്രൂപ്പോ എടുത്തു പഠിക്കുന്നവര്‍ക്ക് ഇതിലേതെങ്കിലും ഒന്നിനു മാത്രമേ ചേരാന്‍ കഴിയുകയുള്ളു  എന്നും പറഞ്ഞ ശ്രീകുമാരന്‍ മാഷിന്‍റെ വാക്കുകളും എനിക്കു പ്ലസ്ടു സയന്‍സ് ഗ്രൂപ്പെടുത്ത് പഠിക്കണമെന്ന മോഹം വര്‍ദ്ധിപ്പിച്ചു.
അതു കൊണ്ടൊക്കെ തന്നെ കൊടുത്ത ഫോമുകളിലെല്ലാം സയന്‍സ് ഗ്രൂപ്പാണ് ഫസ്റ്റ് ഓപ്ഷനായി കൊടുത്തത്.ഏകദേശം പത്തിരുപത് ദിവസങ്ങള്‍ക്കു ശേഷം രണ്ടിന്‍റര്‍‌വ്യൂ കാര്‍ഡുകള്‍ പോസ്റ്റ്മാന്‍ കൊണ്ടുവന്ന് തന്നപ്പോള്‍ ശരിക്കും ഞാന്‍ ത്രില്ലടിച്ചു.ഒന്ന് സയന്‍സ് ഗ്രൂപ്പിന് വെയ്റ്റിങ് ലിസ്റ്റില്‍ അടുത്തദിവസം രാവിലെ നടക്കുന്ന ഇന്‍റര്‍‌വ്യൂ വിന്‍റേയും മറ്റേത് രണ്ടു നാളുകള്‍ക്ക് ശേഷം നടക്കുന്ന കൊമേഴ്സ് ഗ്രൂപ്പിന്‍റെ ഷുവ‌ര്‍ ലിസ്റ്റിലേക്കുള്ള ഇന്‍റര്‍‌വ്യുവുമായിരുന്നു. പക്ഷേ എനിക്കു സയന്‍സ് ഗ്രൂപ്പില്‍ എങ്ങനെയെങ്കിലും കിട്ടിയാല്‍ മതിയെന്ന ചിന്തയാണ് ഉണ്ടായിരുന്നത്.

ഉമ്മാ,,,ഇന്‍റര്‍‌വ്യൂ കാര്‍ഡ് വന്നിരിക്കുന്നു നാളെ ഇന്‍റര്‍‌വ്യൂവുണ്ട്.ഞാന്‍ ഇന്‍റര്‍‌വ്യു കാര്‍ഡെടുത്ത് ഉമ്മാനെകാണിച്ചു. ഉമ്മാക്കും ഭയങ്കര സന്തോഷമായി.

നാളെ എങ്ങനാ പോക,,,ഞാന്‍ വരണോ,,   ഉമ്മ ചോദിച്ചു

അതൊന്നും വേണ്ട ഞാനൊറ്റക്കു പൊക്കോളാം എന്ന് പറഞ്ഞെങ്കിലും എന്നെ സംബന്ധിച്ച് ഇന്‍റര്‍‌വ്യൂ എന്നത് കേട്ട് പരിചയമുള്ള വാക്ക് മാത്രമായിരുന്നു.ഏതായാലും ആരോടെങ്കിലും ചോദിക്കാം എന്നു വിചാരിച്ചാണ് റോട്ടിലേക്കിറങ്ങിയത്.

മുത്തോ,,ജ്ജെവിട്ക്കാടാ,,,
എന്നും ചോദിച്ച് കുഞ്ഞാപ്പു എന്‍റടുത്ത് സൈക്കിളില്‍ വന്നിറങ്ങി.

കുഞ്ഞാപ്പു എന്‍റെ സ്നേഹിതനാണ്.ഒന്നിച്ചു പഠിച്ചതാണെങ്കിലും എന്നേക്കാള്‍ ഒരു വയസിനു മൂത്തതാണ്.പത്താം ക്ലാസ് തോറ്റതാണെങ്കിലും എന്നെ സംബന്ധിച്ച് കുഞ്ഞാപ്പുവിന് ലോകവിവരം കൂടുതലാണ്.അഞ്ജാം ക്ലാസില്‍ പഠിക്കുമ്പോതന്നെ കുഞ്ഞാപ്പു ഒറ്റക്ക് ബസില്‍ പലസ്ഥലത്തും
പോയിട്ടുണ്ട്.അതുകൊണ്ടൊക്കെ തന്നെ എനിക്കു കുഞ്ഞാപ്പുവിനോട് ചെറിയൊരു
ആരാധനയുണ്ടായിരുന്നു.

എടാ,,എനിക്കു ഇന്‍റര്‍‌‌വ്യു കാര്‍ഡ് വന്നിട്ടുണ്ട്.നാളെയാണ് ഇന്‍റര്‍‌വ്യൂ .അതിനെ കുറിച്ച് ആരോടെങ്കിലും ചോദിക്കാനിറങ്ങിയതാ....ഞാന്‍ പറഞ്ഞു

അത്പ്പന്താടാ ചോയ്ക്കാനുള്ളത് .ന്‍റെ അമ്മായിന്‍റെ മോനും കഴിഞ്ഞയാഴ്ച്ചയൊരു ഇന്‍റര്‍‌വ്യുവിന്
പോയിരുന്നു.ഓന്‍ ന്‍റായിരിയൊന്നൊമല്ല പഠിപ്പിസ്റ്റാ.ഓന്‍ ന്നോട് പറഞ്ഞിട്ടുണ്ട് എന്തൊക്കെണ്
ഓല് ചോയ്ച്ചതെന്ന്.എനിക്കു കുഞ്ഞാപ്പുവിനോടുള്ള അരാധന ഒന്നു കൂടി വര്‍ദ്ധിച്ചു.

ഇജ്ജ്,, അന്‍റെ സര്‍ട്ടിഫിക്കറ്റൊക്കെ കൊണ്ടൊയ്ക്കോളോണ്ടി.അതൊക്കെ നോക്കും.പിന്നെ അന്നോട് കൊറച്ച് ചോദ്യം ചോദിക്കും.ഞമ്മള്‍ പഠിച്ചതില്‍ നിന്നാകും അനക്കതൊന്നും പ്രശ്നണ്ടാകൂല,ഇജ്ജും ഒരു പഠിപ്പിസ്റ്റല്ലെ.ഹ,,ഹ,,,കുഞ്ഞാപ്പു തന്‍റെ സ്വതസിദ്ധശൈലിയിലൊന്നു ചിരിച്ചുകൊണ്ടു പറഞ്ഞു

എടാ,,ക്ക്,,കുറ്റിപ്പുറമൊന്നു പോകണം,,,ഒരാളെ കാണാനുണ്ട്,,, പിന്നെ,,,ഇന്‍റര്‍‌വ്യൂ കിട്ടിയാ ഞമ്മക്ക് പാര്‍ട്ടി വേണട്ടാ,,, അതും പറഞ്ഞ് കുഞ്ഞാപ്പു സൈക്കിള്‍ ആഞ്ഞു ചവിട്ടി പോയി,,,
ഹൊ,,,ഏതായാലും കുഞ്ഞാപ്പുവിനെ കണ്ടതു നന്നായി,,,, ഏതായാലും ചോദ്യങ്ങള്‍ ചോദിക്കുമെന്നു പറഞ്ഞ സ്ഥിതിക്ക് പുസ്തകമൊക്കെയൊന്നു നോക്കി കളയാം,,,എല്ലാം മറന്നിരിക്കുന്നു,,, ഞാന്‍ തിരിച്ച് വീട്ടിലേക്കു നടന്നു,,,,,,,അടുക്കി വെച്ചിരുന്ന പുസ്തകങ്ങളില്‍ നിന്നു സയന്‍സ് പുസ്തകങ്ങളെടുത്ത് വെളിയിലെടുത്ത് വെച്ചു.എല്ലാം ഉമ്മ വ്യത്തിയായി അടുക്കി വെച്ചതായിരുന്നു,,,

എന്താടാ,,ജ്ജവിടെ കാട്ടണത്,,,,ഞ്ഞതെല്ലാം എടുത്ത് പരത്തിട്ടൊ,,,,ഒക്കെ നേരാക്കി വെക്കാന്‍ ഞാനുണ്ടല്ലൊ,,,, ഉമ്മ ചൂടിലാണ്,,,

അതല്ലമ്മാ,,,, നാളെ ഇന്‍റര്‍‌വ്യുവിന് ഇതില്‍ നിന്നെന്തെങ്കിലും ചോദിക്കും ,,ഞനൊക്കെ മറന്നിരിക്കുന്നു,,,അതൊക്കെ ഒന്നു നോക്കുകയാണ്.ഞാന്‍ പറഞ്ഞു.

എന്നാ,,,ശരിക്ക് നോക്കിക്കൊ,,,ഇഞ്ഞിന്ന് പൊറത്തൊന്നും പോകണ്ട,,,, അതും പറഞ്ഞ് ഉമ്മ അടുക്കളേക്ക് പോയി.

പടച്ചോനെ ഇതൊക്കെ വീണ്ടും ആവശ്യം വെരുമെന്ന് തീരെ വിചാരിച്ചിരുന്നില്ല.ആരും പറഞ്ഞുമില്ല.ഈ കുഞ്ഞാപ്പുന്‍റെ വിവരം കൂടി ഒരാള്‍ക്കുമുണ്ടായില്ലല്ലൊ.എന്തൊക്കെയോ കുറച്ച്
നോക്കി വെച്ചു.പിറ്റേ ദിവസം രാവിലെ നേരത്തെ എണീറ്റ് ഫ്രഷായി ഭക്ഷണമൊക്കെ കഴിച്ച് പുതിയ ഡ്രസ്സെല്ലാം ധരിച്ച് സര്‍ട്ടിഫിക്കറ്റുകളെല്ലാം ഫയലിലാക്കി ഇന്‍റര്‍‌വ്യുവിനുള്ള തയ്യാറെടുപ്പ് തുടങ്ങി.

എടാ,,,ആ മുടിയൊക്കെ ഒന്നു വാര്‍ന്നോക്ക്,,,, പ്ലസ്ടുവാണെങ്കിലും ജ്ജൊരു കോളേജ് കുമാരനാകാന്‍ പോകാണ്ന്നത് മറക്കണ്ട,,,  ഉമ്മയാണ്
പൊതുവേ മുടി ചീകുന്ന സ്വഭാവം എനിക്കില്ല,,, ഇനി ഉമ്മ പറഞ്ഞതല്ലെ എന്നു വിചാരിച്ച് മുടിയൊരുഭാഗത്തേക്ക് ചീകി വെച്ചു,,,

എടാ,,ഞാന്‍ വരണോ,,,?
 ഉമ്മയുടെ ചോദ്യത്തിന് വേണ്ട ഞാനൊറ്റക്കുതന്നെ പൊയ്ക്കോളയെന്നു പറഞ്ഞ് ഞാന്‍ പോകാനിറങ്ങി,,ഒന്നരകിലോമീറ്റര്‍ പോകണം ബസു കിട്ടാന്‍,,, അതുവരെ സൈക്കിളിലാണ് പോകാറ്,,

എടാ,,ജ്ജ്,,,നോക്കി പോണട്ടാ.. സൈക്കിളെടുത്ത് പോകാന്‍ നേരം ഉമ്മ വിളിച്ചു പറഞ്ഞു,,,
ബസ്റ്റോപ്പില്‍ സൈക്കിള്‍ പാര്‍ക്ക് ചെയ്ത് ബസിനു കാത്തു നിന്നു.രണ്ടു ബസ് കയറി പോകണം ഇന്‍റര്‍‌വ്യു നടക്കുന്ന സ്കൂളിലെത്താന്‍.അവസാനം ബസൊക്കെ കിട്ടി സ്കൂളിലെത്തി.ഒരുപാടു പേരുണ്ട്.നാട്ടുകാരെയും വീട്ടുകാരേയും വിളിച്ചിട്ടാണ് ഓരോര്‍ത്തര്‍ വന്നതെന്നു തോന്നുന്നു,,,കുറേ മുതിര്‍ന്നവരുണ്ട്,,
ഹും,,ചിലപ്പോ ഒറ്റക്കു വരാന്‍ പേടിയുള്ളവരാകും,,,എല്ലാവരും എന്നെപ്പോലെയഅകില്ലല്ലൊ,,, ഞാന്‍ മനസ്സിലോര്‍ത്തു,,
കുറച്ചു ദൂരത്തുള്ള സ്കൂളായത് കൊണ്ടാണെന്ന് തോന്നുന്നു.പരിചയമുള്ള മുഖമൊന്നും ഞാന്‍ കണ്ടില്ല.ഏതായാലും ഞാനേന്‍റെ പേരു വിളിക്കുന്നതും കാത്ത് ഓഫീസിനു മുന്‍പില്‍ നിന്നു. അരമണിക്കൂര്‍ കഴിഞ്ഞില്ല എന്‍റെ പേര് വിളിച്ചു,,ചെറിയൊരു പേടിയുണ്ടായിരുന്നെങ്കിലും അത് പുറത്തു കാണിക്കാതെ ഞാന്‍ ഓഫീസിനുള്ളിലേക്കു കയറിചെന്നു എന്‍റെ പേരു വിളിച്ച കണ്ണടവെച്ച ആളുടെ മുന്‍പില്‍ ചെന്നു നിന്നു.ഇന്‍റര്‍‌വ്യു കാര്‍ഡ് കൊടുത്തു.
കണ്ണടയുടെ മുകളിലൂടെ കുറച്ചു സംശയത്തോടെ എന്നെ നോക്കി കൊണ്ടു ചോദിച്ചു,,,

തന്‍റെ കൂടെയാരും വന്നിട്ടില്ലെ?

ഇല്ല,,ആരും വന്നിട്ടില്ല,,,ഞാനൊറ്റക്കാണു വന്നത്,,,, കുറച്ചഭിമാനത്തോടെ ഞാന്‍ പറഞ്ഞു,,,

ഒറ്റക്കോ,,,,അതെന്താ നിനക്ക് രക്ഷിതാക്കളില്ലെ,,?
ഇപ്രാവശ്യം ചോദ്യമിത്തിരി ഉറക്കെയായിരുന്നു,,,ആരൊക്കെയോ എന്നെ നോക്കാന്‍ തുടങ്ങി,,,

ഉണ്ട്,,ഉപ്പ ദുബായിലാണ്,,,ഉമ്മ വീട്ടിലുണ്ട്,, ഒറ്റക്കു വന്നാമതിയെന്നാ ഞാനറിഞ്ഞത്. ഞാന്‍ ശബ്ദം താഴ്ത്തി പറഞ്ഞു.കാര്യം പന്തിയല്ലായെന്നെനിക്കു മനസ്സിലായി,,,

ഒറ്റക്കു വന്നാമതിയെന്നു തന്നോടാരാ പറഞ്ഞത്,,,?
ഞാനൊന്നും മിണ്ടിയില്ല,,,, അല്ലെങ്കിലും കുഞ്ഞാപ്പുവിനെ ഇവരെങ്ങനെയറിയാനാ,,,

ഏതായാലും,,,, നിന്‍റെ ഉമ്മാനെ വിളിച്ചു കൊണ്ടു വാ,,,ബാക്കിയുള്ളൊരെ ചേര്‍ത്തിട്ട് സീറ്റുണ്ടെങ്കില്‍ നോക്കാം.രക്ഷിതാക്കളില്ലാതെയിവിടെയാരേയും ചേര്‍ക്കില്ല.അതും പറഞ്ഞ് അദ്ദേഹം അടുത്ത പേര് വിളിച്ചു.ഞാനൊന്നും മിണ്ടാതെ തലയും താഴ്ത്തി പുറത്തേക്കിറങ്ങി.ആരൊക്കെയോ എന്നെനോക്കി അടക്കി ചിരിക്കുന്നു.അതില്‍ ചില തരുണികളുമുണ്ടെന്നു കണ്ടപ്പോള്‍ കുഞ്ഞാപ്പുവിനെ ഞാന്‍ മനസില്‍ ഒരുപാട് പ്രാകി.ഡോക്ടറോ എഞ്ജിനീയറോ ആകല്‍ എനിക്കു പറഞ്ഞിട്ടുള്ള കാര്യമായിരിക്കില്ല.ഞന്‍ മനസ്സില്‍ എന്‍റെ വിധിയെ പഴിച്ചു.ഏതായലും ഉമ്മാക്കൊന്നു വിളിച്ച് നോക്കാമെന്നു വെച്ചു.ചിലപ്പോ സീറ്റു ബാക്കിയുണ്ടായാലോ,,,
സ്കൂളിനടുത്തുള്ള ബൂത്തില്‍ കയറി വീട്ടിലേക്കു വിളിച്ചു,,ഉമ്മയാണ് ഫോണെടുത്തത്,,

ഇന്‍റര്‍‌വ്യു എന്തായടാ,,,കിട്ടിയില്ലെ,,,?  ഞാനാണെന്നറിഞ്ഞതും ഉമ്മ ചോദിച്ചു.

ഒന്നും ശരിയായില്ലുമ്മാ,,,, ങ്ങളും വരണമെന്നാ പറേണത്,,,,അല്ലെങ്കില്‍ ചേരാന്‍ പറ്റില്ലത്രെ,,,,ങ്ങള് വേഗമൊരു വണ്ടിവിളിച്ച്ങ്ങട്ട് വരിന്‍,,,ഞാന്‍ പറഞ്ഞു.

എടാ,,,അരി അടുപ്പത്താണല്ലൊ,,,, കുറച്ച് കഴിഞ്ഞിട്ട് വന്നാമതിയോ,,,,,? അതൊന്നു വേവട്ടെ,,, ഉമ്മാന്‍റേ പറച്ചില്‍ കേട്ടപ്പോ എനിക്കു ദേഷ്യം വന്നു.

ങ്ങക്ക്,,,ഞാന്‍ ഡോക്ടറോ എഞ്ജിനീയറോ ആക്‌ണതിനേക്കാള്‍ വലുതാണോ,,,അരി വേവല്‍,,,, ഞാന്‍ ദേഷ്യപെട്ടു.
ഏതായാലും ഉമ്മ പെട്ടെന്നു വരാമെന്ന് പറഞ്ഞു ഫോണ്‍ വെച്ചു.ഞാനപ്പോള്‍ ഇന്‍റര്‍‌വ്യൂവും കഴിഞ്ഞ് ചിരിച്ച് കളിച്ച് പോകുന്ന കുട്ടികളേയും നോക്കി ഭാവിയിലെ ഡോക്ടറും എഞ്ജിനീയറുമൊക്കെയാണല്ലൊ  ഈ പോകുന്നത്എന്ന് മനസ്സിലോര്‍ത്ത് നില്‍ക്കുകയായിരുന്നു.
ഏതാണ്ട് ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഉമ്മ ഒരു ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയപ്പോഴാണ് എനിക്കു കുറച്ചു സമാധാനമായത്.വേഗം ഉമ്മാനേയും കൂട്ടി ഓഫീസ് റൂമില്‍ ചെന്നു.ഭാഗ്യത്തിന് സീറ്റിനിയും ബാക്കിയുണ്ടായിരുന്നു.ഞാന്‍ ദൈവത്തിനു മനസ്സില്‍ സ്തുതി പറഞ്ഞു.
മുന്‍പ് വിളിച്ചതായതോണ്ട് ചെന്ന പാടെ എന്‍റെ പേര്‍ വിളിച്ചു.ഇന്‍റര്‍‌വ്യുവെല്ലാം കഴിഞ്ഞ് തിരിച്ചു
വരുമ്പോള്‍ എന്തോ വെട്ടിപ്പിടിച്ച ഭാവമായിരുന്നു എന്‍റെ മുഖത്ത്.ഏതായാലും കുഞ്ഞാപ്പുവിനെ
കണ്ടിട്ട് രണ്ട് വര്‍ത്താനം പറയണമെന്നുതന്നെ ഞാന്‍ തീരുമാനിച്ചിരുന്നു.വീട്ടില്‍ വണ്ടിയിറങ്ങിയപാടെ കുഞ്ഞാപ്പു സൈക്കിളില്‍ ദൂരേന്ന് വരുന്നത് ഞാന്‍ കണ്ടു.തേടിയ വള്ളി തന്നെ കാലില്‍ ചുറ്റിയല്ലോ എന്നു മനസിലോര്‍ത്ത് ഞാന്‍ റോഡരുകില്‍ തന്നെ നിന്നു.
എന്‍റടുത്തെത്തിയതും കുഞ്ഞാപ്പു  സൈക്കിള്‍ നിറുത്തി.

എടാ,,,എങ്ങനുണ്ടായിരുന്നു ഇന്‍റര്‍‌വ്യു,,,, കിട്ടിയില്ലെ,,,,ഞാന്‍ പറഞ്ഞമാതിരി ചോദ്യങ്ങളൊക്കെ ചോദിച്ചില്ലെ,,, കുഞ്ഞാപ്പു ആവേശത്തോടെ ചോദിച്ചു

ഇജ്ജ്,,പൊയ്ക്കവിടുന്ന്,,,എടാ,,,,ചെങ്ങായി,,അന്നെ കാണാന്‍ നിക്കുകയായിരുന്നു ഞാന്‍ ,,അന്‍റെ വാക്കും കേട്ട് പോയിട്ടാകെ നാണക്കേടായി,,, അന്‍റമ്മായിന്‍റെ മോന്‍ ഏതുസ്കൂളിലാടാ ഒറ്റക്ക് ഇന്‍റര്‍‌വ്യുവിനു പോയത്,,, എനിക്കാകെ ദേഷ്യം വന്നിരുന്നു

ഓന്‍ സ്കൂളിലല്ല ഇന്‍റര്‍‌വ്യുവിനു പോയത്,,, സ്കൂളില്‍ പുസ്തക സെയില്‍സിനു പോകാനുള്ള ഇന്‍റര്‍‌വ്യൂവായിരുന്നു,,   ഓന്‍‌ക്കിപ്പോ പുസ്തക സെയില്‍സാണ് പണി,,, അനക്കെന്തേ പ്രശ്നം
പറ്റിയത്,,,?, കുഞ്ഞാപ്പുവിന്‍റെ പറച്ചില്‍ കേട്ടപ്പോ എനിക്കു കാര്യങ്ങള്‍ മനസ്സിലായി

എടാ,,അത്,,ജോലിക്കുള്ള ഇന്‍റര്‍‌വ്യുവല്ലെ,,,ഇതു സ്കൂളില്‍ ചേരാനുള്ളതാ,,രണ്ടും രണ്ടാണ്,,,

ഞാന്‍ പറേണത് കേട്ട് അന്തം വിട്ടു നില്‍ക്കുന്ന കുഞ്ഞാപ്പുവിനെ നോക്കി
ഇജ്ജും ,,,അന്‍റൊരു അമ്മായിന്‍റെ മോനും എന്നും പറഞ്ഞ് ഞാന്‍ വീട്ടിലേക്കു നടന്നു,,,

................................................................                 .............................
    

2014 ജൂലൈ 19, ശനിയാഴ്‌ച

ഇമ്മിണി ബല്യ ഒന്ന്,, ,


 
                       ഡിഗ്രി ഒന്നാം‌വര്‍ഷ റിസല്‍ട്ട് വന്നിട്ടുണ്ടെന്നറിഞ്ഞാണ് ഓഫീസ് റൂമില്‍ റിസല്‍ട്ട് വാങ്ങാന്‍ പോയത്.കൂടെ സുഹ്രുത്ത് നസിയുമുണ്ട്.യൂണിവേഴ്സിറ്റിക്കാര്‍ എക്സാം എഴുതാത്തവനു പോലും മാര്‍ക്കിട്ടുകൊടുക്കുന്നു.(ആയിടക്കു എഴുതാത്ത എക്സാമിനൊരുത്തന് മാര്‍ക്കിട്ടുകൊടുത്തുകൊണ്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകളിലിടം നേടിയിരുന്നു.)അതുകൊണ്ട് എക്സാം എഴുതിയ നമ്മള്‍ക്ക് ഒരു പാസ്മാര്‍ക്കെങ്കിലും ആ പഹയന്‍‌മാര്‍ ഇട്ടാല്‍ മതിയായിരുന്നു.ഞാന്‍ നസിയോട് പറഞ്ഞു.
അവന്‍ ഭയങ്കര ആത്മവിശ്വാസത്തിലാണ്.നന്നായി എഴുതിയിട്ടുണ്ടെത്രെ.എനിക്ക് ആകെ പ്രതീക്ഷ യൂണിവേഴ്സിറ്റിയെയാണ്.യൂണിവേഴ്സിറ്റി കനിഞ്ഞില്ലേല്‍ എന്‍റെ കാര്യം കട്ടപ്പുകയാകും.ഞാന്‍ ആരോടെന്നില്ലാതെ പറഞ്ഞു.
                 ഓഫീസില്‍ ചെന്നപ്പോള്‍ ഒന്നാം വര്‍ഷത്തിലെ എല്ലാ പഠിപ്പിസ്റ്റുകളും റിസല്‍ട്ട് വാങ്ങി അവരവരുടെ ഡിപ്പാര്‍ട്ട്‌മെന്‍റിലേക്ക് ടീച്ചേഴ്സിനെ കാണിക്കാന്‍ ഓടുന്നു.അവരുടെ പരാക്രമം നോക്കി ഞങ്ങളൊരുഭാഗത്ത് നിന്നു.
എടീ എനിക്കു മാത്സില്‍ 8 മാര്‍ക്കു പോയെടോ,,,ഉറപ്പായിട്ടും 100% പ്രതീക്ഷിച്ചിരുന്നതാ,,റീവാല്വാഷനു കൊടുക്കണം,,,ഭയങ്കര കഷ്ടായിപോയി.ഒരുത്തി വേറൊരുത്തിയോട് പറയുന്നു.അവള്‍ പറഞ്ഞവളെ സമാധാനിപ്പിക്കുന്നു.
എനിക്കിതൊക്കെകണ്ട് ചിരിയാണുവന്നത്.
ദൈവമെ,,നമ്മളിവിടെ പാസ്മാര്‍ക്ക് കിട്ടിയാല്‍ മതിയായിരുന്നു എന്ന മട്ടില്‍ നില്‍ക്കുമ്പോള്‍ ഇവളുമാരുടെ ആക്രാന്തം കണ്ടില്ലെ.വാരിക്കോരികൊടുത്തിട്ടും ത്യപ്തിപ്പെടാത്ത ഇവളുമാര്‍ക്കു പകരം ചില്ലറ പാസ്മാര്‍ക്ക് നമ്മള്‍ക്കു തന്നാലാനന്ദി എന്നുമുണ്ടാകുമേ,,,,ഞന്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചു,,
എന്‍റെ പേരുവിളിച്ചതും ഞാന്‍ കൗണ്ടറിലേക്കു ചെന്നു.റിസല്‍ട്ട് വാങ്ങുന്നതിനു മുന്‍പായി രജിസ്റ്ററില്‍ ഒപ്പിട്ടു കൊടുത്തു.റിസല്‍ട്ടു നോക്കി.മലയാളമൊഴിച്ച് എല്ലാവിഷയങ്ങളും പോയിരിക്കുന്നു.മലയാളത്തിന്‍റെ പിതാവായ എഴുത്തച്ചനെ ഞാന്‍ മനസ്സാ നമിച്ചു.അങ്ങില്ലയിരുന്നെങ്കിലീ മാര്‍ക്ക് ലിസ്റ്റ് വെറുതെയാകുമായിരുന്നല്ലൊ,,
പക്ഷെ എന്നെ സങ്കടപ്പെടുത്തിയത് അതൊന്നുമായിരുന്നില്ല,,
ഫിസിക്സില്‍ എനിക്ക് 'ഒരു'മാര്‍‍ക്കാണിട്ടിരിക്കുന്നത്.എന്‍റെ വിദ്യഭ്യാസജീവിതത്തിനിടയില്‍ ആദ്യമായിട്ടാണെനിക്കിത്രയും കുറവു മാര്‍ക്ക് കിട്ടുന്നത്.ഒന്ന് കിട്ടിയാലും പത്ത് കിട്ടിയാലും സപ്ലിമെന്‍റ‌റിയെഴുതണം.പോയതു പോട്ടെയെന്നുവിചാരിച്ച് റിസല്‍ട്ടുമടക്കി പോക്കറ്റില്‍ തിരുകി.
നസി റിസല്‍ട്ടു വാങ്ങുന്നതിന്‍റെ തിരക്കിലാണ്.വരാന്തയിലേക്കിറങ്ങി.ഒരു മൂലയില്‍ പോയി നിന്നു.
നസി മാര്‍ക്ക് ലിസ്റ്റ് വാങ്ങി ഡെസ്പ്പായി വരുന്നുണ്ട്.എന്നോട് റിസല്‍ട്ട് ചോദിച്ചു.മലയാളമൊഴികെയെല്ലാം പോയടാ,,,ഞാന്‍ പറഞ്ഞു.നസിക്ക് മലയാളവും ഇംഗ്ലീഷും കിട്ടിയിരിക്കുന്നു,,,,എന്നേക്കാള്‍ മെച്ചം നീതന്നെയാടാ,എന്നിട്ടുമെന്താ നിന്‍റെ മുഖത്തൊരു തെളിച്ചമില്ലാത്തത്.പോയത് പോട്ടെടാ,,എല്ലാം നമുക്കെഴുതിയെടുക്കാം,,,ഞാനവനെ സമാധാനിപ്പിച്ചു.
അപ്പോഴാണവന്‍ കാര്യം പറഞ്ഞത്.വിഷയം പോയതൊന്നുമല്ലെടാ പ്രശ്നം,,,എനിക്കു ഫിസിക്സില്‍ 'ഒരു'മാര്‍ക്കാണെടാകിട്ടിയിരിക്കുന്നത്.എന്‍റെ ജീവിതത്തിലാദ്യമായാണ് എനിക്കിത്ര കുറവു മാര്‍ക്കു കിട്ടുന്നത്.
അതുകേട്ടു ഞാന്‍ പൊട്ടിചിരിച്ചു,,
നീ ചിരിക്കെണ്ടടാ,,,എന്നാലും നിന്നേക്കാള്‍ മെച്ചം ഞാന്‍ തന്നെയാണ്.എനിക്കു ഇംഗ്ലീഷ് കിട്ടിയിരിക്കുന്നു. നിനക്കതെഴുതിയെടുക്കാന്‍ കുറച്ചു പണിയുണ്ടാകും,,അവന്‍ ചൂടായിട്ടാണ് പറഞ്ഞത്.അവന്‍ വിചാരിച്ചത് ഞാനവനെ കളിയാക്കുകയാണെന്നാണ്. ചൂടാവണ്ടടോ നീ എന്‍റെ മാര്‍ക്കൊന്നു നോക്ക്.പോക്കറ്റില്‍ നിന്നും എന്‍റെ മാര്‍ക്ക് ലിസ്റ്റെടുത്ത് ഞാനാവനു കൊടുത്തു.
എന്‍റെ ഫിസിക്സ് മാര്‍ക്ക് കണ്ട് അവനും ചിരി തുടങ്ങി.
ഞങ്ങള്‍ രണ്ടാളും ചിരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ്.ഞങ്ങളുടെ മറ്റൊരു സുഹ്രുത്ത് ഹാരി റിസല്‍ട്ടുമായി വന്നത്.അവന്‍റെ മുഖത്തും സന്തോഷമില്ല.വന്നപാടെ അവന്‍ റിസല്‍ട്ട് ചോദിച്ചു.ഞങ്ങള്‍ റിസല്‍ട്ടു പറഞ്ഞു അവനും രണ്ട് വിഷയം കിട്ടിയിട്ടുള്ളു.
രണ്ട് വിഷയം കിട്ടിയില്ലെ,,,പിന്നെന്താടാ മുഖത്തൊരു തെളിച്ചമില്ലാത്തത്.അപ്പൊ ഒരുവിഷയം മാത്രം കിട്ടിയ എന്‍റെ കാര്യമൊന്നാലോചിച്ച് നോക്ക്,,,ഇതൊക്കെ നമുക്കെഴുതിയെടുക്കാടാ,,,ഞാനവനോട് പറഞ്ഞു.
അതല്ലെടാ പ്രശ്നം,,,കുറച്ചു നേരം നിറുത്തിയിട്ടവന്‍ പറഞ്ഞു,,,,
നിങ്ങളാരോടും പറയില്ലെങ്കില്‍ ഞാനൊരു കാര്യം പറയാം,,,എനിക്ക് ഫിസിക്സില്‍ 'ഒരു'മാര്‍ക്കാണ് കിട്ടിയത്,,ആദ്യമായിട്ടാണെനിക്കിങ്ങനെ,,,,അവന്‍ പറഞ്ഞുതീര്‍‍ത്തില്ല,,,,ഞങ്ങള്‍ ചിരി തുടങ്ങി,,,എടാ,,ഇതാരോടും പറയരുത്,,അവന്‍ വീണ്ടും റിക്യസ്റ്റ് ചെയ്തു,,,ഞങ്ങള്‍ പൊട്ടി ചിരിച്ചു,,,,അവന്‍റെ മുഖഭാവം മാറി,,ദേഷ്യപ്പെടും എന്നു കണ്ടപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ മാര്‍ക്ക് ലിസ്റ്റ് അവനു കൊടുത്തു. ഞങ്ങളുടെ മാര്‍ക്കുകണ്ടപ്പോള്‍ അവനും ചിരിക്കാന്‍ തുടങ്ങി.പിന്നെയതൊരു കൂട്ടചിരിയായി.
പെട്ടെന്നാണ് ഫിസിക്സ് ടീച്ചര്‍ ഞങ്ങളെ കണ്ടത്.ടീച്ചര്‍ ഞങ്ങളുടെയടുത്തേക്കുവന്നു.
എന്താ എല്ലാവരും ഭയങ്കരസന്തോഷത്തിലാണല്ലൊ,,,റിസല്‍ട്ട് വന്നതിന്‍റെയാകും അല്ലെ,,,
അതെ ടീച്ചര്‍ റിസല്‍ട്ട് വന്നതിന്‍റെയാണ്,,,എല്ലാം,,,,,,,,,,,,,,കിട്ടി....പോയ്....
ആഹാ,,,നന്നായി,,,,അല്ല,,,ഫിസിക്സിലെത്രമാര്‍ക്കുണ്ട്,,,,
കുഴപ്പമില്ല,,,,,ഞങ്ങള്‍ മൂന്നുപേര്‍ക്കും 'ഒരേ' മാര്‍ക്കാണ്.,,
ഓഹൊ,,,നിങ്ങള്‍ പരസ്പരം നോക്കിയെഴുതിയതാകുമല്ലെ,,,ടീച്ചര്‍ തമാശയായിപറഞ്ഞു.
അപ്പോഴേക്കും പ്രിന്‍സിപ്പാള്‍ വിളിച്ചു ടീച്ചര്‍ പോയി,,,,
ടീച്ചര്‍ പറഞ്ഞ കാര്യമോര്‍ത്തു ഞങ്ങള്‍ക്കു വീണ്ടും ചിരിവന്നു.

പടച്ചോനെ,,,,ഇവന്‍‌മാരുടെ പേപ്പര്‍ നോക്കിയെഴുതാനുള്ള ബുദ്ധിയെനിക്കു തോന്നിക്കാത്തതു നന്നായി,,,,, വെറുതെ മനുഷ്യന്‍റെ സമയം കളഞ്ഞിരുന്നു.ഞാന്‍ മനസ്സിലോര്‍ത്തു,,

  പിന്നീട് സപ്ലിമെന്‍ററിയെഴുതി നല്ല മാര്‍ക്കുനേടിയെങ്കിലും ഇന്നും,,,ഞാനിടക്ക് എന്‍റെയാ പഴയ മാര്‍‌ക്ക് ലിസ്റ്റെടുത്ത് നോക്കും,,,,,

എന്തുപറഞ്ഞാലും എനിക്കതൊരു 'ഇമ്മിണി ബല്യ ഒന്ന്' തന്നെയാ,,,,

സ്നേഹം,,


അമ്മതന്‍ ഗര്‍ഭാശയത്തിനുള്ളിലൊരു ചെറുഭ്രൂണമായ് വളരവെ
എന്‍‌മനസ്സില്‍‌ ഞാനാശിച്ചുവോ സ്നേഹം

മുലപ്പാലേകുമെന്നമ്മതന്‍‌ മടിത്തട്ടില്‍ കിടന്നുകൊണ്ടാ
നയനങ്ങളില്‍‌ ഞാന്‍ കണ്ട പ്രകാശമോ സ്നേഹം

അസുഖബാധിതനായ് ഞാന്‍‌ കിടന്നിരുന്നൊരുനാളില്‍
എന്‍റച്ചനില്‍‌ കണ്ട ആധിയൊ സ്നേഹം

ക്ലാസിലെ കുസ്യതിയിലെന്‍ പിന്നാലെ ചൂരല്‍ വടിയായെത്തിയ
ടീച്ചറില്‍ കണ്ട ദേഷ്യമോ സ്നേഹം

എന്നുമെന്നിഴലായ് നടന്നിരുന്ന പ്രിയകളികൂട്ടുകാരിയുടെ
ഇടക്കിടക്കുള്ള കൊച്ചുപിണക്കങ്ങളോ സ്നേഹം

കോളേജിലെ തരുണീമണികളില്‍ ഞാനന്നുകണ്ട
പേരറിയാത്ത ഭാവങ്ങളോ സ്നേഹം

കലാലയത്തോട് വിടപറയുംനേരമെന്നെ കെട്ടിപ്പിടിച്ചുകരഞ്ഞ
കൂട്ടുകാരുടെ ആത്മനൊമ്പരങ്ങളൊ സ്നേഹം

പ്രണയനാളുകളിലന്നു പ്രണയിനിയെനിക്കയച്ച കത്തുകളിലെ
മധുരവാക്കുകളോ സ്നേഹം

എന്‍‌ജീവിതത്തിലെന്നു‌മെനിക്കുകൂട്ടായ് കടന്നുവന്നവളുടെ
പരിലാളനങ്ങളോ സ്നേഹം

കളിപ്പാട്ടങ്ങള്‍ വാങ്ങികൊടുക്കുമ്പൊഴെന്‍മക്കളുടെ മുഖത്ത്
വിരിയും പുഞ്ജിരികളോ സ്നേഹം

അകാലത്തിലെന്നെയേകനാക്കി യാത്രയായ പ്രിയതമയുടെ
മധുരസ്മരണകളോ സ്നേഹം

ചെയ്‌വാനൊന്നുമില്ലാതെ വീട്ടിലേകനായിരുന്നനാളില്‍ കേട്ട
മക്കളുടെ കുത്തുവാക്കുകളൊ സ്നേഹം

അതോ വ്യദ്ധസദനത്തിലെ കൂരിരുട്ടില്‍ പ്രകാശമായെത്തിയ
സിസ്റ്ററുടെ അശ്വാസവാക്കുകളൊ സ്നേഹം

എന്‍‌മ്യതദേഹം ചിതയില്‍ വക്കുമ്പൊഴെന്‍ ബന്ധുക്കളില്‍
ഞാന്‍കണ്ട കണ്ണുനീരൊ സ്നേഹം

ഇപ്പൊഴുമെന്നാത്മാവില്‍ അജ്ഞതയായ്കിടക്കുന്നു
സ്നേഹമെന്ന വാക്കിന്നര്‍‌ത്ഥമെന്തെന്ന്‌,,,,,,? ...?

അനാഥന്‍,,



അച്ചനുമമ്മയും ആരെന്നറിയാതെ
അമ്മിഞ്ഞപ്പാലിന്‍റെ സ്വാദറിയാതെ
അഗതിമന്ദിരകെട്ടുകള്‍ക്കിടയി-
ലനാഥനായി വളര്‍ന്നു ഞാന്‍

അന്നൊരു മഴക്കാല നാളിലെങ്ങോ
അഗതിമന്ദിരത്തിലെ തിരുമുറ്റത്തെ
അമ്മത്തൊട്ടിലിലെന്നെകിടത്തിയി-
ട്ടെന്നമ്മയെങ്ങോ പോയ്മറഞ്ഞു

അന്നുതൊട്ടുഞാനിവിടെയാണെങ്കിലും
അച്ചനമ്മമാര്‍ കൂടെയില്ലെന്നാകിലും
അഗതിമന്ദിരത്തിലന്തേവാസികള്‍
ആരോമലുണ്ണിയായ് വളര്‍ത്തിയെന്നെ

എന്തുതെറ്റുഞാന്‍‌ ‍ചെയ്തുവെന്നറിയില്ല
എന്തിനമ്മയെന്നെകളഞ്ഞുവെന്നറിയില്ല
എങ്കിലുമില്ലയെനിക്കമ്മയോട് പരിഭവം
അമ്മയെന്നപദമത്രസ്നേഹിക്കുന്നു ഞാന്‍‌

ഇന്നെനിക്ക് സ്വന്തമായൊരുജോലിയുണ്ട്
എന്നുമെനിക്കുകൂട്ടായെന്‍പ്രിയഭാര്യയുണ്ട്
കളിചിരികളുമായ്കൂടെയെന്‍ കുട്ടികളുണ്ട്
സന്തോഷത്തിലാറാടുന്നൊരു കുടുംബമുണ്ട്

എന്നിട്ടുമെന്തെന്നറിയില്ലയെന്നുള്ളില്‍
വിങ്ങുന്നുമനം മാത്യസ്നേഹത്തിനായ്
അമ്മയുടെസ്നേഹം ഏറെകൊതിക്കുന്ന
പിഞ്ജുകുഞ്ഞിന്‍റെയുള്ളം തുടിക്കുന്നപോല്‍,,,

അമ്മ മനസ്സ്

 

അമ്മേ,,  അമ്മക്ക് സുഖമല്ലെ?

 ഒരുപാട് കാലത്തിനു ശേഷം മകനില്‍ നിന്ന് അങ്ങനെയൊരു ചോദ്യം കേട്ടപ്പോള്‍ അമ്മ രണ്ട്നിമിഷം ആശ്ചര്യപെട്ടുനിന്നു. കുറച്ചുകാലമായി മകന്‍ തന്നോടൊന്നും സംസാരിക്കാറില്ലായിരുന്നല്ലൊ .ആകെയുള്ളൊരാണ്‍തരി അവന്‍ തന്നോട് അകല്‍ച്ച കാണിച്ചു തുടങ്ങിയപ്പോള്‍ താന്‍ ഒരുപാട് സങ്കടപ്പെട്ടിരുന്നു.മുപ്പത്തിരണ്ടാമത്തെ വയസ്സില്‍ അദ്ദേഹം തന്നേയും മോനേയും തനിച്ചാക്കി പോയപ്പോള്‍ മറ്റൊരു വിവാഹത്തിനു പലരും തന്നെ നിര്‍ബന്ധിച്ചതാണ്.പക്ഷെ മകനോടുള്ള തന്റെ സ്നേഹം കുറയുമോ എന്നു വിചാരിച്ച് ഞാന്‍ സമ്മതിച്ചില്ല.കുട്ടികള്‍ക്ക് ട്യൂഷനെടുത്തും തയ്യല്‍ ജോലി ചെയ്തുമാണ് താനവനെ വളര്‍ത്തിയത്.അമ്മയും മകനും എന്നതിനേക്കാളുപരി നല്ല സുഹ്രുത്തുക്കളായിരുന്നു ഞങ്ങള്‍. അവനു എന്തുകാര്യത്തിനും താന്‍ തന്നെ വേണമായിരുന്നു.ഓരോ ക്ലാസ്സിലും ഒന്നാമതായി അവന്‍ വിജയിച്ചു കൊണ്ടിരിക്കുമ്പോള്‍ തനിക്കഭിമാനമായിരുന്നു.അവന്റെ അമ്മയെന്നനിലയില്‍ സ്കൂളിലെല്ലാവരും തന്നോട് വളരെ സ്നേഹത്തോടെയായിരുന്നു പെരുമാറിയിരുന്നത്.അപ്പോഴൊക്കെ തനിക്കിങ്ങനെയൊരു മകനെ തന്നതിന് ദൈവത്തെ ഒരുപാട് സ്തുതിച്ചിട്ടുണ്ട്.അതൊന്നും കാണാന്‍ അദ്ദേഹം കൂടെയില്ലല്ലൊ എന്ന ദു:ഖം മാത്രമായിരുന്നു തനിക്കുണ്ടായിരുന്നത്.
 ഉയര്‍ന്നമാര്‍ക്കോടെ എഞ്ചിനീയറിംഗ് കഴിഞ്ഞിറങ്ങിയ അവന് വലിയോരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ആറക്ക ശമ്പളത്തില്‍ ജോലി കിട്ടിയപ്പോള്‍ സ്വര്‍ഗം ലഭിച്ച ഭാവമായിരുന്നു തനിക്ക്.താമസിയാതെ നല്ലൊരു വീടുവച്ച് ഞങ്ങള്‍ താമസം മാറി.അവന്റെ കമ്പനിയില്‍ വര്‍ക്കു ചെയ്യുന്ന കുട്ടിയെ അവന്‍ ഇഷ്ടമാണെന്നു പറഞ്ഞപ്പോള്‍ യാതൊരു എതിര്‍പ്പും കൂടാതെ അവരുടെ കല്യാണം താന്‍ നടത്തികൊടുത്തു.മരുമകള്‍ ആദ്യമൊക്കെ നല്ല സ്നേഹത്തോട് കൂടിയാണ് തന്നോട് പെരുമാറിയിരുന്നത്.   പിന്നീടെപ്പോഴൊ താനും മകനും തമ്മില്‍ അകന്നുകൊണ്ടിരുന്നു. മകനും മരുമകളും ജോലിക്കു പോയാല്‍ വീട്ടില്‍ താന്‍ തനിച്ചായിരുന്നു.അതുകൊണ്ടു തന്നെ മകനൊരു കുഞ്ഞു പിറന്നപ്പോള്‍ ഏറ്റവും സന്തോഷിച്ചത് താനായിരുന്നു.കുറച്ചുകാലം പേരമക്കളുമായി സന്തോഷത്തോടെ കഴിഞ്ഞു.അവര്‍ പഠിക്കാന്‍ പോകാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും താന്‍ തനിച്ചായി.എപ്പോഴും പഠിപ്പ് പഠിപ്പ് എന്നുപറഞ്ഞ് അവരെ തന്റെ അടുത്തിരിക്കാന്‍ പോലും വിടാതായി. പാവം കുട്ടികള്‍,,

എന്താ അമ്മ ആലോചിച്ച് നില്‍ക്കുന്നത്?    അമ്മക്കെന്തെങ്കിലും അസുഖമുണ്ടൊ?

എന്താ കണ്ണ് നിറഞ്ഞിരിക്കുന്നത്?
 
മകന്റെ ചോദ്യമാണ് തന്നെ ചിന്തയില്‍ നിന്നുണര്‍ത്തിയത്.

ഒന്നുമില്ല മോനെ,, കണ്ണില്‍ പൊടിപോയതാണ് ,,, സാരമില്ല,,

 എന്നാല്‍ അമ്മ പെട്ടെന്നു റഡിയാക്,, നമുക്ക് കുറച്ചു സ്ഥലങ്ങള്‍ പോകാനുണ്ട്. ഇവിടെയിങ്ങനെയിരുന്നു അമ്മക്കു ബോറഡിക്കുന്നുണ്ടാകും.

ശരിയാണ് ,,കുറച്ചായി വീട്ടിലിരുന്നു ബോറഡിക്കുകയാണ്,, പണ്ടൊക്കെ മകന്റെ കൂടെ എവിടെങ്കിലുമൊക്കെ പോകാറുണ്ടായിരുന്നു,, തനിക്കു വളരെ സന്തോഷമുള്ള കാര്യമായിരുന്നുവത്. കുറച്ചു കാലമായി മോന്റെ കൂടെ വല്ല സ്ഥലത്തും പോയിട്ട്.
എല്ലാം ശരിയായി വരികയാണൊ, ദൈവമെ നിനക്കൊരായിരം സ്തുതി,,,
മോനെ മുഷിപ്പിക്കണ്ട എന്നു വിചാരിച്ച് പെട്ടെന്നു റഡിയായിവന്നു.

അമ്മക്കിപ്പോള്‍ പത്തുവയസ്സു കുറഞ്ഞ പോലുണ്ട്. മരുമകളൂടെ കമന്റ്.

മരുമകളും ഇന്ന് നല്ല സന്തോഷത്തിലാണല്ലൊ,,,   മക്കള്‍ സ്കൂള്‍ വിട്ടുവരാന്‍ വൈകുന്നേരമാകും.   പുറത്തെത്തിയപ്പോള്‍ മകന്‍ കാര്‍ പോര്‍ച്ചില്‍ നിന്നിറക്കിയിരുന്നു.പോയി ബാക്ക് ഡോര്‍ തുറന്നു.

അമ്മ മുന്നില്‍ കയറിക്കോളു,,,

വീണ്ടും അത്ഭുതം,,മകന്റെ കല്ല്യാണം കഴിഞ്ഞശേഷം താനെന്നും പിറകിലായിരുന്നല്ലൊ. ശരിയാണ് എല്ലാം മാറി വരികയാണ്.മരുമകള്‍ ബാക്കില്‍ കയറി,  വണ്ടിയിലിരിക്കുമ്പോഴും ആരുമൊന്നും സംസാരിച്ചിരുന്നില്ല.വണ്ടി കുറെനേരം ഓടികൊണ്ടിരുന്നു.നേരം ഉച്ചയാകാറായി.

 അമ്മേ നമുക്കു വല്ലതും കഴിക്കാം,,, മോന്‍ പറഞ്ഞു.

വണ്ടി ഒരു വലിയ ഹോട്ടലിന്റെ മുമ്പിലെത്തി നിന്നു. ഇറങ്ങി ഹോട്ടലിലേക്കു നടന്നു.ഹോട്ടലിനുള്ളില്‍ ഏസിയുടെ കുളിര്‍മ.തലപ്പാവു വച്ച ജോലിക്കാര്‍ താനാദ്യമായാണ് ഇത്രയും വലിയ ഹോട്ടലില്‍ കയറുന്നത്. കൈ കഴുകി ടേബിളിരിക്കുമ്പോള്‍ മോന്‍ ചോദിച്ചു.

അമ്മക്കെന്താണു സ്പെഷലായിട്ടു കഴിക്കാന്‍ വേണ്ടത് എന്തു വേണമെങ്കിലും പറഞ്ഞോളു,,,

എനിക്കു സ്പെഷലൊന്നും വേണ്ടമോനെ,,, സാദാ ഊണു മതി,,  

കുറെ കാലത്തിനു ശേഷമാണ് ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നത്.എങ്കിലും നല്ല രുചികരമായി തോന്നി,,,  ഭക്ഷണം കഴിഞ്ഞ ശേഷം ഹോട്ടലിന്റെ പടിയിറങ്ങുമ്പോള്‍ മരുമകള്‍ വന്നു തന്റെ കൈപിടിച്ചു.
 അമ്മേ,, സൂക്ഷിച്ചിറങ്ങണം ,,,
 മരുമകള്‍ ഇത്രസ്നേഹത്തോടെ ഈയടുത്ത കാലത്തൊന്നും തന്നോട് പെരുമാറിയിട്ടില്ല. എല്ലാം തന്റെ പ്രാര്‍ത്ഥനയുടെ ഫലം.ദൈവത്തെ എത്ര സ്തുതിച്ചാലും മതിയാകില്ല,,,
വണ്ടി വീണ്ടും കുറച്ചു നേരം ഓടി.വലിയൊരു ടെക്സ്റ്റൈല്‍ ഷോപ്പിന്റെ മുമ്പില്‍ നിറുത്തി.

 വാ,, അമ്മെ അമ്മക്കു കുറച്ചു ഡ്രസ്സ് എടുക്കാം,,, എല്ലാം പഴയതായിരിക്കുന്നു,,,,

താന്‍ വേണ്ട എന്നു പറഞ്ഞിട്ടും അവന്‍ സമ്മതിച്ചില്ല,,   തനിക്കൊരു സെറ്റു മുണ്ട്,, മതിയെന്നു പറഞ്ഞു,,, ടെക്സ്റ്റൈല്‍സ് ഷോപ്പില്‍ നല്ല തിരക്കായിരുന്നു. മകനും മരുമകളും കൂടി എന്തൊക്കെയൊ വാങ്ങുന്നുണ്ട്,, തിരക്കില്‍ നിന്നും കുറച്ചു മാറിനിന്നു. അരമണിക്കൂറിനുശേഷം മകനും മരുമകളും കൂടി നാലഞ്ച് വലിയ കവറുമായി തന്റെ അടുത്തേക്കു വന്നു,,

വാ,,അമ്മെ പോകാം,,,    ഇതെല്ലാം അമ്മക്കുള്ളതാണ് ,,,

എനിക്കെന്തിനാ മോനെ ഇത്ര അധികം  ഡ്രസ്സ്,,,  അപ്പൊ,,നിങ്ങളൊന്നും വാങ്ങിയില്ലെ,,?

ഇരിക്കട്ടെ അമ്മെ,, കുറച്ചായില്ലെ ഞാന്‍ അമ്മക്കു പുതിയ ഡ്രസ്സെല്ലാം എടുത്തു തന്നിട്ട്,,  ഞങ്ങളൊക്കെ ഇടക്കെടുക്കാറുള്ളതാണ്‍,,,

 താനൊന്നും മിണ്ടിയില്ല,,, സന്തോഷം കൊണ്ട് തന്റെ മനം നിറഞ്ഞിരുന്നു,,,
 മരുമകള്‍ കവറുകളെല്ലാം ഡിക്കിയില്‍ വച്ചു,, മോന്‍ ആരോടോ ഫോണില്‍ സംസാരിക്കുന്നു,,,   കാറില്‍ കയറിയിരുന്നു,,,  മരുമകള്‍ ബാക്കില്‍ കയറി,,,   ദൈവമേ,,, നിന്നെയെത്ര സ്തുതിച്ചാലും മതിയാകില്ല,,,, എന്റെ മോനിക്കു നല്ലതുമാത്രം വരുത്തണമേ,,,

എടീ,, എല്ലാം ശരിക്കു വച്ചില്ലെ,,,

മകനതു ചോദിച്ചു കൊണ്ട് ഡിക്കിയൊന്നുകൂടി പരിശോധിച്ചു,,,  അവസാനം എല്ലാം ഉണ്ടെന്നുറപ്പു വരുത്തി,,  ഡ്രൈവിഗ് സീറ്റില്‍ കയറിയിരുന്നു,,,  ഇതുവരെയുള്ളകാര്യങ്ങളെല്ലാം ഒകെയാണെന്നു മനസ്സിലൊന്നു കൂടി ഉറപ്പു വരുത്തി. കാര്‍ സ്റ്റാര്‍ട്ട്ചെയ്തു,, അമ്മയെയൊന്നു നോക്കി,,, അമ്മ നേരിയ ഉറക്കത്തിലെന്നപോലെ കണ്ണടച്ചിരിക്കുകയായിരുന്നു,,,,,

കാര്‍ മെയിന്‍ റോട്ടിലേക്കിറക്കി,,, അടുത്തുള്ള വ്യദ്ധസദനം ലക്ഷ്യമാക്കി പാഞ്ഞു,,,

  അമ്മമനസ്സ് അപ്പോഴും പ്രാര്‍ത്ഥിക്കുകയായിരുന്നു,,,,

 ദൈവമേ,,, എന്റെമകനു നല്ലതു മാത്രം വരുത്തണമേ,,,,

കാമ്പസ് പ്രണയം,,


കാമ്പസിനുള്ളിലെ മരത്തണലിലന്ന് അവളെ തൊട്ടുരുമ്മിയിരിക്കുന്ന നേരത്ത് അവളെന്നോടായ് പറഞ്ഞു.
 ഞാന്‍ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നറിയാമോ,ആകാശത്തുള്ള നക്ഷത്രങ്ങളേക്കാള്‍ കൂടുതല്‍.നിന്‍റെ കൂടെ ജീവിക്കാന്‍ പറ്റിയില്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ചത്തുകളയും.
ഞാനെന്തൊക്കെ പറഞ്ഞിട്ടും അവളുടെ തീരുമാനത്തിനു മാറ്റമുണ്ടായിരുന്നില്ല.

ഇന്നലെ അവളുടെ കല്യാണക്ഷണകത്ത് എനിക്കുതന്നപ്പോഴും അവള്‍ പറഞ്ഞു.ഒരുമിച്ചു ജീവിക്കാനോ നമുക്കു പറ്റിയില്ല.കല്യാണത്തിനെങ്കിലും നീ വന്നില്ലെങ്കില്‍ ഞാന്‍ ചത്തു കളയും.

ആരും ചാകുന്നതെനിക്കിഷ്ടമില്ലാത്തതിനാല്‍ ഞാനിന്നവളുടെ കല്യാണത്തിനു പോയി.കല്യാണവേഷത്തില്‍ അവളൊന്നുകൂടി സുന്ദരിയായിരിക്കുന്നു.ഞാന്‍ കല്യാണത്തിനു വന്നതില്‍ അവള്‍ വളരെ സന്തോഷവതിയാണെന്നവളുടെ മുഖഭാവത്തില്‍ നിന്നു ഞാന്‍ മനസ്സിലാക്കി.ചിലപ്പോളവളുടെ ജീവന്‍ രക്ഷിച്ചതു കൊണ്ടാകാം.
അവളോടൊപ്പമുള്ള ഫോട്ടോയെടുപ്പിനു ശേഷം ഭക്ഷണസ്ഥലത്തേക്ക് അവളുടെ ചേട്ടെനെന്നെ കോണ്ടുപോയി.ഭക്ഷണശേഷം അവളോട് യാത്രപറഞ്ഞ് ഇറങ്ങാന്‍നേരം അറിയാതെ ഞാന്‍ മനസ്സിലോര്‍ത്തു....

.................................................................................................................................
.................................................................................................................................
.................................................................................................................................

എന്തുനല്ല ബിരിയാണി,,,,വരാതിരിന്നിരുന്നെങ്കില്‍ നഷ്ടമായേനെ.....

കാമുകന്‍..



ഞാനും അവളും തമ്മിലുള്ള പ്രണയം കോളേജിലെല്ലാവരുമറിഞ്ഞിട്ടും അവളറിഞ്ഞിരുന്നില്ലത്രെ.അവസാനം അറിഞ്ഞതോ ആരോ പറഞ്ഞിട്ടും,,അറിഞ്ഞപാടെ അവളെന്‍റെയടുത്തെത്തി ചോദിച്ചു.
നീ എന്നെ സ്നേഹിക്കുന്നുണ്ടോ?
വിറക്കുന്ന അധരത്തോടെ ഞാന്‍ പറഞ്ഞു
അ..അതെ..
ഒരു നിമിഷം നിശബ്ദയായി നിന്നശേഷം അവള്‍ ചോദിച്ചു
എത്രകാലമായി നീയെന്നെ സ്നേഹിക്കാന്‍ തുടങ്ങിയിട്ട്?
ഒ.ന്ന്.. അല്ല രണ്ട് വര്‍ഷം,,,
ഞാന്‍ എന്‍റെ വീട്ടുകാരെയുപേക്ഷിച്ചു നിന്‍റെ കൂടെയിറങ്ങി വന്നാല്‍ ജീവിതകാലം മുഴുവന്‍ എന്നെ നോക്കാമെന്ന ധൈര്യമുണ്ടോ,,? വീണ്ടുമവളുടെ ചോദ്യം,,
ഇതെന്താ,,ചോദ്യം ചോദിച്ച് കളിക്കുകയോ,,എന്നു മനസ്സിലോര്‍ത്ത് ഞാന്‍ പറഞ്ഞു,,
ഉ.ണ്ട്,, ധൈര്യമുണ്ട്... എന്‍റെ വിറ മുഴുവന്‍ മാറിയിട്ടുണ്ടായിരുന്നില്ല,,
രണ്ട് നിമിഷം നിശബ്ദയായി നിന്നശേഷം അവള്‍ പറഞ്ഞു.
ഹും,,ഒരിഷ്ടം തുറന്നു പറയാന്‍ ധൈര്യമില്ലാത്ത നിനക്കാണൊ,വീട്ടുകാരെയുപേക്ഷിച്ചുവന്നാല്‍ ജീവിതകാലം മുഴുവന്‍ എന്നെ നോക്കാനുള്ള ധൈര്യമുണ്ടാകുക,, നടന്നതു തന്നെ,,ഒരു ഉത്തരവാദിത്വബോധമില്ലാത്ത കാമുകന്‍,,,
അതും പറഞ്ഞവള്‍ തിരിഞ്ഞു നടന്നു.
ഒരു നിമിഷം അന്തം വിട്ടു നിന്ന ശേഷം ഞാന്‍ മനസ്സിലോര്‍ത്തു,,
ദൈവമെ,,അവള്‍ പോയതു നന്നായി,,അവളെങ്ങാനും എന്‍റെകൂടെയിറങ്ങിവന്നിരുന്നെങ്കില്‍
എന്‍റെ കാര്യം കട്ടപുകയായേനെ,,പ്രേമമെന്നു പറയുമ്പോഴേക്കും കൂടെയിറങ്ങിവരാന്‍ നില്‍ക്കുന്ന ഇവളുമാരെയൊക്കെയെങ്ങനെ വിശ്വസിക്കും,, ദൈവം കാത്തു,,
 ഏതായാലും ഒരു വാതിലടയുമ്പോള്‍ പത്തു വാതില്‍ തുറക്കുമെന്നാണല്ലൊ പ്രമാണം,,
തുറന്നിട്ട വാതിലുകളും തിരഞ്ഞ് ആ കോളേജ് വരാന്തയില്‍കൂടി ഞാന്‍ നടന്നു....

എന്‍റെ പ്രണയം,,,

                               

യാത്രകള് എനിക്കെന്നും ഏറെയിഷ്ടമായിരുന്നു.പ്രത്യേകിച്ച് ട്രൈന് യാത്രകള് എനിക്കൊരു ഹരമായിരുന്നു.ഒരോ ട്രൈന്‍യാത്രയും എനിക്കു പുതിയ ഒരു സൌഹ്ര്യദത്തിന്‍റെ തുടക്കം കൂടിയാകും ഉണ്ടാകാറുള്ളത്. സൌഹ്രുദങ്ങള് എന്നും ഏറെയിഷ്ടപെടുന്ന ഞാന് അതുകൊണ്ടുതന്നെയാണ് ജോലിയാവശ്യാര്‍ത്ഥമുള്ള ട്രൈനിങ്ങ് കഴിഞ്ഞുള്ള മടക്കയാത്ര ട്രൈനിലാക്കാമെന്നു തീരുമാനിച്ചത് കൂടെ എന്‍റെ പ്രിയസുഹ്രുത്തുമുണ്ടായിരുന്നു.
പല ട്രൈന്‍യാത്രകളിലും ഞങ്ങള് ഒരുമിച്ചുണ്ടാകാറുണ്ട്.ഞങ്ങളൊരുമിച്ചുള്ള എല്ലാ ട്രൈന്‍യാത്രകളും രസകരമായ പല അനുഭവങ്ങളും ഞങ്ങള്‍ക്കു സമ്മാനിച്ചിട്ടുണ്ട്.

ഞാന് ട്രൈനില് പോകാം എന്നു പറഞ്ഞപ്പോള് എന്നേക്കാള് അവേശം അവനായിരുന്നു.

റയില്‍വെ സ്റ്റേഷനിലെത്തി ടിക്കെറ്റെടുത്ത് വന്നപ്പോഴെക്കും ഞങ്ങള്‍ക്കു പൊകാനുള്ള ട്രൈന് പോയിതുടങ്ങിയിരുന്നു.ഓടി ഒരു ബോഗിയില് കയറിപറ്റി.എന്താണെന്നറിയില്ല ട്രൈനില് നല്ല തിരക്കായിരുന്നു.ഡോറിനടുത്താണ് ഞങ്ങള്‍ക്കു സ്ഥലം കിട്ടിയത്.

വേറെ ബോഗിയില് കയറാമായിരുന്നു,,, ഏതായാലും അടുത്ത സ്റ്റേഷനില് നമുക്കു മാറിക്കയറാം,, ഞാന് സുഹ്രുത്തിനോട് പറഞ്ഞു.

അപ്പോള് അവന്‍റെ മുഖത്തൊരു കള്ളച്ചിരി.

ഒരു ബോഗിയും മാറിക്കയറണ്ട നീ ഉള്ളിലേക്കൊന്നു നോക്കിക്കെ.

ഞാന് നോക്കി….. സുഹ്രുത്തിന്‍റെ സന്തോഷത്തിന്‍റെ കാര്യം മനസ്സിലായ്. ബോഗിയില് കൂടുതലും പെണ്കുട്ടികളാണ്.കോളേജ് വിദ്യാര്‍ത്ഥികളാണെന്നു തോന്നുന്നു.എനിക്കും സന്തോഷമായ് ഞാനതു പുറമെ കാണിച്ചില്ല.

എന്‍റെ സുഹ്രുത്തണെങ്കില് സുന്ദരനും സുമുഖനും ആരേയും സംസാരിച്ചു വീഴ്ത്താന് കഴിവുള്ളവനുമാണു.അതിന്‍റെ ചെറിയൊരു അഹങ്കാരം അവനുണ്ട് എന്നതു വാസ്തവം. എന്നാല് അവന്‍റെ കഴിവു ഒരുപാട് തവണ ഞാന് നേരിട്ടറിഞ്ഞിട്ടുള്ളതു കൊണ്ട് ഞാനവനെ
അംഗീകരിച്ച് കൊടുത്തിട്ടുള്ളതാണു.മാത്രമല്ല അവന്‍റെ ആ കഴിവ് കാരണം എനിക്കും ഒരുപാടു നേട്ടങ്ങളുണ്ടായിട്ടുണ്ട്.അതിനാല് കുറച്ചു നേരം അവനെ അവന്‍റെ വഴിക്കു വിട്ടു ഞാന് കുറച്ചു മാറി പുറത്തെ കാഴ്ച്ചകള് നോക്കി നിന്നു.

എടാ,, ഒരുത്തി നിന്നെ തന്നെ നോക്കിയിരിക്കുന്നു,, അവളെന്നെ തീരെ ശ്രദ്ധിക്കുന്നില്ല,ഇനി നിന്‍റെ ആരെങ്കിലുമാണൊ?..

സുഹ്രുത്തിന്‍റെ ശബ്ദം കേട്ട് ഞാന് തിരിഞ്ഞു നോക്കി.

നീ നില്‍ക്കുമ്പോള് എന്നെ നോക്കാനൊ?.. അവള്‍ക്കു കണ്ണിനെന്തെങ്കിലും കുഴപ്പം കാണും, സുഹ്രുത്തിനെ ഒന്നു സന്തോഷിപ്പിക്കാനായ് ഞാന് പറഞ്ഞു.

അല്ലടാ,, അവള് നിന്നെ തന്നെയാണു നോക്കുന്നത്,,,,സൂപ്പര് കുട്ടിയാടാ, സുഹ്രുത്തിന്‍റെ വര്‍ണനകേട്ട് ഞാനൊന്നു നോക്കി.

ഒരുപാട് പെണ്‍പടകള്‍ക്കിടയില് സുന്ദരിയായ ഒരുത്തിയിരുന്നെന്നെ നോക്കിയിരിക്കുന്നു.ഞാന് നോക്കുന്നത് കണ്ടിട്ടാകണം അവളെന്നെ നോക്കിയൊന്നു ചിരിച്ചു.ഞാനും ചിരിച്ചു.

ദൈവമെ,,, ഒരു പരിചയവുമില്ലല്ലൊ,,,

ഏതൊ പരസ്യത്തില് പറയുന്നതു പോലെ,,

‘സന്തോഷംകൊണ്ട് എന്‍റെ മനസ്സില് ഒരു ലഡു പൊട്ടി..'

ഇനി എന്‍റെ ഗ്ളാമറെങ്ങാനും കൂടിയൊ?.. ഞാന് തിരിഞ്ഞു ട്രൈനിലെ വാഷ്ബെയ്സനരികിലുള്ള കണ്ണാടിയിലൊന്നു നോക്കി. ഇല്ല പഴയ മുഖം തന്നെ .ഗ്ളാമറൊന്നും കൂടിയിട്ടില്ല.

ഞാന് സുഹ്രുത്തിനരുകില് ചെന്നു അവളെയൊന്നു നോക്കി അവള് വീണ്ടും എന്നെ നോക്കിചിരിച്ചു.

'എന്‍റെ മനസ്സില് വീണ്ടും ഒരു ലഡു കൂടി പൊട്ടി'.

എന്‍റെ സുഹ്രുത്തിന്‍റെ മുഖം ഇഞ്ജ്ജി തിന്ന കുരങ്ങിനെ പോലെയായിരിക്കുന്നു.അവനെ അവള് തീരെ മൈന്‍ഡ് ചെയ്യുന്നില്ല എന്നു മാത്രമല്ല,അവന്‍റെ നോട്ടം കണ്ട് അവള് ഒന്നു രണ്ട് തവണ അവനെ രൂക്ഷമായി നോക്കുകയും ചെയ്തിരിക്കുന്നു.

ഇനി ഇതെന്‍റെ പുതിയ പ്രണയത്തിന്‍റെ തുടക്കമാവുമൊ?

'ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ' എന്നു പറയുന്നത് പോലെ ആദ്യ കാഴ്ച്ചയില് തന്നെ അവളെയെനിക്കു ഒരുപാടിഷ്ടമായി.

തത്ക്കാലത്തേക്കു ഞാനെന്‍റെ പഴയ പ്രണയിനികളെയെല്ലാം മറന്നു.

അളിയാ,, നിന്നെ ഞാന് സമ്മതിച്ചിരിക്കുന്നു.നീ വല്ലാത്ത പഹയന് തന്നെ. ഏതായാലും സ്റ്റേഷനിലിറങ്ങിയാല് അവളെയെനിക്കൊന്നു പരിചയപെടുത്തിത്തരണം. ഈ പ്രേമത്തിനു കണ്ണില്ല എന്നു പറയുന്നതു ശരിയാണ്. അല്ലെങ്കില് ഞാന് നില്‍ക്കുന്നത് കണ്ടിട്ടും അവള്‍ക്കു
നിന്നോടാണല്ലൊ ഇഷ്ടം തോന്നിയത്. സുഹ്രുത്താണ്,,,

പാവം.. അവന്‍റെ വിഷമം പറഞ്ഞു തീര്‍ക്കുകയാണ്.ആദ്യമായിട്ടാണ്. അവന്‍ക്ക് ഇങ്ങനത്തെ ഒരനുഭവം.

എന്‍റെ തലയല്‍പ്പം പൊങ്ങി...ഞാനേതോ സ്വപ്നലോകെത്തെത്തിയിരുന്നു,,,ഞാന് പിന്നെ പുറത്തെ കാഴ്ചകള് കണ്ടില്ല,മറ്റു യാത്രക്കാരെ കണ്ടില്ല, എന്തിനു പറയുന്നു എന്‍റെ പ്രിയ സുഹ്രുത്തിനെപോലും ഞാന് മറന്നിരുന്നു.

ഞാനവളെ നോക്കുമ്പോഴെല്ലാം അവളെന്നെനോക്കി ചിരിക്കുന്നുണ്ടായിരുന്നു.ഇടക്കൊരു പ്രാവശ്യം എവിടുന്നാണ് വരുന്നതെന്നു ആംഗ്യത്തില് ചോദിക്കുകയും ചെയ്തു.ഞാന് ആംഗ്യതില് തന്നെ മറുപടിയും കൊടുത്തു.

അപ്പോഴെല്ലാം എന്‍റെ മനസ്സില് സന്തോഷം കൊണ്ട് ലഡുകള് പൊട്ടിക്കൊണ്ടിരിക്കുകയായിരുന്നു.

ട്രൈനിലെ തിരക്കു കാരണം എനിക്കവളുടെയടുത്തേക്കു പോകാന് കഴിയുമായിരുന്നില്ല,,,

ഏതായാലും അവളിറങ്ങുന്ന സ്റ്റോപ്പില് തന്നെ ഞാനും ഇറങ്ങാമെന്നു വിചാരിച്ചു,,, സുഹ്രുത്തിനോട് പറഞ്ഞപ്പോള് അവന്‍ക്കു നൂറുവട്ടം സമ്മതം

എനിക്കിറങ്ങാനുള്ള സ്റ്റേഷനെത്താറായതും അവള് സീറ്റില്‍നിന്നെണീറ്റു,,, ഭാഗ്യം എനിക്കിറങ്ങാനുള്ള സ്റ്റോപ്പില് തന്നെയാണു അവളും ഇറങ്ങുന്നതെന്നു തോന്നുന്നു.

സ്റ്റേഷനില് ഞാനും സുഹ്രുത്തുമിറങ്ങിയതിനു പിന്നാലെ അവളുമിറങ്ങി.അവളെന്നെ നോക്കിചിരിച്ചു കോണ്ട് അടുത്തേക്കു വരാന് തുടങ്ങി.

സന്തോഷം കൊണ്ട് എന്‍റെ മനസ്സില് ഒരുപാട് ലഡുകള് ഒരുമിച്ചു പൊട്ടി,,,

നീയല്‍പ്പം മാറിനിന്നൊ,,, ഇനി നിന്നെ കണ്ടിട്ടു എന്നോടുള്ള അവളുടെയിഷ്ടം കുറയണ്ട,,, .കുറച്ചുകഴിഞ്ഞു ഞാനവള്ക്കു നിന്നെ പരിചയപെടുത്തികൊടുക്കാം. ഞാന് സുഹ്രുത്തിനോടു പറഞ്ഞു.

മനസ്സില്ലാ മനസ്സോടെ അവന് മാറിനിന്നു. ഞാനല്‍പ്പം മുമ്പോട്ട് കയറിനിന്നു.

ഞാന് പോക്കറ്റില് തപ്പി നോക്കി,,, ഭാഗ്യം വിസിറ്റിംഗ് കാര്‍ഡ് പോക്കറ്റിലുണ്ട്. ഇനി ഫോണ്‍നമ്പറിനൊ മറ്റൊ ആണെങ്കില് എഴുതി കൊടുക്കേണ്ടല്ലൊ.

ഇനി ഫോണ്‍നമ്പര് ചോദിച്ചില്ലെങ്കിലും പോകുമ്പോള് വിസിറ്റിംഗ് കാര്‍ഡ് കൊടുക്കണം എന്‍റെ നമ്പറതിലുണ്ടല്ലൊ....

അപ്പോഴേക്കും അവളെന്‍റെയടുത്തെത്തികഴിഞ്ഞിരുന്നു.

ചിരിച്ചുകൊണ്ട് എവിടുന്നാണു വരുന്നതെന്നു ചൊദിച്ചു

ഞാന് സ്ഥലം പറഞ്ഞു.

ലില്ലിയിപ്പോള് എന്ത് ചെയ്യുന്നു...?

ദൈവമെ,,, ലില്ലിയൊ... അതാരാ,,,,? ഞാന് മനസ്സില് ചോദിച്ചു,,

എനിക്കൊന്നും മനസ്സിലായില്ല......

ഞാന് നിന്നു പരുങ്ങുന്നതിനിടയില് അവളുടെയടുത്ത ചോദ്യം വന്നു.

രതീഷേട്ടനല്ലെ,,,.? ലില്ലിയുടെ ചേട്ടന്?

എനിക്കു കാര്യത്തിന്‍റെ കിടപ്പ് ഏകദേശം മനസ്സിലായി.

അല്ല.... ഞാനെന്‍റെ പേരു പറഞ്ഞു

അവളുടെ മുഖം വിവര്‍ണമായി..........

സോറിട്ടൊ.... എനിക്കാളുമാറിപോയതാ...

ഞാന് വിചാരിച്ചു ലില്ലിയുടെ ചേട്ടനാണെന്ന്.....

ലില്ലിയും ഞാനും ഒരുമിച്ചു പടിച്ചതായിരുന്നു.

സോറി....

ഞാനൊന്നു ചിരിച്ചെന്നു വരുത്തിക്കൊണ്ട്... കുഴപ്പമില്ലയെന്നുപറഞ്ഞു.

ഞാന് വീണ്ടുമെന്തൊ പറയാന് തുടങ്ങുമ്പോഴേക്കും അവള് തിരിഞ്ഞു നടന്നു കഴിഞ്ഞിരുന്നു.

മനസ്സില് പൊട്ടിയ ലഡുകളെല്ലാം വെറുതെയായല്ലൊ എന്നോര്‍ത്ത് ഞാന് അന്തം വിട്ടു നിന്നു.

ഇവളൊരുത്തി കാരണം ഞങ്ങളുടെയൊരു ട്രൈന്‍യാത്ര വെറുതെയായി.ഇവളുടെ മുമ്പില് ഡീസന്‍റായി നിന്നതു കാരണം വേറൊരുത്തിമാരെയും ശരിക്കു നോക്കാനും പറ്റിയില്ല.ഞാന് വിഷണ്ണനായ് നില്‍ക്കുന്നതിനിടയിലാണ് പിറകിലൊരു ചിരികേട്ടത്,,,,
ഞാന് തിരിഞ്ഞു നോക്കി,,,,

ഫ്രണ്ട്സ് എന്ന സിനിമയില് ശ്രീനിവാസന് ചിരിക്കുന്നത് പോലെ എന്‍റെ പ്രിയസുഹ്രുത്തു പൊട്ടി പൊട്ടി ചിരിക്കുന്നു.ദേഷ്യത്തില് അവനെയൊന്നു നോക്കിയിട്ട് ഞാനും ആ ചിരിയില് പങ്കുചേര്‍ന്നു,,,,,

എന്നാലും എന്‍റേ പ്രണയത്തിനു ഇത്രപെട്ടെന്നൊരു അന്ത്യമുണ്ടാകുമെന്നു ഞാന് സ്വപ്നത്തില് പോലും വിചാരിച്ചിരുന്നില്ല..

അവള്‍

                 
ഒരു മഴക്കാല ദിവസത്തിലാണ്ഞാനവളെ ആദ്യമായികണ്ടതു.അപ്രതീക്ഷിതമായി വന്ന മഴ മൂലം എന്റെ വീടിന്റെ ഉമ്മറത്ത് കയറി നിന്നതായിരുന്നവള്. അവളുടെ ആ വെള്ളാരം കണ്ണുകളും നിഷ്കളങ്കത തോന്നിക്കുന്ന മുഖവും നോക്കി നിന്നപ്പോള് എന്തൊ ഒരു ആകര്ഷണം അവളില് ഞാന് കണ്ടു. ഞാന് അവളെതന്നെ നോക്കി നിന്നു. ഞാന് നോക്കുന്നതു കണ്ടിട്ടാകണം അവളെന്നെയൊന്നു നോക്കി തലതാഴ്ത്തി നിന്നു.മഴ തീര്ന്നതും എന്നെയൊരിക്കല് കൂടിയൊന്നു നോക്കിയിട്ടവള് മെല്ലെ പടിയിറങ്ങിപോയി. എന്തൊ ഒരു ശൂന്യത എനിക്കനുഭവപെട്ടു. പിന്നീടു പലപ്പൊഴും വഴിയില് വച്ചു ഞങ്ങള് തമ്മില് കാണാറുണ്ടായിരുന്നു,ഇടക്കവള് എന്റെ വീട്ടിലും വരും.

എന്തൊ ഒരു ബന്ധം ഞങ്ങള് തമ്മില് വളര്ന്നു കഴിഞ്ഞിരുന്നു.അവളെ മുട്ടിയുരുമ്മിയിരിക്കാന് തന്നെ ഒരു പ്രത്യേക സുഖമായിരുന്നു. എന്താണെന്നറിയില്ല എന്റുമ്മച്ചിക്കു അവള് വീട്ടില് വരുന്നതിഷ്ടമില്ലായിരുന്നു. അവളെ വീട്ടില് കാണുന്ന നേരത്തെല്ലാം ഉമ്മച്ചി അവളോടു ദേഷ്യപെടും.അവളപ്പോള് നിറകണ്ണുകളോടെ എന്നെ നോക്കി ഒന്നും മിണ്ടാതെ പടിയിറങ്ങിപോകും. അതിനെ ചൊല്ലി ഞാനും ഉമ്മച്ചിയുമായി ഇടക്ക് വഴക്കുണ്ടാകാറുണ്ട്.അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം മുതല് അവളെ കാണതായി.ഞാനാകെ വിഷമിച്ചു.പലയിടത്തും അന്വേഷിച്ചെങ്കിലും ഒരു വിവരവും കിട്ടിയില്ല. വിഷമം ഉള്ളിലൊതുക്കി ഞാന് കഴിയുന്ന സമയത്താണു അവിചാരിതമായൊരു ദിവസം അവളെന്റെ വീടിന്റെ പടികയറിവന്നത്. കൂടെ രണ്ടു കുട്ടികളുമുണ്ടായിരുന്നു. വളരെ സന്തോഷത്തോടെ അല്പ്പം പരിഭവത്തോടെ ഞാന് അവളുടെയടുത്തേക്കൊടിചെന്നു ചോദിച്ചു.

ഇത്രനാളും നീ എവിടെയായിരുന്നു..? നിന്നെ കാണാതെ ഞാനെത്ര വിഷമിച്ചു,,,

നിനക്കെന്താണു പറ്റിയത്?.

അവള് ചെറിയ നാണത്തോടെ തന്റെ കുട്ടികളെ ഒന്നു നോക്കി,,, എന്നിട്ടെന്നെ നോക്കി "മ്യാവു" എന്നു പറഞ്ഞു തിരിഞ്ഞു നടന്നു. കൂടെ കുട്ടികളും നടന്നു. എന്റെ മനസ്സിനു വല്ലത്തൊരു സന്തോഷംതോന്നി. ഞാനൊരു മൂളിപാട്ടും പാടി വീട്ടിലേക്കു നടന്നു.

കരളിലെ കനവ്,,,


എടാ,,,,,,,,,,,, നിനക്കിന്നു കോളേജില്ലെ,,,

ഉമ്മയുടെ നീട്ടിയ വിളികേട്ടാണുണര്ന്നത്.തലയുയര്ത്തി വാച്ചില് നോക്കി,,

അള്ളൊ,,,,,,,,,, സമയം ഏഴര കഴിഞ്ഞിരിക്കുന്നു. പെട്ടെന്നെണീറ്റ് കുളിച്ചു റഡിയായിവന്നപ്പോഴേക്കും ഉമ്മച്ചി പ്രാതല് റഡിയാക്കിയിരുന്നു. സമയം എട്ടര കഴിഞ്ഞു.

ഇനി എപ്പോഴാണാവൊ കോളേജിലെത്തുക,, പ്രാതല് കഴിച്ചെന്നു വരുത്തി പെട്ടെന്ന് ബാഗുമെടുത്ത് പുറത്തേക്കിറങ്ങി.

എടാ,, ചോറുകൊണ്ട് പോകുന്നില്ലെ,,,,, ഉമ്മച്ചിയാണു. തിരക്കിലതും മറന്നു. ഇന്നൊരു സുഖമില്ലാത്ത ദിവസം തന്നെ. ഉമ്മച്ചിയുടെ കയ്യില് നിന്നും ചോറുപാത്രം വാങ്ങി.


ഇത്ര വലിപ്പായിട്ടും ചെക്കന് ഒരുത്തരവാദിത്വമില്ലല്ലൊ,,,, പടച്ചോനെ ഇവനെന്നാണാവൊ നന്നാവുക….. ഉമ്മച്ചിയുടെ സ്ഥിരം പല്ലവി.

ഉമ്മച്ചിയുടെ വാക്കിനു കാതോര്ക്കാതെ പെട്ടെന്നു റോഡിലേക്കിറങ്ങി.

ലക്ഷ്മി പോയോ ആവോ.. കുറച്ചുനേരം കാത്തുനിന്നു കണ്ടില്ല. എന്നും വൈകിയാണവള് വരിക. ഇന്നെന്തു പറ്റി.? ലക്ഷ്മിയും സമയത്തിനു പോകാന് തുടങ്ങിയൊ?

തെറ്റിദ്ധരിക്കണ്ട ലക്ഷ്മി ഞങ്ങളുടെ നാട്ടിലൂടെയോടുന്ന ബസ്സാണ്. ഇന്നേവരെ അവള് കറക്റ്റ് സമയത്തിനു പോയിട്ടില്ല ഇന്നതും നടന്നു.

ഇനി മെയിന് റോഡിലെത്താന് ഒന്നരകിലോമീറ്റര് നടക്കണം. ഏതായാലും നടക്കുക തന്നെ. ബാഗും തോളിലിട്ട് നീട്ടിവലിച്ചു നടന്നു.

മോനെ ഇജ്ജ് കോളേജില് പോകാണല്ലെ,,, ബീരാനിക്കയാണ്.

പിന്നെ പുസ്തകവും തൂക്കി കടേല്ക്കാണൊ പോകുക,, മനസ്സില് തോന്നിയത് പറഞ്ഞില്ല. ചിരിച്ചുകൊണ്ട് അതെയെന്നു പറഞ്ഞു വീണ്ടും നടന്നു. ബസ്റ്റോപ്പിലെത്തി.

സ്റ്റാന്റില് ബസ്സിറങ്ങിയപ്പോള് സമയം ഒന്പത് കഴിഞ്ഞു. ഇനി ഒരു ബസ്സു കൂടി കയറണം കോളേജിലെത്താന്,, ഫസ്റ്റ് പിരീഡ് പോയതു തന്നെ. ഏതായാലും ഫസ്റ്റ് പിരീഡ് കഴിഞ്ഞു ക്ളാസ്സില് കയറം...

ഒരു കടയുടെ അരികില് ഞാന് ബസ്സുകാത്തു നിന്നു. അപ്പോഴാണു സ്റ്റാന്റിന്റെ ഒരു ഭാഗത്തൊരാള്ക്കൂട്ടം കണ്ടത്.

എന്താണാവൊ,, വല്ല സര്ക്കസ്സുമാണൊ,, ഏതായാലും ഫസ്റ്റ് പിരീഡ് കയറണ്ട എന്ന് തീരുമാനിച്ച സ്ഥിതിക്ക് സമയമുണ്ട്. പോയി നോക്കുക തന്നെ.

എന്താ ചേട്ടാ അവിടൊരാള്കൂട്ടം…… അവിടുന്നു വരുന്ന ഒരാളോട് ഞാന് ചോദിച്ചു.

അതോ, അത് ഒരാളവിടെ മരിച്ചു കിടക്കുന്നു,,, ഏതോ യാചകകൂട്ടത്തില് പേട്ടതാണെന്നു തോന്നുന്നു…. അയാള് പറഞ്ഞു

മെല്ലെ ആള്കൂട്ടത്തിലേക്കു കയറി ഒന്നെത്തിനോക്കി. മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു സ്ത്രീയുടെ ശവം.

ആ മുഖത്തേക്കു ഞാന് സൂക്ഷിച്ചു നോക്കി. കണ്ണില് ഇരുട്ടു കയറുന്നതു പോലെ എനിക്കുതോന്നി.

മനസ്സ് അഞ്ജാറുമാസം പിറകിലേക്കു പോയി………….

………………………………………………….

അന്നും പതിവുപോലെ സ്റ്റാന്റില് ബസ്സുകാത്ത് ഒരു കടയുടെ അരികില് ഞാന് നില്ക്കുകയായിരുന്നു.

മോനെ ഒരഞ്ജുറുപ്പിക തരുമൊ?

മുഷിഞ്ഞ വസ്ത്രം ധരിച്ച കുലീനത്വമുഖമുള്ള ഒരു സ്ത്രീ എന്റെ മുമ്പില് കൈനീട്ടി നില്ക്കുന്നു.

അഞ്ജുറുപ്പികയൊ?. അഞ്ജുറുപ്പിക ചോദിക്കുന്ന ഭിക്ഷക്കാരിയെ ഞാന് ആദ്യമായ് കാണുകയായിരുന്നു. ഞാന് കുറച്ചു നേരം അവരെതന്നെ നോക്കി നിന്നു.

ഒരഞ്ജുറുപ്പിക തരുമോ?,,, വീണ്ടുമവര് ചോദിച്ചു.

ഒരു ചായ കുടിക്കാനാണു,, ശരിക്കു ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസമായി…. എന്തൊ ഒരാകര്ഷണം അവരുടെ കണ്ണുകളില് ഞാന് കണ്ടു.

ഞാന് പോക്കറ്റില് പരതിനോക്കി,, അഞ്ജുരൂപ അവര്ക്കു കൊടുത്തു.

ഈ ഉപകാരം ഞാന് ഒരിക്കലും മറക്കില്ല മോനെ,,, കൈ കൂപ്പികൊണ്ടവര് പറഞ്ഞു. ഞാന് വെറുതെ ചിരിച്ചെന്നു വരുത്തി,,
അപ്പോഴേക്കും എന്റെ ബസ്സു വന്നു,,,,,, ഞാന് പോയി.

പിന്നീടിടക്കല്ലാം ഞാന് അവരെ കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. വടക്കുള്ള ഏതോ നല്ല കുടുംബത്തില് പിറന്നതാണവര്. നാലു മക്കളാണുള്ളത്,ഭര്ത്താവ് മരിച്ചു.മക്കളെയെല്ലാം നല്ലനിലയിലെത്തിച്ചു.രണ്ടു പേര് വിദേശത്താണു താമസം. ഭര്ത്താവ് മരിച്ചതിനു ശേഷം അവരൊറ്റക്കായിരുന്നു,ഭാഗം വെപ്പിനു ശേഷം മക്കളവരെ ഒരു വ്യദ്ധസദനത്തില് കൊണ്ടാക്കി.പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. മാസാമാസം കാഷയച്ചു കൊടുക്കും.അവിടുത്തെ ജീവിതം മടുത്തപ്പോള് അവിടം വിട്ടിറങ്ങിയതാണത്രെ.എങ്ങനേയോ ട്രൈനില് ഇവിടെയെത്തി.റയില്വെ സ്റ്റേഷനിലാണു കിടപ്പ്. അരെങ്കിലും എന്തെങ്കിലും കൊടുത്താല് വാങ്ങും... ആരോടും പരിഭവമില്ലാതെ കഴിയുന്നു,

ഏതായാലും ഞങ്ങള് തമ്മില് നല്ലൊരു കൂട്ടായികഴിഞ്ഞിരിന്നു…………എന്റെ പടിപ്പിന്റെ കാര്യങ്ങളെല്ലാം അവര് അന്വേഷിക്കാറുണ്ടായിരുന്നു.....

നന്നായ് പടിക്കണം ഇടക്കിടക്കവര് പറയും... ഞാന് ഇടക്കവര്ക്കെന്തെങ്കിലും കൊടുക്കാറുണ്ടായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായിട്ട് അവരെ കാണാന് കഴിഞ്ഞിരുന്നില്ല………. ഇപ്പോള് കണ്ടപ്പോള്.................

മനസ്സിലെന്തോ വിങ്ങിപൊട്ടുന്നു,,,

ഞാന് മെല്ലെ തിരിഞ്ഞു നടന്നു……….. എന്റെ ബസ്സു വന്നിരിക്കുന്നു,,,

ബസ്സിലിരിക്കുമ്പോഴും എന്റെ മനസ്സ് എവിടെയൊക്കെയൊ ആയിരുന്നു,,, ബസ്സിറങ്ങി കോളേജിലേക്കു നടന്നു,,,,,, ഫസ്റ്റ് പിരീഡ് കഴിഞ്ഞിരിക്കുന്നു,,,
ക്ളാസില് കയറി ശോകമൂകനായി ഇരുന്നു,,,,,,,

എന്താടാ പ്രശ്നം? എന്ത് പറ്റി? ആരൊക്കെയൊ ചോദിക്കുന്നു,,,,,,

ഒരു തലവേദനയെന്നും പറഞ്ഞ് ബഞ്ജില് തലവച്ചുകിടന്നു,,, ലഞ്ജു ബ്രേക്കിനു ഇനി രണ്ടു പിരീഡ് കഴിയണം...

ടീച്ചര് ക്ലാസ്സിലേക്കു വന്നു,,,

ടീച്ചെറെന്തൊക്കെയൊ പറയുന്നു,,,, ഒന്നും ശ്രദ്ധിക്കാന് കഴിയുന്നില്ല,,,

ബേല്ലടിച്ചു,,, ഒരു പിരീഡുകൂടി കഴിഞ്ഞു,,,,, പത്തു മിനിട്ടു ഫ്രീ ആണ്,,, മെല്ലെ പുറത്തേക്കിറങ്ങി,,,,

എന്താടാ നിന്റെ മുഖത്തൊരു വാട്ടം,,,,,,,, നിന്റെ പെണ്ണു പിണങ്ങിപോയൊ?...............

നസിയാണു എന്റെ പ്രിയസുഹ്രുത്തുക്കളിലൊരാള്,,,

ഒന്നുമില്ലെടാ ഒരു തലവേദന,,,,,,, നിന്റെ കയ്യില് നമ്മുടെ റുമിന്റെ താക്കോലുണ്ടോ? എനിക്കൊന്നു കിടക്കണം

കോളേജിനടുത്ത് ഞങ്ങള്ക്കൊരു റൂമുണ്ട്,, കമ്പൈന്റു സ്റ്റഡിക്കു വേണ്ടിയെടുത്തതാണ്,,, സ്റ്റഡിമാത്രമവിടെ നടക്കാറില്ല,,,,,

അവന് റൂമിന്റെ താക്കോല് തന്നു,,,,

ഞാന് റൂമിലുണ്ടാകും,, അവനോടു പറഞ്ഞിട്ട് മെല്ലെ ഇറങ്ങി നടന്നു,,,

ചെറിയൊരു ചാറ്റല് മഴയുണ്ട്,,,,, മഴയത്തുകൂടി നടക്കാന് ഒരു പ്രത്യേകസുഖം,,, പക്ഷെ,, അതാസ്വദിക്കാന് പറ്റുന്ന മൂഡല്ലായിരുന്നു,,,,,,,
റൂമിലെത്തി മെല്ലെ കട്ടിലിലേക്കു ചാഞ്ഞു,,,,,,,

പുറത്തു മഴ അപ്പോഴേക്കും ശക്തിയായ് പെയ്യാന് തുടങ്ങിയിരുന്നു,,,,,,,,,

എന്തോ,,,,, മനസ്സിനൊരു,,,,,,,,,,,,,,

2014 ജൂലൈ 18, വെള്ളിയാഴ്‌ച

ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍,,,



ഒന്നില് പിഴച്ചാല് മൂന്നില്കിട്ടുമെന്ന് പഴമക്കാര് പറഞ്ഞിരുന്ന പഴഞ്ചൊല്ലോര്ത്താണു രണ്ടു പ്രാവശ്യം ഞാന് കൊടുത്ത പ്രണയലേഖനം വലിച്ചെറിഞ്ഞ എന്റെ പ്രണയിനിക്കു മൂന്നാമതൊന്നു കൂടി കൊടുക്കാന് ഞാന് തീരുമാനിച്ചത്. ഞാന് ആദ്യം കൊടുത്ത പ്രണയലേഖനം വായിച്ചു നോക്കാതെയാണവള് വലിച്ചെറിഞ്ഞതെങ്കില് ഞാന് രണ്ടാമത് കൊടുത്തത് വായിച്ചു നോക്കിയിട്ടാണവള് എന്റെ മുഖത്തേക്കെറിഞ്ഞത്.ഏതായാലും പഴഞ്ചൊല്ലു മനസ്സിലോര്ത്ത് മൂന്നാമതൊന്നു കൂടി കൊടുക്കാന് തന്നെ ഞാന് തീരുമാനിച്ചു അവള് വരുന്നവഴിയില് കാത്തു നിന്നു.ദൂരെ അവളെ കണ്ടപ്പോള് തന്നെ എന്റെ ഹ്യദയമിടിപ്പിന്റെ വേഗതകൂടിയിരുന്നു.മന്ദം മന്ദം അവള് വരുന്നതു നോക്കി നിര്ന്നിമേഷനായ് ഞാന് നിന്നു.അവള് അടുത്തെത്തിയതും കയ്യിലുള്ള കുറിപ്പു ഞാനവള്ക്കു നീട്ടി എന്നിട്ടു പറഞ്ഞു..

പ്രിയസഖീ,,, ഇതെന്റെ ഹ്യദയത്തില് ചാലിച്ചെഴുതിയതാണ്,,, ദയവുചെയ്തു വലിച്ചെറിയരുത്,, ഇതിനൊരു മറുപടി നാളെ തരണം,,,,

അവളൊന്നും മിണ്ടാതെ എന്നെ നോക്കിനിന്നു.വികാര പരവേശനായ് നിന്നതുകൊണ്ടാണെന്നറിയില്ല അവളുടെ അപ്പോഴത്തെ ഭാവം എനിക്കു മനസ്സിലായില്ല,,,,,,, ഏതായാലും കത്തു വാങ്ങി ബാഗിലിട്ട് അവള് നടന്നു നീങ്ങി.

മറുപടി നാളെതന്നെ തരണെ,,, ഞാന് അമ്പലത്തിനടുത്ത് കാത്തു നില്ക്കും,,, പിറകില് നിന്നു ഞാന് വിളിച്ചു പറഞ്ഞു,,,,
അവളൊന്നു തിരിഞ്ഞു നോക്കിയിട്ട് വീണ്ടും നടന്നു,,,
ഞാന് സന്തോഷം കൊണ്ട് തുള്ളിച്ചാടി,,, ഒന്നില് പിഴച്ചാല് മൂന്നില്,,, എന്നു പറയുന്നതെത്ര ശരിയാണു,, പഴഞ്ചൊല്ലില് പതിരില്ല എന്നു പറയുന്നതെത്ര സത്യം.,,,നേരെ വീട്ടിലെത്തി,,, ദൈവമെ,, സന്തോഷം അടക്കാന് കഴിയുന്നില്ലല്ലൊ,,,

എന്താടാ നിന്റെ മുഖത്ത് ഭയങ്കര സന്തോഷം,,,,, അമ്മയാണു.

ഒന്നുമില്ലമ്മെ ഞാന് ആലോചിക്കുകയായിരുന്നു,, ഈ ഒന്നില് പിഴച്ചാല് മൂന്നില് കിട്ടുമെന്നു പറയുന്നതു വളരെ ശരിയാണല്ലെ,,,,,

ഒന്നില് പിഴച്ചാല് മൂന്നില് കിട്ടുകയൊ? ഈ ചെക്കനെന്താ ഭ്രാന്ത് പിടിച്ചൊ... നിന്നോട് കാര്യം ചോദിച്ച എന്നെ വേണം പറയാന്,,,,, അമ്മ ദേഷ്യപെട്ടു പോയി,,,,,

അല്ലെങ്കിലും അമ്മ അങ്ങനെതന്നെയാണു. എന്നോടു സംസാരിക്കുമ്പോള് അമ്മക്കു ഭ്രാന്തു വരുമത്രെ,,, മനുഷ്യരുടെ ഓരോ സ്ഥിതിയെ,,, ഏതായാലും നേരമൊന്നു പെട്ടെന്നു വെളുത്താല് മതിയായിരുന്നു
പുലര്ച്ചെ എഴുന്നേറ്റു കുളികഴിഞ്ഞു വന്നപ്പോള് അമ്മക്കത്ഭുതം,,

നീ ഇത്ര നേരത്തെ എണീറ്റൊ,,, ഇന്നെന്തെങ്കിലും സംഭവിക്കും,,, അല്ല,,, ഇന്നെന്താ നേരത്തെ,, ചായക്കു വെള്ളം ചൂടാകുന്നതെയുള്ളു,,

ഇന്നു സ്പെഷല് ക്ലാസ്സ് ഉണ്ട്,, ഞാന് പുറത്തു നിന്നു കഴിച്ചോളാം,, ഞാന് പറഞ്ഞു,,,
അമ്മയുടെ മുഖത്ത് അമ്പരപ്പ്,,

നേരാംവണ്ണം ക്ലാസ്സില് പോകാത്ത ഞാന് സ്പെഷല് ക്ലാസ്സിനു പോകുന്നു എന്നു കേട്ടിട്ടാകണം..
ഉള്ളില് ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി,,,

ബസ്സിറങ്ങി,, അവള് വരുന്ന വഴിയില് അമ്പലത്തിനരികില് കാത്തുനിന്നു.സമയത്തിനു തീരെ വേഗത പോരായെന്നു തോന്നി.ഞാന് പരിസരമൊന്നു ശ്രദ്ധിച്ചു.അപ്പുറത്തു കുറച്ചു മാറി രണ്ടു പേര് നില്ക്കുന്നതൊഴിച്ചാല് പരിസരത്തെങ്ങുമാരുമില്ല.
ദൂരെ നിന്നു അവള് വരുന്നതു ഞാന് കണ്ടു.എന്റെ ഹ്യദയം പെരുമ്പറകൊട്ടാന് തുടങ്ങി.അവളെന്റെയടുത്തെത്താറായതും ഞാനവളുടെയടുത്തേക്കു ചെന്നു,

കുട്ടീ,, എനിക്കുള്ള മറുപടി,,, ഞാനവളോട് ചോദിച്ചു,,

അവളൊന്നും മിണ്ടാതെ എന്റെ മുഖത്തേക്കു നോക്കി.അവളുടെ മുഖത്തു ചെറിയൊരു പരിഭ്രമം ഞാന് കണ്ടു.ആദ്യമായ് ഒരുത്തന്ക്കു പ്രണയലേഖനം കൊടുക്കുന്നതിന്റെയാകണം,, എനിക്കു ചിരി വന്നു,,,

പേടിക്കണ്ട കുട്ടീ ധൈര്യമായ് തന്നോളു,,,,ഞാനെന്റെ കൈ അവളുടെ നേരെ നീട്ടി,,

ഡാ,,,,,, പിറകിലൊരലര്ച്ചകേട്ട് ഞാന് ഞെട്ടിത്തിരിഞ്ഞു നോക്കി,,,
ദൂരെ മാറിനിന്നവര് എന്റെ നേരെവരുന്നു,,,

നീയാണല്ലെ എന്റെ മകള്ക്കു കത്തു കൊടുത്തവന്,,, ഞങ്ങള് കുറച്ചു നേരമായി നിന്നെ നോക്കിയിരിക്കുകയായിരുന്നു,,,

ദൈവമെ,, ഇവളുടെ അച്ചനാണല്ലെ,,, പെട്ടു പോയല്ലൊ,,, ഞാന് മനസ്സില് പറഞ്ഞു,,,

നിനക്കു മറുപടി വേണമല്ലെ,, മറുപടി ഞാന് തരാമെടാ,, എന്നു പറഞ്ഞുകൊണ്ടു കൂടെയുണ്ടായിരുന്ന തടിമാടന് എന്റെ പിരഡിക്കൊരു വീക്കു തന്നു,,,,

അച്ചാ ഇവന് ആദ്യം കത്തു കൊടുത്തപ്പോള് തന്നെ ഇവള് പറഞ്ഞിരുന്നെങ്കില് അന്നേ താക്കീതു ചെയ്താല് മതിയായിരുന്നു,,, തടിമാടന് അവളെ ദേഷ്യത്തോടെ നോക്കിയിട്ടാണതു പറഞ്ഞത്.

അതവളുടെ ചേട്ടനാണെന്നെനിക്കു മനസ്സിലായ്,,, ഞാനവളെ നോക്കി.............വഞ്ചകി,,, എല്ലാം വിശദമായി പറഞ്ഞു കൊടുത്തിരിക്കുന്നല്ലെ,,, അവള്ക്കൊരു കൂസലുമില്ല,,, എന്നോടുകളിച്ചാല് ഇങ്ങനിരിക്കുമെന്ന ഭാവം.
ഇവളുമാരോടൊന്നും ഒരു കാര്യം പറയാന് പറ്റില്ല,, എന്തെങ്കിലും പറഞ്ഞാല് അപ്പോള് തന്നെ വീട്ടുകാരെയും വിളിച്ചോണ്ടു വരും,, മനുഷ്യനെ മെനക്കെടുത്താന്,,

അവളുടെ ചേട്ടന്റെ പിരഡിക്കിട്ടുള്ള അടി മൂലമാണോ അതൊ രാവിലെ ചായ കുടിക്കാഞ്ഞിട്ടാണൊ എന്നറിയില്ല,, എന്റെ തലക്കുള്ളില് എന്തോ ഒരു മൂളല്,,, ഞാന് ഒന്നും മിണ്ടാതെ നടന്നു,,,ഏതായാലും ഒരു കാര്യമെനിക്കു മനസ്സിലായി,,,,

ഒന്നാമത്തെ പ്രാവശ്യം കിട്ടാതെ പോയത് ശ്രമിച്ചാല് മൂന്നാമത്തെ പ്രാവശ്യം എങ്ങനേയും കിട്ടൂം,, സംശയം വേണ്ട,,,

പഴഞ്ചൊല്ലില് പതിരില്ല എന്നതു സത്യം തന്നെ,,,